എന്തായാലും ഉത്തരം ശരിയായ രീതിയിൽ പറയുന്നവർക്ക് പോയി ഭക്ഷണം കഴിക്കാം. ഭക്ഷണം കഴിക്കാനായി ക്വിസ്സിൽ വിജയിച്ച് പോകുമ്പോൾ ഓരോരുത്തരം കയ്യുയർത്തി ആഹ്ലാദം പ്രകടിപ്പിച്ചാണ് പോയത്.

വിവാഹസദ്യയുടെ സമയത്ത് മിക്കവാറും ആദ്യപന്തിയിൽ തന്നെ ഇരിക്കാനുള്ള അടി നമ്മൾ മിക്കയിടങ്ങളിലും കണ്ടുകാണും. എന്നാൽ, വിവാഹത്തിലെ ഭക്ഷണം കഴിക്കണമെങ്കിൽ ഒരു മത്സര്തതിൽ ജയിക്കണം എന്നായാലോ? അരിസോണയിൽ നിന്നുള്ള നവദമ്പതികളായ അലിസ്സയും കോളുമാണ് തങ്ങളുടെ വിവാഹത്തിന് ഒരു വ്യത്യസ്തമായ ​ഗെയിം തന്നെ നടത്തിയത്!

മെയ് 16 -ന് അരിസോണയിലെ ബക്കിയിലാണ് ഇരുവരുടേയും വിവാഹം നടന്നത്. അതിഥികളെ രസിപ്പിക്കാൻ തികച്ചും രസകരമായ ഒരു ​ഗെയിം ദമ്പതികൾ പ്ലാൻ ചെയ്യുകയായിരുന്നു. ആഘോഷത്തിൽ ആദ്യം അതിഥികളിൽ ആരാണ് ഭക്ഷണം കഴിക്കേണ്ടതെന്ന് തീരുമാനിക്കാനായി അവർ ഡിജിറ്റൽ ക്വിസ് പ്ലാറ്റ്‌ഫോമായ കഹൂട്ട് തെരഞ്ഞെടുത്തു. ഇവരുടെ വിവാഹപ്പാർട്ടിയുടെ വീഡിയോ ടിക്ടോക്കിൽ വൈറലാണത്രെ.

2019 -ൽ ബക്കി ആസ്ഥാനമായുള്ള ഒരു പള്ളിയിൽ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. 2021 -ൽ അവർ പരസ്പരം ഡേറ്റിംഗ് ആരംഭിച്ചു. അലിസ്സയുടെ സഹോദരിയുടെ വിവാഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് തങ്ങളുടെ വിവാഹത്തിലും എന്തെങ്കിലും വ്യത്യസ്തവും രസകരവുമായ കാര്യങ്ങൾ ഉൾപ്പെടുത്തണം എന്ന് ഇവർ തീരുമാനിക്കുന്നത്.

ഒരു അധ്യാപിക എന്ന നിലയിൽ കഹൂട്ട് അലിസ്സയ്ക്ക് പരിചയമുണ്ടായിരുന്നു. ക്ലാസ്മുറിയിൽ നടത്തുന്ന ഈ ​ഗെയിം എന്തുകൊണ്ട് വിവാഹത്തിനെത്തുന്ന അതിഥികൾക്കിടയിലും നടത്തിക്കൂടാ എന്ന് അവൾ ചിന്തിച്ചു. വിവാഹത്തിൽ കുറച്ച് തമാശകൾ കൊണ്ടുവരണം, ഭക്ഷണത്തിനുള്ള കാത്തിരിപ്പ് കൂറച്ചുകൂടി ആസ്വാദ്യകരമാക്കണം അങ്ങനെയാണ് ഈ പ്ലാൻ കൊണ്ടുവന്നത് എന്നും അലിസ്സ പറയുന്നു.

വേദിയിൽ 15 മേശകളാണ് അതിഥികൾക്കായി ഒരുക്കിയിരുന്നത്. അതിൽ ഓരോ ആൾ വച്ച് ഗെയിമിലേക്ക് പങ്കെടുക്കാൻ നിർദ്ദേശിച്ചു. ഏകദേശം 150 അതിഥികളാണ് ഇങ്ങനെ ക്വിസ്സിൽ പങ്കെടുത്തത്. അലിസ്സയും കോളും ചേർന്ന് തന്നെയാണ് ഇതിലേക്കുള്ള 10 ചോദ്യങ്ങളും തയ്യാറാക്കിയത്. ഇരുവരുടെയും ബന്ധത്തെ മുൻനിർത്തിയുള്ളതായിരുന്നു ചോദ്യങ്ങൾ.

എന്തായാലും ഉത്തരം ശരിയായ രീതിയിൽ പറയുന്നവർക്ക് പോയി ഭക്ഷണം കഴിക്കാം. ഭക്ഷണം കഴിക്കാനായി ക്വിസ്സിൽ വിജയിച്ച് പോകുമ്പോൾ ഓരോരുത്തരം കയ്യുയർത്തി ആഹ്ലാദം പ്രകടിപ്പിച്ചാണ് പോയത്. എന്തായാലും, തങ്ങളുടെ വിവാഹപ്പാർട്ടി അടിപൊളി ആയിരുന്നു എന്നും ഈ ​ഗെയിം എല്ലാവർക്കും ഇഷ്ടമായി എന്നുമാണ് അലിസ്സയും കോളും പറയുന്നത്.