ലയാളിയുടെ മാധ്യമജീവിതത്തെ അടിമുടി മാറ്റിമറിച്ചുകൊണ്ട് ഏഷ്യാനെറ്റ്  ന്യൂസ് വാർത്താ ബുള്ളറ്റിൻ സംപ്രേഷണം ആരംഭിച്ചിട്ട് 25 വര്‍ഷം തികയുന്നു. 1995 സെപ്തംബർ 30നു വൈകീട്ട് ഏഴര മണിക്കായിരുന്നു ചരിത്രം കുറിച്ച ആദ്യ സംപ്രേഷണം. ഇന്ത്യയിൽ ആദ്യമായായിരുന്നു ലൈവായി നടന്ന ആ വാർത്താ സംപ്രേഷണം എന്നതും ചരിത്ര പ്രധാനം. 
 
ഫിലിപ്പിൻസിലെ  ലു‌സോൺ ദ്വീപിലെ സുബിക് ബേയിൽ നിന്നായിരുന്നു ആദ്യത്തെ ലൈവ് മലയാള വാർത്താ സംപ്രേഷണം എന്നത് ശ്രദ്ധേയമാണ്. സ്വകാര്യ ചാനലുകൾക്ക് ഇന്ത്യയിൽ ഉപഗ്രഹവുമായി അപ്‌ലിങ്കിങ് സൗകര്യം ഇല്ലാതിരുന്നതിനാലായിരുന്നു അത്. തുടർന്ന് സിംഗപ്പൂരില്‍ നിന്നായി ഏഷ്യാനെറ്റ് ന്യുസ് സംപ്രേഷണം. 1999ൽ ഇന്ത്യയിൽ അപ്‌ലിങ്കിങ് അനുവദിച്ചതോടെ ആദ്യം തമിഴ്നാട്ടിലെ കൊരട്ടൂരിൽ നിന്നും ആയി അപ്‌ലിങ്കിങ്. അധികം വൈകാതെ തിരുവനന്തപുരത്ത് എത്തി.

1993 ൽ ജന്മംകൊണ്ട, മലയാളത്തിലെ ആദ്യത്തെ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിന്റെ വാർത്താവിഭാഗം 2003ൽ 24 മണിക്കൂർ സംപ്രേഷണം ചെയ്യുന്ന സമ്പൂർണ വാർത്താ ചാനലായി. 2009ൽ ഏഷ്യാനെറ്റ് ന്യൂസ് സ്വതന്ത്ര ചാനലായി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ വന്നു. 

ആരംഭം മുതൽ ഏഷ്യാനെറ്റ് ന്യൂസ് ചില മൂല്യപ്രമാണങ്ങൾ ഉയർത്തിപ്പിടിച്ചു. സത്യസന്ധത, നിഷ്പക്ഷത, വിശ്വാസ്യത എന്നിവയ്‌ക്കൊപ്പം മതനിരപേക്ഷത, മനുഷ്യാവകാശം, ലിംഗസമത്വം, പരിസ്ഥിതിസംരക്ഷണം, ദുർബലരോടുള്ള ആഭിമുഖ്യം എന്നിവയിലൊക്കെ ഏഷ്യാനെറ്റ് ന്യൂസ് വിട്ടുവീഴ്ച ഇല്ലാതെ ഉറച്ചുനിന്നു. അതിനുള്ള അംഗീകാരമാണ് ഈ കാൽ നൂറ്റാണ്ട് കാലവും ഈ ചാനലിന് ജനത തുടർച്ചയായി നൽകുന്ന സമ്മതി.  

സാധാരണക്കാർക്ക് വേണ്ടി രാഷ്ട്രീയത്തിലെയും മതത്തിലെയും വിപണിയിലെയും അധികാരികളോട് നിരന്തരം ചോദ്യങ്ങൾ  ഉന്നയിക്കുക എന്നതാണ് മാധ്യമപ്രവർത്തനത്തിന്റെ പ്രാഥമികമായ കടമ എന്ന്  ഏഷ്യാനെറ്റ് ന്യൂസ് ഉറച്ചുവിശ്വസിക്കുന്നു. രാഷ്ട്രീയ-മതഭേദമില്ലാതെ അധികാരി വർഗ്ഗം ഞങ്ങൾക്ക് നേരെ ഉയർത്താറുള്ള ആക്ഷേപങ്ങൾ ഞങ്ങൾ അംഗീകാരമായും അഭിമാനമായും ഏറ്റുവാങ്ങുന്നത് മറ്റൊന്നും കൊണ്ടല്ല. കവി പാടിയതുപോലെ സാധാരണക്കാർക്ക് വേണ്ടി 'സൗവർണ പ്രതിപക്ഷമാകുക' ആണ് ഞങ്ങൾ ഏറ്റെടുത്ത പവിത്രദൗത്യം.  

ഇന്ന് ദൃശ്യമാധ്യമരംഗത്ത് മാത്രമല്ല, വിവിധ ഭാഷകളിലെ ഡിജിറ്റൽ രംഗത്തും ശക്തമായ സാന്നിദ്ധ്യമായി ഏഷ്യാനെറ്റ് ന്യൂസ് എന്ന പേര് സുപരിചിതമായിക്കഴിഞ്ഞിരിക്കുന്നു. കന്നഡ ഭാഷയിലെ പ്രമുഖ ചാനലായ സുവർണ ന്യൂസ്, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ബംഗാളി ഡിജിറ്റൽ പോർട്ടലുകളായ ഏഷ്യാനെറ്റ് ന്യൂസ്.കോം, ഇംഗ്ലീഷില്‍ ന്യൂസെബിള്‍, മൈ നേഷൻ.കോം, കർണാടകത്തിലും ഗോവയിലും പ്രവർത്തിക്കുന്ന ഇൻഡിഗോ റേഡിയോ എന്നിവയൊക്കെ ഏഷ്യാനെറ്റ് ന്യൂസ് കുടുംബാംഗങ്ങളാണ്. 

ഇക്കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലം ലോകത്തെ മലയാളി ആദ്യം കണ്ടതും അറിഞ്ഞതും മനസ്സിലാക്കിയതുമെല്ലാം ഏഷ്യാനെറ്റ് ന്യൂസിലുടെയാണ്. ലോകത്തെവിടെയുമുള്ള മലയാളി പ്രവാസികൾക്ക് സ്വന്തം നാടിന്റെ ചെത്തവും ചൂരും അനുഭവവേദ്യമാക്കിയതിലും ഏഷ്യാനെറ്റ് ന്യൂസിന്റെ സംഭാവന അതുല്യം. 25 വർഷമായി ധാരാളം വാർത്താ ചാനലുകൾ രംഗപ്രവേശം ചെയ്തിട്ടും മലയാളികൾ ഒന്നാം സ്ഥാനത്ത് തുടർച്ചയായി നിലനിർത്തുന്നത് ഏഷ്യാനെറ്റ് ന്യൂസിനെത്തന്നെ ആയതും മറ്റൊന്നും കൊണ്ടല്ല. 

മൂല്യാധിഷ്ഠിതവും നിഷ്പക്ഷവും വിശ്വസ്തവും സത്യസന്ധവുമായ മാധ്യമപ്രവർത്തനത്തിന്റെ കാൽനൂറ്റാണ്ട് കാലം ഞങ്ങൾക്ക് കരുത്തായി കൂടെ നിന്ന മലയാളിക്ക്  ഹൃദയം നിറഞ്ഞ നന്ദി.