കൗമാരക്കാരുടെ വടിവാൾ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരന് ചികിത്സാര്‍ത്ഥം രണ്ട് വര്‍ഷത്തേക്ക് വിസ നീട്ടി നല്‍കി. ഒപ്പം സ്ഥിര താമസത്തിനുള്ള സൗകര്യമൊരുങ്ങുന്നതായും റിപ്പോര്‍ട്ടുകൾ.
ഏതാണ്ട് ഒരു മാസം മുമ്പ് ഓസ്ട്രേലിയയിലെ വിക്ടോറിയ, ആൾട്ടോണ മെഡോസിലെ ഒരു ഷോപ്പിംഗ് സെന്‍ററിൽ മുന്നിൽ വച്ച് തദ്ദേശീയരായ അഞ്ചോളം കൗമാരക്കാർ ആക്രമിച്ച ഇന്ത്യക്കാരന്‍റെ വിസാ കാലാവധി നീട്ടി നല്‍കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. മാത്രമല്ല, അക്രമണത്തിന് മുമ്പ് നാടുകടത്തല്‍ ഭീഷണി നേരിട്ടിരുന്ന അദ്ദേഹത്തിന് സ്ഥിര താമസത്തിലുള്ള അംഗീകാരം നല്‍കാനും ഓസ്ട്രേലിയന്‍ സർക്കാര്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു. വടിവാളിന് സമാനമായ നീളം കൂടിയ കത്തി ഉപയോഗിച്ചായിരുന്നു കൗമാരക്കാര്‍ ഇന്ത്യന്‍ വംശജനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.
ഓസ്ട്രേലിയന്‍ വംശജരായ ഒരു കൂട്ടം കൗമാരക്കാർ വടിവാളുമായി നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്കാരനായ സൗരഭ് ആനന്ദിന് ഒരു കൈ നഷ്ടപ്പെടുമെന്ന ഘട്ടം എത്തിയിരുന്നു. ക്രൂരമായ ആക്രമണത്തില്‍ ആനന്ദിന് ഗുരുതരമായ പരിക്കേറ്റിരുന്നത് അന്ന് വലിയ വാര്‍ത്താ പ്രാധാന്യം നേടി. ഇന്ത്യന്‍ വംശജർക്കെതിരെ ലോകമെങ്ങും നടക്കുന്ന അക്രമണങ്ങളിലൊന്നായി ഇതും വ്യാഖ്യാനിക്കപ്പെട്ടു. ഇതോടെയാണ് കേസിന് ആഗോള പ്രാധാന്യം ലഭിച്ചത്. ഈ കേസില്‍ അഞ്ച് കൗമാരക്കാര്‍ക്കെതിരെ ഓസ്ട്രേലിയന്‍ പോലീസ് കേസെടുത്തെന്നും ഇതില്‍ ഒരു 15 വയസുകാരനെ അറസ്റ്റ് ചെയ്തെന്നും എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഓഗസ്റ്റിൽ വിസ കാലാവധി അവസാനിക്കാനിരിക്കെ ആനന്ദ് നാടുകടത്തൽ ഭീഷണിയിലായിരുന്നു. എന്നാല്‍ ഇതിനിടെയായിരുന്നു ആനന്ദിനെതിരെ വംശീയാക്രമണം നടന്നത്. ഇത് ഓസ്ട്രേലിയയിലും ഇന്ത്യയിലും വലിയ വാര്‍ത്താ പ്രാധാന്യം നേടി. ഇതോടെയാണ് ആനന്ദിന് ഓസ്ട്രേലിയയില്‍ തന്നെ വൈദ്യ ചികിത്സ തുടരാനായി വിസ കാലാവധി നീട്ടി നല്‍കാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അങ്ങനെ ചികിത്സാര്‍ത്ഥം രണ്ട് വര്‍ഷത്തേക്ക് കൂടി ആനന്ദിന് ഓസ്ട്രേലിയയില്‍ തുടരാം. ആനന്ദിനെ സന്ദര്‍ശിച്ച പ്രാദേശിക എംപി ടിം വാട്ട്സ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആനന്ദ് ഒറ്റയ്ക്കല്ലെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി മെൽബണിന്‍റെ പടിഞ്ഞാറൻ പ്രദേശത്തുള്ള ജനങ്ങൾ ഒറ്റക്കെട്ടായി അദ്ദേഹത്തോടൊപ്പമുണ്ടെന്നും എഴുതി. ഒപ്പം, ഇപ്പോൾ ആരോഗ്യം വീണ്ടെടുക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിക്കണമെന്നും വിസ പ്രശ്നങ്ങളൊന്നും ഇല്ലെന്നും ആനന്ദിനെ സന്ദർശിക്കവെ അദ്ദേഹം അറിയിച്ചതായും റിപ്പോര്‍ട്ടുകൾ പറയുന്നു.


