അഹമ്മദാബാദ് വിമാന അപകടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രണ്ട് യുവ എഞ്ചിനീയർമാർ വിമാനങ്ങൾക്കായി AI- പവർഡ് സുരക്ഷാ സംവിധാനം വികസിപ്പിച്ചെടുത്തു. എയർബാഗുകൾ പോലുള്ള സംവിധാനം വിമാനങ്ങളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുമെന്നാണ് പ്രതീക്ഷ.
വിമാന യാത്രക്കാരും പ്രദേശവാസികളും അടക്കം 260 പേരുടെ മരണത്തിന് കാരണമായിരുന്നു അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം. ഈ അപകടത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്‍റെ ദുബായ് കാമ്പസിൽ നിന്നുള്ള രണ്ട് യുവ എഞ്ചിനീയർമാർ പുതിയ ഒരാശം മുന്നോട്ട് വച്ചിരിക്കുകയാണ്, എയർബാഗുകളുള്ള വിമാനം. വിമാനങ്ങളെ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനായി ഒരു AI- പവർഡ് സുരക്ഷാ സംവിധാനമാണ് ഇരുവരും ചേർന്ന് വികസിപ്പിച്ചത്. പുതിയ ആശയം സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. ചിലര്‍ ആശയത്തെ അഭിനന്ദിച്ചപ്പോൾ മറ്റ് ചിലര്‍ അത് വിചിത്രമാണെന്ന് അവകാശപ്പെട്ടു.
ക്രാഷ് പ്രൂഫ്
വിമാനങ്ങൾക്കായുള്ള എഞ്ചിനീയർമാരുടെ വിചിത്രമായ 'ക്രാഷ് പ്രൂഫ്' ആശയം സമൂഹ മാധ്യമങ്ങളില്‍ വലിയൊരു ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. വിമാനത്തിനായി AI-യിൽ പ്രവർത്തിക്കുന്ന എയർബാഗ് പോലുള്ള ഷീൽഡിനുള്ള ഒരു ഡിസൈനാണ് യുവ എഞ്ചിനീയർമാർ മുന്നോട്ട് വച്ചത്. 'പുനർജന്മം' എന്നാണ് തങ്ങളുടെ പുതിയ പദ്ധതിയ്ക്ക് ഇവര്‍ നല്‍കിയിരിക്കുന്ന പേര്. കൂടാതെ അവർ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വർക്കിംഗ് മോഡലുകൾ ഉടൻ തന്നെ പരീക്ഷിക്കാനും അംഗീകരിക്കാനും കഴിയുമെന്നും ഇവർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
എഷെൽ വസീം, ധർഷൻ ശ്രീനിവാസൻ എന്നീ യുവ എഞ്ചിനീയർമാരാണ് ജെയിംസ് ഡൈസൺ അവാർഡിനായി തങ്ങളുടെ 'പ്രൊജക്റ്റ് റീബർത്ത്' സമർപ്പിച്ചത്. അഹമ്മദാബാദ് വിമാന അപകടത്തെ തുടർന്നുള്ള മാനസിക പ്രയാസത്തിൽ നിന്നാണ് ഇത്തരമൊരു ആശയം വികസിപ്പിച്ചെടുത്തതെന്നും ഇവര്‍ അവകാശപ്പെട്ടു. പുനർജന്മം പദ്ധതി ഒരു ലാബിൽ ജനിച്ചതല്ല, മറിച്ച് ഹൃദയഭേദകമായ ഒരു നിമിഷത്തിൽ നിന്നും ഉണ്ടായതാണ്. 2025 ജൂണിലെ അഹമ്മദാബാദ് അപകടത്തിനുശേഷം, തന്‍റെ അമ്മയ്ക്ക് വലിയ മനപ്രയാസം ഉണ്ടായെന്നും അതിൽ നിന്നാണ് ഒരു വിമാന സുരക്ഷാ കവചം എന്ന് ആശയം രൂപപ്പെട്ടതെന്നുംപുനർജന്മം പദ്ധതിയെ കുറിച്ച് വിവരിക്കവെ സൈറ്റില്‍ പറയുന്നു.
