അമേരിക്കയിലെ ടെക്സസിലുള്ള ഒരു ഇന്ത്യൻ ക്ഷേത്രത്തിൽ, ജോബ് വിസയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം എന്നെഴുതിയ ബോർഡ് കണ്ട് ഞെട്ടിയെന്ന് അമേരിക്കൻ യുവതി. മറുപടിയുമായി നെറ്റിസണ്‍സ്.

ഇന്ത്യയുടെ സംസ്കാരവും വിശ്വാസവും ചിലപ്പോൾ വിദേശികൾക്ക് അത്രകണ്ട് അങ്ങോട്ട് മനസിലാകണം എന്നില്ല. അതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട വിമർശനങ്ങളും ചർച്ചകളും ഒക്കെ പലപ്പോഴും ഉണ്ടാകാറുണ്ട്. അതുപോലെ, ഒരു അമേരിക്കൻ യുവതി ഇന്ത്യൻ വിശ്വാസ രീതികളെ വിമർശിച്ചതിനെതിരെ പ്രതികരിക്കുകയാണ് നെറ്റിസൺസ്. അമേരിക്കയിലെ ടെക്സസിലുള്ള ക്ഷേത്രത്തിൽ നിന്നുള്ള ഒരു ബോർഡിനെ കുറിച്ചായിരുന്നു യുവതിയുടെ പരാമർശം. വിശ്വാസികൾക്ക് വിസയ്ക്കും ജോലിയിലെ ഉയർച്ചയ്ക്കുമായി പ്രാർത്ഥിക്കാം എന്നായിരുന്നു ഇവിടെ ബോർഡ് വച്ചിരുന്നത്. 'ടെക്സാസിലെ ഒരു ഇന്ത്യൻ ക്ഷേത്രത്തിൽ കയറിയപ്പോൾ 'ജോലി വിസ'യ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ എന്ന ബോർഡ് കണ്ടു, കണ്ടത് തനിക്ക് വിശ്വസിക്കാനാവുന്നില്ല' എന്നുമായിരുന്നു യുവതി ചിത്രമടക്കമുള്ള പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

എന്തായാലും, യുവതി ഷെയർ ചെയ്ത ചിത്രം എക്സിൽ (ട്വിറ്റർ) ശ്രദ്ധിക്കപ്പെട്ടതോടെ ആളുകൾ പ്രതികരണവുമായി രം​ഗത്തെത്തി. ഇന്ത്യൻ സമൂഹമാണ് ഏറെയും യുവതിയെ വിമർശിച്ചത്. ഭക്തരും ദൈവവും തമ്മിലുള്ള ബന്ധം തികച്ചും സ്വകാര്യമാണെന്നാണ് അവരിൽ പലരും പറഞ്ഞത്. 'ക്ഷേത്രങ്ങൾ വെറും മ്യൂസിയമല്ല. അത് ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടാനുള്ള ഇടം കൂടിയാണ്. ആരോഗ്യം, ജോലി, വിസ എന്നിവയ്ക്കല്ലാതെ പിന്നെ സ്റ്റോക്ക് മാർക്കറ്റ് ടിപ്‌സിന് വേണ്ടിയാണോ പ്രാർത്ഥിക്കേണ്ടത്' എന്നാണ് ഒരാൾ പോസ്റ്റിന് കമന്റ് നൽകിയത്.

Scroll to load tweet…

എന്ത് ചോദിക്കണമെന്നത് ഭക്തന്റെ സ്വാതന്ത്ര്യമാണെന്നും, ഇത് ഭക്തനും ദൈവവും തമ്മിലുള്ള ആത്മബന്ധമാണെന്നും മറ്റൊരാൾ കുറിച്ചു. അതേസമയം, ആളുകൾക്ക് ദൈവത്തോട് ചോദിക്കാനുള്ളത് അവരുടെ പ്രശ്നങ്ങൾക്കും സങ്കടങ്ങൾക്കും ഉള്ള പരിഹാരം തന്നെയാണ് എന്ന് അഭിപ്രായപ്പെട്ടവരും ഇതൊക്കെ ഓരോരുത്തരുടെ സ്വകാര്യ കാര്യമല്ലേ എന്നും അഭിപ്രായപ്പെട്ടവരുണ്ട്. മാത്രമല്ല, യുവതിയുടെ ആരോപണത്തെ വംശീയതയുമായി ചേർത്ത് വായിച്ചവരും അതിനെ വിമർശിച്ചവരും ഉണ്ട്.