മോഷണത്തിന് പിന്നാലെ രാജ്യം വിട്ട ഇയാൾ ദിവസങ്ങൾക്ക് ശേഷം അതേ എയര്‍പോര്‍ട്ടിൽ തിരിച്ചെത്തി. പിന്നാലെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

സിംഗപ്പൂരിലെ ജുവൽ ചാംഗി വിമാനത്താവളത്തിലെ ഒന്നിലധികം കടകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷണം പോയതായി പരാതി. മോഷണത്തിന് പിന്നിൽ 38 -കാരനായ ഇന്ത്യക്കാരനാണെന്നാണ് ആരോപിക്കപ്പെടുന്നത്. മോഷണം നടത്തിയതിന് ശേഷം ഇയാൾ മറ്റൊരു രാജ്യത്തേക്ക് കടന്നു കളയുകയായിരുന്നു. എന്നാൽ, പ്രശ്നങ്ങൾ ഒതുങ്ങിയെന്ന് കരുതി തിരിച്ചെത്തിയപ്പോൾ പോലീസ് കയ്യോടെ പിടികൂടി.

വിമാനത്താവളത്തിലെ 14 ഓളം കടകളിലാണ് മോഷണം നടത്തിയതെന്ന് ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പെർഫ്യൂമുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ബാഗുകൾ എന്നിവയുൾപ്പെടെ ഏകദേശം 5,136 സിംഗപ്പൂർ ഡോളർ (SGD) വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചു, ഇത് ഏകദേശം 3.5 ലക്ഷം രൂപയ്ക്ക് തുല്യമാണ്. മോഷണം നടത്തി നാടുവിട്ടതിന് ശേഷം പിന്നീട് ജൂൺ ഒന്നിന് തിരികെ എത്തിയപ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സിംഗപ്പൂർ പോലീസ് സേന (SPF) ഇതുമായി ബന്ധപ്പെട്ട പത്രക്കുറിപ്പ് പുറത്തിറക്കിയത്.

മെയ് 29 ന് ജുവൽ ചാംഗി വിമാനത്താവളത്തിലെ ഒരു കടയിലെ സൂപ്പർവൈസർ സ്റ്റോക്ക് പരിശോധിക്കുന്നതിനിടെ ഒരു ബാഗ് നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മോഷണം പുറത്തുവന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇന്ത്യക്കാരനായ ഒരു യുവാവ് കടയിൽ നിന്നും പണം നൽകാതെ ബാഗ് എടുത്തു കൊണ്ട് പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തി. എന്നാൽ, അത് ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ലെന്ന് അധികം വൈകാതെ പോലീസ് കണ്ടെത്തി. എയർപോർട്ടിനുള്ളിലെ തന്നെ മറ്റ് 13 കടകളിൽ നിന്നും ഇയാൾ ഇത്തരത്തിൽ പണം നൽകാതെ സാധനങ്ങൾ എടുത്തുകൊണ്ടു പോകുന്നതിന്‍റെ ദൃശ്യങ്ങൾ പോലീസ് പരിശോധനയിൽ പിന്നീട് കണ്ടെത്തി. എന്നാൽ, പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചപ്പോഴേക്കും ഇയാൾ മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെട്ടിരുന്നു.

എന്നാല്‍, മോഷണം ആരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകില്ലെന്ന് കരുതിയ കള്ളൻ ജൂൺ ഒന്നിന് സിംഗപ്പൂരിൽ മടങ്ങിയെത്തി. സിംഗപ്പൂർ പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്ന ഇയാൾ ജുവൽ ചാംഗി വിമാനത്താവളത്തിൽ വെച്ച് തന്നെ അറസ്റ്റിലാവുകയായിരുന്നു. മോഷ്ടിച്ച സാധനങ്ങൾ ഇയാളുടെ ബാഗില്‍ നിന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ ഇയാൾക്ക് ഏഴ് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. ദിവസങ്ങൾക്ക് മുമ്പ് യുഎസില്‍ നിന്നും ഒരു യുവതി പണം നല്‍കാതെ സാധനങ്ങളുമായി കടന്ന് കളയാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായിരുന്നു. അടുത്തിടെയായി മറ്റ് രാജ്യങ്ങളില്‍ മോഷണത്തിന്‍റെ പേരില്‍ പിടികൂടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധവാണ് രേഖപ്പെടുത്തിയത്.