ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നും ബെംഗളൂരുവിൽ ഇതുപോലെ ചെയ്യുന്ന അനേകം വീട്ടുടമകളുണ്ട് എന്നും യുവാവ് ആരോപിച്ചു.
ബെംഗളൂരുവിൽ നിന്നും വാടകവീടുമായി ബന്ധപ്പെട്ട ഒരുപാട് പോസ്റ്റുകൾ വരാറുണ്ട്. അതിൽ പലതും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധയും നേടാറുണ്ട്. കനത്ത വാടകയും സെക്യൂരിറ്റി ഡെപ്പോസിറ്റും ഒക്കെ ഇതിൽ പെടുന്നു. സമാനമായിട്ടുള്ള ഒരു യുവാവിന്റെ അനുഭവമാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധ നേടുന്നത്. എന്നാൽ, ഇതിൽ ഒരുപടി കൂടി കടന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റുമായി തന്റെ വീട്ടുടമ മുങ്ങി എന്നാണ് യുവാവ് പറയുന്നത്. പോസ്റ്റിൽ പറയുന്നത് പ്രകാരം, അടുത്തിടെയാണ് ബിടിഎം ലേഔട്ടിലെ ഒരു ഫ്ലാറ്റ് യുവാവ് ഒഴിഞ്ഞത്. കൃത്യമായ വിവരം നൽകുകയും ഒക്കെ ചെയ്ത് എല്ലാം കൃത്യമായി പറഞ്ഞു തീർത്തിരുന്നു. എന്നാൽ, അതിനുശേഷം വീട്ടുടമസ്ഥനെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല എന്ന് യുവാവ് ആരോപിക്കുന്നത്.
ഇതാണ് ബെംഗളൂരുവിൽ നടക്കുന്ന പുതിയ തട്ടിപ്പ് എന്നാണ് യുവാവ് പറയുന്നത്. താൻ ഫ്ലാറ്റ് ഒഴിഞ്ഞതിന് പിന്നാലെ ഉടമ ഫോൺകോളുകൾ എടുക്കുകയോ മെസ്സേജുകൾക്ക് മറുപടി നൽകുകയോ ചെയ്തിട്ടില്ല എന്നും യുവാവ് പറയുന്നു. വാടക കരാർ പ്രകാരം വീട്ടുടമ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ തരേണ്ടതാണ് എന്നും അത് തന്നിട്ടില്ല എന്നും പോസ്റ്റിൽ കാണാം. ചൈതന്യ എന്നാണ് വീട്ടുടമയുടെ പേര്. തനിക്ക് കൃത്യമായ വിശദീകരണങ്ങളോ ഒന്നും തരാതെയാണ് അയാൾ പോയത് എന്നും അയാളെ ബന്ധപ്പെടാൻ സാധിക്കുന്നില്ല എന്നും യുവാവ് പറയുന്നു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നും ബെംഗളൂരുവിൽ ഇതുപോലെ ചെയ്യുന്ന അനേകം വീട്ടുടമകളുണ്ട് എന്നും യുവാവ് ആരോപിച്ചു. ഇത് വിശ്വാസലംഘനമാണ് എന്നും തട്ടിപ്പാണ് എന്നുമാണ് യുവാവ് പറയുന്നത്. വീട്ടുടമയ്ക്കയച്ച മെസ്സേജിന്റെ സ്ക്രീൻഷോട്ടും പോസ്റ്റിൽ കാണാം. പൊലീസ് ഇതിൽ നടപടി സ്വീകരിക്കണം എന്നാണ് യുവാവിന്റെ ആവശ്യം. വീട്ടുടമയുടെ പേരും വിലാസവും കമന്റിൽ നൽകിയിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്ന് തന്നെയാണ് പലരും കമന്റുകളിൽ സൂചിപ്പിച്ചിരിക്കുന്നത്.