പ്രവര്‍ത്തനം
എഞ്ചിൻ തകരാറിലായാൽ വിമാനത്തിന്‍റെ സിസ്റ്റം അടിയന്തര പ്രോട്ടോക്കോൾ സജീവമാക്കും. പിന്നാലെ, 'ബാഹ്യ സ്മാർട്ട് എയർബാഗുകൾ' യാന്ത്രികമായി വീർക്കും. പൂർണ്ണമായും വീർപ്പിച്ച് കഴിഞ്ഞാൽ, എയർബാഗ് പോലുള്ള ഉൽപ്പന്നം ആഘാതം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ യാത്രക്കാരെ സുരക്ഷിതരാക്കാനും എന്നാണ് സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം. വിമാനത്തിലെ പ്രശ്നം എഐ തന്നെ കണ്ടെത്തുന്നു. പിന്നാലെ അത് എയര്‍ ബാഗുകൾ വികസിപ്പിക്കുന്നു. വിമാനത്തിന് ചുറ്റും ഒരു സംരക്ഷണ കൊക്കൂണ്‍ പോലെ എയര്‍ ബാഗുകൾ വികസിക്കുന്നുവെന്നു വിവരണം കൂട്ടിച്ചേര്‍ക്കുന്നു.
പ്രൊജക്റ്റ് റീബേർത്ത് എന്നത് ആദ്യത്തെ AI- പവർഡ് ക്രാഷ് സർവൈവൽ സിസ്റ്റമാണ്. ഇത് സ്മാർട്ട് എയർബാഗുകൾ, അപകത്തിന്‍റ ആഘാതത്തെ ആഗിരണം ചെയ്യുന്ന ദ്രാവകങ്ങൾ, വായുവിൽ റിവേഴ്സ് ത്രസ്റ്റ് എന്നിവ വിന്യസിക്കുന്നു. മാത്രമല്ല മാരകമായ അപകടങ്ങളെ അതിജീവിക്കാവുന്ന ലാൻഡിംഗുകളായും മാറ്റുന്നുവെന്നും സൈറ്റിൽ അവകാശപ്പെട്ടു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ, പുനർജന്മം പരീക്ഷിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും യഥാർത്ഥ വിമാനങ്ങളിൽ ഉപയോഗിക്കപ്പെടുകയും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും യുവ എഞ്ചിനീയര്‍മാര്‍ അറിയിച്ചു.
റീബര്‍ത്തിന്‍റെ പ്രവർത്തന മോഡലുകൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായും പദ്ധതിയുടെ പ്രധാന ഭാഗങ്ങളായ AI ക്രാഷ് ഡിറ്റക്ഷൻ, എയർബാഗുകൾ, സ്മാർട്ട് സീറ്റ് ലൈനറുകൾ, റിവേഴ്സ് ത്രസ്റ്റ്, റെസ്ക്യൂ സിഗ്നലുകൾ എന്നിവ ലാബുകളിൽ ഉപയോഗിക്കാൻ പദ്ധതിയിടുന്നതായും യുവ എഞ്ചിനീയർമാര്‍ പറഞ്ഞു. "അഞ്ച് വർഷത്തിനുള്ളിൽ, പുനർജന്മം പരീക്ഷിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും യഥാർത്ഥ വിമാനങ്ങളിൽ ഉപയോഗിക്കപ്പെടുകയും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു - അപകട അതിജീവനത്തെ ഒരു അത്ഭുതമല്ല, മറിച്ച് ഒരു മാനദണ്ഡമാക്കി മാറ്റണം," എഞ്ചിനീയർമാർ കൂട്ടിച്ചേര്‍ത്തു.


