വീഡിയോയിൽ കുട്ടികൾ പ്രാവുമായി ആശുപത്രിയിൽ എത്തുന്നതാണ് കാണുന്നത്. അവിടെ എത്തുമ്പോൾ ഒരു നഴ്സ് കുട്ടിയോട് പ്രാവിനെ അവിടെ വച്ചേക്കൂ എന്ന് പറയുന്നത് കാണാം.

ഉപാധികളില്ലാതെ സ്നേഹിക്കാൻ കുഞ്ഞുങ്ങൾക്ക് സാധിക്കും എന്ന് പറയാറുണ്ട്. അതിനി മനുഷ്യരെ തന്നെയാവണം എന്നില്ല, മൃ​ഗങ്ങളെയും പക്ഷികളെയും അങ്ങനെ എന്തിനേയും അവർ നിരുപാധികം തന്നെയാണ് സ്നേഹിക്കാറ്. അത് തെളിയിക്കുന്ന അനേകം അനേകം സംഭവങ്ങൾ നമ്മുടെ കൺമുന്നിലുണ്ടായിട്ടുണ്ടാവും. അതുപോലെ അതുമായി ബന്ധപ്പെട്ട അനേകം വീഡിയോകളും നാം കണ്ടിട്ടുണ്ടാവും. അത്തരത്തിൽ ആരുടേയും കണ്ണ് നനയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് theupto_date എന്ന യൂസറാണ്. അരുണാചൽ പ്രദേശിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു കൊച്ചുകുട്ടി പരിക്കേറ്റ തന്റെ പ്രാവിനെയുമെടുത്ത് ആശുപത്രിയിലേക്ക് പോകുന്നതാണ് വീഡിയോയിൽ കാണുന്നത്. അവന്റെ ഒപ്പം അവന്റെ കൂട്ടുകാരും ഉണ്ട്.

വീഡിയോയുടെ കാപ്ഷനിൽ അരുണാചൽ പ്രദേശിൽ ഒരു ആൺകുട്ടി തന്റെ പരിക്കേറ്റ പ്രാവുമായി ആശുപത്രിയിൽ എത്തുന്നു. അതിനെ രക്ഷിക്കാമെന്ന പ്രതീക്ഷയിലാണ് എത്തുന്നതെങ്കിലും അതിനെ രക്ഷിക്കാൻ ആയില്ല എന്നും വ്യക്തമാക്കിയിട്ടുണ്ട്.

View post on Instagram

വീഡിയോയിൽ കുട്ടികൾ പ്രാവുമായി ആശുപത്രിയിൽ എത്തുന്നതാണ് കാണുന്നത്. അവിടെ എത്തുമ്പോൾ ഒരു നഴ്സ് കുട്ടിയോട് പ്രാവിനെ അവിടെ വച്ചേക്കൂ എന്ന് പറയുന്നത് കാണാം. അവിടെയിരുന്ന ഒരു സ്റ്റൂളിലേക്ക് കുട്ടി പ്രാവിനെ വയ്ക്കുന്നതും കാണാം. അത് മരിക്കുമോ എന്നും കുട്ടി ചോദിക്കുന്നുണ്ട്. പ്രാവിനെ പരിശോധിച്ച നഴ്സ് അത് മരിച്ചുപോയി എന്ന് കുട്ടിയെ അറിയിക്കുന്നു.

അത് അവന് താങ്ങാൻ കഴിയുന്നില്ല. അവന് കരച്ചിലടക്കാൻ സാധിക്കാതെ അവിടെ നിന്ന് കരയുന്നതാണ് പിന്നെ കാണുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. കുട്ടിക്ക് പ്രാവിനോടുള്ള അ​ഗാധമായ സ്നേഹത്തെ കുറിച്ചാണ് പലരും പറഞ്ഞത്. വേദനിപ്പിക്കുന്ന രം​ഗമാണ് ഇത് എന്നും പലരും പറഞ്ഞു.