വില കൂടിയ സ്യൂട്ടുകളും കൂളിം​ഗ് ​ഗ്ലാസുകളും അടക്കം ധരിച്ച് നടക്കുന്ന അവനെ കണ്ടാൽ ആരും പിന്നെ മറ്റാരെയും നോക്കുമെന്ന് തോന്നുന്നില്ല.

ബാവോ ചിഹ്വാഹ്വ ഇനത്തിൽ പെട്ട ഒരു നായയാണ്. വെറുമൊരു നായയല്ല, ആർക്കായാലും അവന്റെ ജീവിതത്തോട് അസൂയ തോന്നിപ്പോകും. ഒരു ഇൻഫ്ലുവൻസർ കൂടിയാണ് ബാവോ. തന്റെ ഉടമയായ സാ തി ങോക് ട്രാനിനൊപ്പമാണ് അവൻ കഴിയുന്നത്. ആഡംബര ജീവിതം, ആഡംബര യാത്രകൾ എന്നിവയൊക്കെയാണ് ബാവോയുടെ ജീവിതത്തിലെ ഹൈലൈറ്റ്. 

ട്രാൻ എവിടെപ്പോകുമ്പോഴ‍ും കൂടെ ബാവോയും ഉണ്ടാകും. പാരിസ് മുതൽ മെക്സിക്കോ വരെ അനേകം അനേകം സ്ഥലങ്ങളിലേക്ക് അവളും ബാവോയും യാത്ര ചെയ്തു. ആഡംബര ഹോട്ടലുകളിലാണ് യാത്രകളിൽ ഇരുവരുടേയും താമസം. കാനഡയിലെ ടൊറൻ്റോയിൽ നിന്നുള്ള 37 -കാരിയായ ട്രാൻ, കൊവിഡ് 19 പകർച്ചവ്യാധിയുടെ സമയത്താണ് ബാവോയെ തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നത്. 2022 -ലാണ് ഇവരുടെ യാത്രകൾ ആരംഭിക്കുന്നത്. ‌ബാവോയെ താൻ തന്റെ കുഞ്ഞായിട്ടാണ് കാണുന്നത്. അവനില്ലാത്ത യാത്രകൾ തനിക്ക് സങ്കല്പിക്കാൻ പോലും സാധിക്കില്ല എന്നാണ് ട്രാൻ പറയുന്നത്. 

View post on Instagram

രണ്ട് ലക്ഷം രൂപ വില വരുന്ന വസ്ത്രങ്ങൾ പോലും ബാവോയുടെ വാർഡ്രോബിലുണ്ട്. വില കൂടിയ സ്യൂട്ടുകളും കൂളിം​ഗ് ​ഗ്ലാസുകളും അടക്കം ധരിച്ച് നടക്കുന്ന അവനെ കണ്ടാൽ ആരും പിന്നെ മറ്റാരെയും നോക്കുമെന്ന് തോന്നുന്നില്ല. ബാവോയ്ക്ക് 166,000 ഫോളോവേഴ്‌സുണ്ട് ഇൻസ്റ്റ​ഗ്രാമിൽ. ഓരോ സന്ദർഭത്തിലും ഓരോ വസ്ത്രങ്ങളാണ് ബാവോ ധരിക്കുന്നത്. വീട്ടിലിരിക്കുമ്പോൾ വളരെ സിംപിളായിട്ടുള്ള ഷർട്ടുകളാണ് അവൻ ധരിക്കാനിഷ്ടപ്പെടുന്നത്. എന്നാൽ, യാത്രകളിലും പുറത്തിറങ്ങുമ്പോഴും അത് മാറും. 

അതിമനോഹരമായ പാരിസ് മുതൽ അനേകം ന​ഗരങ്ങൾ ബാവോയും ട്രാനും സന്ദർശിച്ച് കഴിഞ്ഞു. എന്നാൽ, മെക്സിക്കോയാണ് അവൾക്കും ബാവോയ്ക്കും ഇഷ്ടപ്പെട്ട ന​ഗരം എന്നും അവിടം ഇനിയും സന്ദർശിക്കണം എന്നുമാണ് ട്രാൻ പറയുന്നത്.