സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് അവളൊരു എഐ മോഡലാണ് എന്ന് അറിയാതെ ഐറ്റാനയ്ക്ക് മെസ്സേജുകള്‍ അയക്കുന്നത്. അതില്‍ പലരും അവളോട് ഒരുമിച്ച് പുറത്ത് പോകാം എന്ന് വരെ പറയാറുണ്ട്.

ലോകത്തെയാകെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് എഐ വിസ്മയങ്ങള്‍. അതുപോലെ ഒരു സ്പാനിഷ് ഇന്‍ഫ്ലുവന്‍സര്‍ ഏജന്‍സി ഒരു എഐ മോഡലിനെ നിര്‍മ്മിച്ചു. യൂറോ ന്യൂസിലെ ഒരു റിപ്പോർട്ട് പ്രകാരം, ഈ വെര്‍ച്വല്‍ മോഡല്‍ മാസം ഏകദേശം 3,000 യൂറോ (ഏകദേശം 3 ലക്ഷം രൂപ) വരുമാനം നേടുന്നുണ്ടത്രെ. 

ഏജൻസിയുടെ ഡിസൈനറായ റൂബൻ ക്രൂസാണ് 25 വയസ്സുള്ള സ്ത്രീയെ അടിസ്ഥാനമാക്കി AI മോഡലിനെ സൃഷ്ടിച്ചിരിക്കുന്നത്. ഐറ്റാന ലോപ്പസ് എന്നാണ് ഈ മോഡലിന് പേരിട്ടിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള സ്‌ട്രെയ്‌റ്റ് ഹെയറും മെലിഞ്ഞ ശരീരവുമൊക്കെയുള്ള ഐറ്റാനയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 124,000 -ലധികം ഫോളോവേഴ്‌സുണ്ട്. അതുപോലെ ഒരു പരസ്യത്തിന് 1,000 യൂറോയിൽ കൂടുതൽ വരുമാനവും ഈ എഐ മോഡല്‍ നേടുന്നു. ഒരു സ്പോർട്സ് സപ്ലിമെന്റ് കമ്പനിയുടെ മുഖമായി കൂടി മാറിയിട്ടുണ്ട് ഐറ്റാന.

അതുപോലെ തന്നെ സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് അവളൊരു എഐ മോഡലാണ് എന്ന് അറിയാതെ ഐറ്റാനയ്ക്ക് മെസ്സേജുകള്‍ അയക്കുന്നത്. അതില്‍ പലരും അവളോട് ഒരുമിച്ച് പുറത്ത് പോകാം എന്ന് വരെ പറയാറുണ്ട്. ഐറ്റാനയ്ക്ക് മെസ്സേജയച്ച ഒരു ലാറ്റിനമേരിക്കൻ നടനെ കുറിച്ചും റോബൻ ക്രൂസ് പറയുന്നുണ്ട്. 

“ഒരു ദിവസം, ഒരു പ്രശസ്ത ലാറ്റിനമേരിക്കൻ നടൻ ഒരുമിച്ച് പുറത്ത് പോകാം എന്ന് പറഞ്ഞുകൊണ്ട് ഐറ്റാനയ്ക്ക് മെസ്സേജയച്ചു. ഈ നടന് ഏകദേശം 5 മില്ല്യൺ ഫോളോവേഴ്‌സ് ഉണ്ട്. ഞങ്ങളുടെ ടീമില്‍ തന്നെ ഉള്ള ചിലര്‍ കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ ടിവി സീരീസ് കണ്ടിട്ടുണ്ട്. ഐറ്റാന എന്നൊരാള്‍ ഇല്ലെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു“ എന്നാണ് റോബന്‍ ക്രൂസ് പറയുന്നത്.

View post on Instagram

ഓരോ ആഴ്ചയും ഐറ്റാനയെ സൃഷ്ടിച്ച ടീമംഗങ്ങള്‍ ചേര്‍ന്ന് മീറ്റിംഗ് നടത്താറുണ്ട്. അതില്‍ അവളെ എങ്ങനെ കൂടുതല്‍ ഡെവലപ്പ് ചെയ്യാം. എങ്ങനെ അവളുടെ പേരിലുള്ള പേജുകള്‍ കൂടുതല്‍ ലൈവാക്കാം എന്നതെല്ലാം ചര്‍ച്ച ചെയ്യുന്നു. ഏതായാലും ഐറ്റാന വന്‍ ഹിറ്റായതോടെ മായിയ എന്ന് പേരിട്ടിരിക്കുന്ന പുതിയൊരു എഐ മോഡലിനെ കൂടി ടീം സൃഷ്ടിച്ചിട്ടുണ്ട്. 

വായിക്കാം: ഇപ്പൊ വിവാഹത്തിന് സമ്മതിക്കണം; മൊബൈൽ ടവറിൽ വലിഞ്ഞുകയറി യുവതി, കാണാൻ വൻ ആൾക്കൂട്ടവും ട്രാഫിക് ബ്ലോക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം