ജിപിഎസ് സംവിധാനമോ ഇന്റർനെറ്റോ ഇല്ലാതെ കൊടുംകാടുകളിൽ ഒറ്റപ്പെടുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന പുതിയ ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിച്ചു. അമേരിക്കയിലെ പർഡ്യൂ സർവകലാശാലയിലെ ഇന്ത്യൻ വംശജനായ പ്രൊഫസർ അനികേത് ബേരയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ ഡ്രോൺ അവതരിപ്പിച്ചത്.

തമിഴ്നാട്ടിലെ തേനി ജില്ലയിലെ തെക്കമ്പട്ടി സബ് ജയിലിൽ നിന്നും 17 തടവുകാരാണ് ഒക്ടോബർ 26 -ന് ജയിൽ ചാടിയത്. രണ്ട് ദിവസത്തിനുള്ളിൽ ഡ്രോണുകളുടെ സഹായത്തോടെ പോലീസ് മുഴുവൻ തടവുകാരെയും പിടികൂടി. എന്നാൽ, അതിന് മുമ്പ് കേരളത്തിലെ കാടുകളിൽ അകപ്പെട്ട് പോയ ചിലരെ കണ്ടെത്താൻ ദിവസങ്ങളോളും പരിശോധനകൾ നടത്തേണ്ടിവന്നിരുന്നു. അന്ന് ജിപിഎസ് സംവിധാനത്തിന്‍റെയും ഇന്‍റർ‍നെറ്റ് കണക്റ്റിവിറ്റിയുമായിരുന്നു തടസമായിരുന്നത്. എന്നാൽ ഇത്തരം സാങ്കേതിക സഹായമില്ലാതെയും ഡോൺ ഉപയോഗിച്ച് ഉൾക്കാടുകളിൽ ഒറ്റപ്പെടുന്ന ആളുകളെ പോലും കണ്ടെത്താൻ സഹായിക്കുന്നതരം പ്രത്യേക ഡോണുകളെ ഇന്ത്യൻ വംശജൻ കണ്ടെത്തിയിരിക്കുന്നു. അതെ ഇനി ഏത് കൊടുങ്കാട്ടിൽ ഒറ്റപ്പെട്ടാലും പേടിക്കേണ്ട, നിങ്ങളെ തേടി അനികേത് ബേരയുടെ ഡ്രോണുകൾ പറന്നുവരും.

സ്വയം നിയന്ത്രിക്കും

ജിപിഎസ് സംവിധാനമില്ല, മുൻകൂട്ടി തയ്യാറാക്കിയ ഭൂപടമില്ല, ഇന്‍റർനെറ്റ് കണക്ഷനും വേണ്ടെന്നതാണ് ഈ ഡ്രോണുകളുടെ ഏറ്റവും വലിയ സവിശേഷത. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംനിയന്ത്രിത ഡ്രോൺ സാങ്കേതികവിദ്യ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. അമേരിക്കയിലെ പർഡ്യൂ സർവകലാശാലയിലെ ഇന്ത്യൻ വംശജനായ കമ്പ്യൂട്ടർ സയൻസ് അസോസിയേറ്റ് പ്രൊഫസർ അനികേത് ബേരയാണ് ഈ സാങ്കേതികവിദ്യ നെറ്റിസെൺസിന് മുന്നിലെത്തിൽ അവതരിപ്പിച്ചത്. സർവകലാശാലയിലെ IDEAS ലാബ് ഡയറക്ടർ കൂടിയായ അദ്ദേഹം ഒക്ടോബർ 24 -ന് ലിങ്ക്ഡ്ഇനിൽ പങ്കുവച്ച 44 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് ഈ ഡ്രോണിന്‍റെ പ്രവർത്തനം വിവരിക്കുന്നത്.

തീരുമാനങ്ങും സ്വയമെടുക്കും

ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന ക്വാഡ്കോപ്റ്റർ ഒരാളെ തുടർച്ചയായി പിന്തുടരുന്നത് ദൃശ്യങ്ങളിൽ കാണാം. ക്യാമറയുടെ കാഴ്ചയിൽനിന്ന് ഒരാൾ മരത്തിന് പിന്നിൽ മറഞ്ഞാലും അയാൾ നീങ്ങാൻ സാധ്യതയുള്ള ദിശ കണക്കാക്കുന്ന 'ഒക്ലൂഷൻ പ്രഡിക്ഷൻ' സംവിധാനമാണ് ഈ ഡ്രോണിന്‍റെ മറ്റൊരു പ്രത്യേകത. വ്യക്തി വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയാൽ പിന്തുടരൽ തുടരാനും ഈ ഡ്രോണിന് കഴിയും. ചുറ്റുപാടുകൾ തിരിച്ചറിയാനും തടസ്സങ്ങൾ ഒഴിവാക്കാനും സെൻസറുകളും മാപ്പിങ്, മോഷൻ പ്ലാനിങ് സംവിധാനങ്ങളും ഡ്രോണിൽ ഉപയോഗിക്കുന്നു. വിവരങ്ങൾ ക്ലൗഡിലേക്ക് അയച്ച് നിർദേശം കാത്തുനിൽക്കാതെ ഡ്രോണിലെ കമ്പ്യൂട്ടറിൽ വച്ച് സ്വയം തീരുമാനങ്ങളെടുക്കുന്നതാണ് മറ്റൊരു പ്രത്യേകത. ചെറിയ താമസം പോലും അപകടമുണ്ടാക്കാവുന്ന സാഹചര്യങ്ങളിൽ ഇത് ഏറെ നിർണായകമാണ്.