മറ്റ് രാജ്യങ്ങളിൽ സാധാരണയായി ഓരോ വസ്തുക്കളും ഉപേക്ഷിക്കുമ്പോൾ ഇന്ത്യയിൽ അവ അങ്ങനെ അല്ല എന്നതിന്റെ സന്തോഷമാണ് അവൾ പങ്കുവയ്ക്കുന്നത്.
ഇന്ത്യക്കാരെ കുറിച്ച് പൊതുവേ പറയുന്നൊരു കാര്യമാണ് എന്തിനും ഏതിനും അവരുടേതായ രീതിയിൽ ഒരു പരിഹാരം നമ്മുടെ കയ്യിൽ കാണും എന്നത്. മറ്റ് രാജ്യങ്ങളിലൊക്കെ ചെരുപ്പും ബാഗും കുടയുമൊക്കെ പൊട്ടിക്കഴിഞ്ഞാൽ ഉപേക്ഷിക്കുമെങ്കിൽ നമ്മുടെ നാട്ടിൽ പലരും പരമാവധി അത് നന്നാക്കി ഉപയോഗിക്കും. അങ്ങനെ ചെറിയ പൈസയ്ക്ക് നന്നാക്കുന്നവരെ പലയിടങ്ങളിലും നമുക്ക് കാണുകയും ചെയ്യാം.
ഇവ മാത്രമല്ല, ഇലക്ട്രിക് സാധനങ്ങൾ നന്നാക്കി ഉപയോഗിക്കുക, ഫർണിച്ചറുകൾ നന്നാക്കുക എല്ലാം ഇതിൽ പെടുന്നു. എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിൽ താമസിക്കുന്ന വിദേശിയായ ഒരു യുവതിയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഈ ചെറിയ തുകയ്ക്ക് എന്തും ശരിയാക്കി വീണ്ടും ഉപയോഗിക്കാൻ പറ്റാവുന്ന തരത്തിലേക്ക് മാറ്റുന്ന പരിപാടി അവർക്കങ്ങ് ഇഷ്ടപ്പെട്ടു എന്നാണ് പറയുന്നത്.
ജെസീക്ക കുമാർ എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ സാധാരണയായി ഓരോ വസ്തുക്കളും ഉപേക്ഷിക്കുമ്പോൾ ഇന്ത്യയിൽ അവ അങ്ങനെ അല്ല എന്നതിന്റെ സന്തോഷമാണ് അവൾ പങ്കുവയ്ക്കുന്നത്. 45 ഡോളർ (3,846.85 രൂപ) വിലയുള്ള തന്റെ കൺവേഴ്‌സ് ഷൂസ് നന്നാക്കുന്നതും 60 ഡോളർ (5,129.13 രൂപ) വിലയുള്ള ക്രോക്സ് വെറും 40 രൂപയ്ക്ക് നന്നാക്കുന്നതും അവർ ഉദാഹരണമായി കാണിക്കുന്നതും കാണാം.
ഇന്ത്യയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഒന്ന് ഇതാണ്, ഇവിടെ എന്തും ശരിയാക്കാം. ചെരുപ്പുകൾ, 100 ഡോളർ വിലയുള്ള ഷൂസ്, ഇലക്ട്രിക് ഉപകരണം, പൊട്ടിയ ബക്കറ്റ്, വിലകുറഞ്ഞ സ്വെറ്റ് പാന്റ്സ്, വിലകൂടിയ ഗൗൺ അങ്ങനെ എന്തും ശരിയാക്കാം എന്നാണ് ജെസീക്ക പറയുന്നത്.
നിരവധിപ്പേരാണ് ജെസീക്കയുടെ വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. എന്തും ശരിയാക്കി വീണ്ടും ഉപയോഗിക്കുന്ന ഇന്ത്യൻ സംസ്കാരത്തെ പലരും പുകഴ്ത്തി. അതേസമയം ജെസീക്കയുടെ ഹിന്ദി പറയാനുള്ള കഴിവിനെ പുകഴ്ത്തിയവരും ഉണ്ട്.


