സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായ ട്രെൻഡാണ് മകളുടെ തലയില്‍ മുട്ട അടിച്ച് പൊട്ടിക്കുന്ന പ്രാങ്ക്.  ഈ  പ്രാങ്ക് ചെയ്ത ഒരു അമ്മയ്ക്ക് നല്‍കേണ്ടിവന്നത് കനത്ത പിഴ. 


കുട്ടികളെ അച്ചടക്കമുള്ള പൌരന്മാരായി വളര്‍ത്തുകയെന്നത് ചെറിയ ജോലിയല്ല. ഏറെ ശ്രമകരവും ശ്രദ്ധയും ആവശ്യമായ ജോലി തന്നെയാണ്. എന്നാല്‍, ഇന്ത്യയിലെ പോലെയല്ല ഒന്നാം ലോക രാജ്യങ്ങളിലെ അവസ്ഥ. ഇന്ത്യയില്‍ മാതാപിതാക്കൾ ഇപ്പോഴും കുട്ടിളെ ചെറിയ തെറ്റുകൾ ചെയ്ത് കണ്ടാല്‍ തല്ലാറുണ്ട്. എന്നാല്‍ ഒന്നാം ലോക രാജ്യങ്ങളില്‍ കുട്ടികള്‍ക്കും ചില അവകാശാധികാരങ്ങളുണ്ട്. അച്ഛനമ്മമാരാണെന്ന് കരുതി കുട്ടികളെ അടിക്കാനൊന്നും നിങ്ങളെ നിയമം അനുവദിക്കില്ലെന്ന് തന്നെ. എന്നാല്‍ പറഞ്ഞ് വരുന്നത് അതിലും വിചിത്രമായ കാര്യമാണ്. 

മകളോടൊപ്പം ഒരു സമൂഹ മാധ്യമ ട്രെന്‍റായ ഒരു തമാശ ചെയ്തതിന് അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം 1.77 ലക്ഷം പിഴയും ചുമത്തിയെന്നതാണ് ആ വര്‍ത്ത. 2023-ൽ സ്വീഡനിലെ ഹെൽസിങ്‌ബോർഗിലാണ് ഈ സംഭവം നടന്നത്. 24 വയസ്സുള്ള ഒരു അമ്മ, സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായ മക്കളുടെ തലയില്‍ മുട്ട അടിച്ച് പൊട്ടിക്കുന്ന തമാശ പരിപാടി ചെയ്തു. ആളുകൾ ഈ ട്രെന്‍ഡിനെ ഒരു തമാശയായാണ് എടുത്തിരുന്നത്. നിരവധി അമ്മമാര്‍ തങ്ങളുടെ മക്കളുടെ തലയില്‍ മുട്ട അടിച്ച് പൊട്ടിക്കുന്ന വീഡിയോകൾ ചെയ്യുകയും അവ വൈറലാവുകയും ചെയ്തിരുന്നു. സമാനമായ രീതിയിലാണ് ഈ സംഭവവും നടന്നത്. 

എന്നാല്‍, അമ്മ കുട്ടിയുടെ തലയില്‍ അടിച്ച് മുട്ട പൊട്ടിച്ചപ്പോൾ മകൾക്ക് അസ്വസ്ഥത തോന്നി. സംഭവത്തില്‍ തനിക്ക് വേദനിച്ചെന്നും കുട്ടി അമ്മയോട് പരാതിപ്പെട്ടു. എന്നാല്‍ ഒരു മുട്ട കൊണ്ട് അടിച്ചാല്‍ എന്ത് മാത്രം വേദനിക്കാനാണെന്ന് കരുതി അമ്മ അത് ഒരു തമാശയായി കണ്ട് വിട്ടു. അവര്‍ പതിവ് പോലെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. എന്നാല്‍. സമൂഹ മാധ്യമങ്ങളിലെ വീഡിയോ കണ്ട പോലീസ് അവറെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. അമ്മ അനുചിതമായി കുട്ടിയോട് പെരുമാറി എന്നായിരുന്നു പോലീസ് കോടതിയില്‍ പറഞ്ഞത്. ഒടുവില്‍ മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവില്‍ കഴിഞ്ഞ മാസം കേസില്‍ കോടതി വിധി പറഞ്ഞു. ഇത്തവണ അമ്മ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 

അമ്മയ്ക്ക് 2,070 ഡോളർ (ഏകദേശം 1.77 ലക്ഷം രൂപ) പിഴ. ഇന്‍റര്‍നെറ്റില്‍ ട്രെന്‍ഡിങ്ങാവുന്ന കാര്യങ്ങൾ പലപ്പോഴും ഓഫ് ലൈനുകളില്‍ സ്വീകാര്യമല്ലെന്ന് തെളിയിക്കുന്നതായിരുന്നു വിധി. പ്രത്യേകിച്ചും കുട്ടികളെ കൂടി ഉൾപ്പെടുന്ന ട്രെന്‍ഡുകൾ. അച്ഛനുമമ്മയും കുട്ടികളുമെന്നത് ഒരു വീട്ടിനുള്ളില്‍ ഏറ്റവും ഇഴയടുപ്പം വേണ്ട ബന്ധങ്ങളാണ്. എന്നാല്‍ തമാശയ്ക്ക് പോലും പരസ്പരം കളിയാക്കലുകളോ പ്രാങ്കുകളോ ഒന്നും അവിടെ സ്വീകര്യമല്ല. നിരുത്തരവാദ പരമായ കാര്യങ്ങൾ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതോടെ അതിന്‍റെ മാനങ്ങൾ മാറുന്നു. മുട്ട പ്രാങ്കില്‍ കുട്ടിക്ക് മാനസികമായും വേദനിച്ചെന്നായിരുന്നു കോടതിയുടെ നിഗമനം. മാത്രമല്ല, കുട്ടിക്ക് സ്വീകാര്യമല്ലാതിരുന്ന വീഡിയോ അമ്മ പൊതുസമൂഹത്തിന് മുന്നില്‍ കാഴ്ചവച്ചെന്നും കോടതി നിരീക്ഷിച്ചു.