സാമൂഹിക മാധ്യമ പേജുകളിലും വിഷു ഫെസ്റ്റിവല്‍ സെയില്‍സും മറ്റ് ഗ്രാന്‍റ് സെയിലുകളും സംബന്ധിച്ച പരസ്യങ്ങള്‍ ആമസോണ്‍ ഇന്ത്യ പ്രസിദ്ധപ്പെടുത്തി തുടങ്ങി. എന്നാല്‍, സാമൂഹിക മാധ്യമ പേജുകളില്‍ ആമസോണ്‍ ഇന്ത്യ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ 'വിരുദ്ധ ക്യാമ്പൈന്‍' നേരിടുകയാണ്.
2024 ലെ വിഷു ഫെസ്റ്റിവല്‍ സെയിലിലേക്കുള്ള തയ്യാറെടുപ്പിലാണ് ആമസോണ്‍ ഇന്ത്യ. സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട് ഫോണ്‍, സ്മാര്‍ട്ട് വാച്ച്... തുടങ്ങി എല്ലാ ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ക്കും വലിയ വിലക്കുറവും ഇഎംഐകളും പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങളേയുള്ളൂ. സാമൂഹിക മാധ്യമ പേജുകളിലും ഇത് സംബന്ധിച്ച പരസ്യങ്ങള്‍ ആമസോണ്‍ ഇന്ത്യ പ്രസിദ്ധപ്പെടുത്തി തുടങ്ങി. എന്നാല്‍, ഇതിനിടെ സാമൂഹിക മാധ്യമ പേജുകളില്‍ ആമസോണ്‍ ഇന്ത്യ അവരുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ 'വിരുദ്ധ ക്യാമ്പൈന്‍' നേരിടുകയാണ്. ആമസോണ്‍ ഇന്ത്യയുടെ സേവനങ്ങളെ കുറിച്ചുള്ള പരാതികളാണ് സാമൂഹിക മാധ്യമ പേജുകള്‍ നിറയെ.
ഫെബ്രുവരി നാലാം തിയതി ടോപ്പ് റേറ്റഡ് ടിവിക്ക് 60 ശതമാനം കിഴിവ് എന്ന ട്വിറ്റര്‍ പരസ്യത്തിന് താഴെത്തെ ആദ്യ കമന്‍റ് 'താങ്കള്‍ക്ക് നേരിട്ട അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു.' എന്ന ആമസോണ്‍ ഹെല്‍പ്പിന്‍റെ കുറിപ്പാണ്. ട്വിറ്ററിലാണെങ്കില്‍ പരാതികളുടെ പ്രളയമാണ്. ഓരോ പരാതിക്ക് താഴെയും ക്ഷമയോടെ ക്ഷമ ചോദിച്ച് കൊണ്ട് ആമസോണ്‍ ഹെല്‍പ്പും നിങ്ങളുടെ കൂടെയുണ്ടാക്കും. മിക്കവരും കുറിച്ചിരിക്കുന്നത് 'ആമസോണ്‍ ഫ്രോഡ് ഇന്ത്യ' (AMAZON FRAUD INDIA) എന്നാണ്. അത്തരം കുറിപ്പുകള്‍ക്ക് താഴെയും താങ്കളുടെ പരാതി അറിയിച്ചാല്‍ ഞങ്ങളുടെ ടീം അത് അന്വേഷിക്കു'മെന്നുള്ള ആമസോണ്‍ ഹെല്‍പ്പില്‍ നിന്നുള്ള അറിയിപ്പുകള്‍ കാണാം. ചിലര്‍ പരിധി വിട്ട് 'ആമസോണില്‍ നിന്നും സാധനങ്ങള്‍ വാങ്ങരുത് ഫ്ലിപ്കാര്‍ട്ടില്‍ നിന്നും വാങ്ങൂ' എന്നും എഴുതി.
'ഞാൻ ഉൽപ്പന്നം ഓർഡർ ചെയ്‌തിട്ട് 39 ദിവസം കഴിഞ്ഞു, 29 ദിവസമായി എന്‍റെ റീഫണ്ടിനും റീപ്ലേസ്‌മെന്‍റനുമായി പോരാടുകയാണ്. ആമസോൺ കസ്റ്റമർ കെയർ പേഴ്സൺസ് ഞാൻ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ നരകമാണ്. നിങ്ങൾ ഭൂമിയിലെ ഒരു ഉപഭോക്തൃ കേന്ദ്രീകൃത കമ്പനിയാകാൻ ആഗ്രഹിക്കുന്നു.' ഒരു ആമസോണ്‍ ഉപഭോക്താവ് കുറിച്ചു. 'രാത്രി ഷിഫ്റ്റിലെ നിങ്ങളുടെ കസ്റ്റമർ കെയർ ടീം നിങ്ങളുടെ ബ്രാൻഡ് മൂല്യം കളയുന്നു. അവർക്കെതിരെ നടപടിയെടുക്കുക. ഞാൻ ചാറ്റുകൾ സൂക്ഷിച്ചിട്ടുണ്ട്. എനിക്ക് അത് കൈമാറാം.' മറ്റൊരു ഉപഭോക്താവ് ആമസോണ്‍ ഇന്ത്യയുടെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ആമസോണ്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജുകളിലും സ്ഥിതി മറ്റൊന്നല്ല. 'മോശം സേവനം', 'തട്ടിപ്പ് കമ്പനി', 'കള്ളന്‍' തുടങ്ങിയ വിശേഷണങ്ങള്‍ക്ക് താഴെയും ആമസോണ്‍ ഹെല്‍പ്പില്‍ നിന്നും പരാതി പറയാന്‍ നിര്‍ബന്ധിക്കുന്നു. ഒരു ഉപഭോക്താവ് ചോദിച്ചത്, 'ആമസോണ്‍ തങ്ങളുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകളെ നുണ പറയാൻ നിങ്ങൾ പഠിപ്പിക്കുന്നുണ്ടോ? ഞാൻ ഉയർന്ന വിലയ്ക്ക് എസി വാങ്ങി, ഏതാനും മണിക്കൂറുകൾക്കുള്ളിൽ അതിന്‍റെ വില 650 രൂപ കുറച്ചു. ഞാൻ പരാതിപ്പെട്ടു. കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കഴിയുന്ന തരത്തിൽ എന്‍റെ ഓർഡർ റദ്ദാക്കാൻ ആഗ്രഹിച്ചു, പക്ഷേ, എനിക്ക് റീഫണ്ട് ലഭിക്കുമെന്ന് എന്നോട് പറഞ്ഞു. അതും ലഭിച്ചില്ല.' മറ്റ് ചില ഉപഭോക്താക്കള്‍ 'ആമസോണില്‍ നിന്നും എന്തെങ്കിലും ഓർഡർ ചെയ്യുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കാന്‍' ആവശ്യപ്പെട്ടു. ആമസോണ്‍ ഇന്ത്യ തങ്ങളുടെ എഫ്ബി, ട്വിറ്റര്‍ പേജികളില്‍ പങ്കുവയ്ക്കുന്ന ഒരോ പരസ്യത്തിന് താഴെയും ഇതാണ് അവസ്ഥ. ആമസോണ്‍ ഹെല്‍പ്പിന്‍റെ ക്ഷമാപണങ്ങൾ കൊണ്ട് കമന്‍റ് ബോക്സുകള്‍ നിറഞ്ഞു.
ഓലയിലും ഊബറിലും ബുക്ക് ചെയ്തപ്പോള്‍ ലഭിച്ചത് ഒരേ ഡ്രൈവറെ; കുറിപ്പ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
