1653 -ൽ ഷാജഹാൻ ചക്രവർത്തി നിർമ്മിച്ച ഒരു രാജകീയ വിശ്രമ കേന്ദ്രമായിരുന്ന ഷാലിമാർ ബാഗിലെ ശീഷ് മഹൽ കഴിഞ്ഞ 370 വര്‍ഷമായി അവഗണനകൾ ഏറ്റ് നാശത്തിന്‍റെ വക്കിലായിരുന്നു.
വടക്കൻ ദില്ലിയിലെ ഷാലിമാർ ബാഗിൽ സ്ഥിതി ചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ ശീഷ് മഹൽ 370 വർഷങ്ങൾക്ക് ശേഷം വീണ്ടും തുറന്നു. മുഗൾ കാലഘട്ടത്തിലെ ഏറെ പ്രശസ്തമായ കൊട്ടാരമായ ശീഷ് മഹൽ, പുനർനിർമ്മാണ പ്രവർത്തികൾ നടത്തിയതിന് ശേഷമാണ് ജൂലൈ 2 -ന് പൊതുജനങ്ങൾക്കായി വീണ്ടും തുറന്ന് കൊടുത്തത്. ഷാജഹാന്‍റെ ഭരണകാലത്ത് നിർമ്മിച്ച ഈ സ്മാരകം, വളരെക്കാലമായി അവഗണിക്കപ്പെട്ട നേരിടുകയായിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും ദില്ലി വികസന അതോറിറ്റിയും ചേർന്ന് പുനർനിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയാത്. ഇതിന് പിന്നാലെയാണ് സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്. ഇനി ദില്ലിയിൽ എത്തുന്നവർക്ക് ശീഷ് മഹലും സന്ദർശിക്കാം.
കേന്ദ്ര സാംസ്കാരിക - ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്താണ് പുനർനിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയ ഈ ചരിത്ര സ്മാരകം വീണ്ടും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. മുഗൾ ഉദ്യാനങ്ങളും വാസ്തുവിദ്യയുമുള്ള ശീഷ് മഹൽ ഇപ്പോൾ ദില്ലി നഗരത്തിന്‍റെ സമ്പന്നമായ ചരിത്രത്തിന്‍റെയും വാസ്തുവിദ്യാ പൈതൃകത്തിന്‍റെയും പ്രതീകമായി നിലകൊള്ളുന്നു.
1653 -ൽ ഷാജഹാൻ ചക്രവർത്തി നിർമ്മിച്ച ഒരു രാജകീയ വിശ്രമ കേന്ദ്രമായിരുന്നു ഷാലിമാർ ബാഗിലെ ശീഷ് മഹൽ. മുഗൾ കാലഘട്ടത്തിലെ വാസ്തുവിദ്യകൊണ്ട് സമ്പന്നമാണ് ഈ നിർമ്മിതി. കെട്ടിടം ബലപ്പെടുത്തുന്നതിനുള്ള പുനർനിർമ്മാണ പ്രവർത്തികൾ നടത്തിയിട്ടുണ്ടെങ്കിലും വാസ്തുവിദ്യയും രൂപ ഭംഗിയും അതേ രീതിയിൽ നിലനിർത്തി കൊണ്ടാണ് ഇവ ചെയ്തിരിക്കുന്നത്. കൂടാതെ ചാർ ബാഗ് രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച പൂന്തോട്ടങ്ങളും ശീഷ് മഹലിന്‍റെ ഭംഗി വർദ്ധിപ്പിക്കുന്നു.
രാജകീയ വിശ്രമ കേന്ദ്രമായി രൂപകൽപ്പന ചെയ്ത ശീഷ് മഹൽ, മനോഹരമായ ഒരു ഉദ്യാന സമുച്ചയത്തിന്‍റെ ഭാഗമായിരുന്നു. ചരിത്രപരമായി ഐസാബാദ് ഉദ്യാനം എന്നറിയപ്പെടുന്ന ഷാലിമാർ ബാഗ്, ഐസുൻ-നിഷ ബീഗത്തിന്‍റെ സ്മരണയ്ക്കായി ചക്രവർത്തി നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. Shala (വീട്), Mara (ആനന്ദം) എന്നീ വാക്കുകളിൽ നിന്നാണ് "ഷാലിമർ" എന്ന പേര് ഉരുത്തിരിഞ്ഞത്, "ആനന്ദത്തിന്‍റെ വാസസ്ഥലം" എന്നാണ് ഇത് അർത്ഥമാക്കുന്നത്.
വാസ്തുവിദ്യാ സൗന്ദര്യത്തിനപ്പുറം, ഇന്ത്യൻ ചരിത്രത്തിൽ ഈ കൊട്ടാരത്തിന് ശ്രദ്ധേയമായ ഒരു സ്ഥാനമുണ്ട്. 1658-ൽ ഔറംഗസേബിന്‍റെ ആദ്യ കിരീടധാരണം നടന്ന സ്ഥലം കൂടിയാണിത്. പതിറ്റാണ്ടുകളായി, ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലുള്ള ശീഷ് മഹലും ചുറ്റുമുള്ള ഷാലിമാർ ബാഗ് സമുച്ചയവും ജീർണ്ണതയുടെയും അവഗണനയുടെയും പിടിയിലായിരുന്നു. 2024 ജനുവരിയിൽ ദില്ലി ലെഫ്റ്റനന്‍റ് ഗവർണർ വിനയ് കുമാർ സക്‌സേന ഇവിടം സന്ദർശിച്ചതിന് പിന്നാലെയാണ് പുനർനിർമ്മാണം ആരംഭിച്ചത്.


