ഇങ്ങനെയൊക്കെയാണെങ്കിലും തനിക്ക് രാജിവയ്ക്കാൻ പറ്റില്ല. വീട്ടിലെ ലോണും അനിയന്റെ വിദ്യാഭ്യാസത്തിന്റെ ചെലവുമൊക്കെയാണ് കാരണം എന്നും പോസ്റ്റിൽ പറയുന്നു. തനിക്ക് തരാൻ എന്തെങ്കിലും ഉപദേശമുണ്ടോ എന്നാണ് യുവാവിന്റെ ചോദ്യം.
ആദ്യത്തെ ജോലി മിക്കവാറും ആളുകളെ സംബന്ധിച്ച് വളരെ അധികം ആവേശം നിറഞ്ഞ ഒന്നായിരിക്കും. പുതിയ കാര്യങ്ങൾ പഠിക്കാനും പുതിയ അനുഭവങ്ങൾ സൃഷ്ടിക്കാനും ഒക്കെയായി ആളുകൾ ആദ്യജോലിക്ക് കാത്തിരിക്കാറുണ്ട്. എന്നാൽ, നല്ല ശമ്പളം കിട്ടിയിട്ടും തന്റെ ആദ്യത്തെ ജോലി എങ്ങനെ നിരാശാജനകമായ ഒരു അനുഭവമായി മാറിയെന്ന് വെളിപ്പെടുത്തുകയാണ് റെഡ്ഡിറ്റിൽ ഒരു യുവാവ്. മൾട്ടിനാഷണൽ കമ്പനിയിലെ ഈ ഉയർന്ന ശമ്പളമുള്ള ജോലി സമ്മർദ്ദമേറിയതും ഭാരമേറിയതുമായി മാറിയത് വളരെ പെട്ടെന്നാണ് എന്നാണ് യുവാവ് പറയുന്നത്.
പോസ്റ്റിൽ പറയുന്നതനുസരിച്ച്, കമ്പനിയുടെ കോഡ്ബേസ് വളരെ വലുതും ഡോക്യുമെന്റ് ചെയ്യാത്തും ആയിരുന്നു, ചെറിയ മാറ്റങ്ങൾ വേണമെങ്കിൽ പോലും അനേകം ഫയലുകൾ മനസ്സിലാക്കേണ്ടതുമുണ്ടായിരുന്നു. സീനിയറായിട്ടുള്ള ആളുകളിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശമാണെങ്കിൽ വളരെ മെല്ലെയാണ് കിട്ടാറുള്ളത്. ഇനിയഥവാ അവരുടെ പിന്തുണയുണ്ടായാലും മറ്റുള്ളവരെ അധികം ആശ്രയിക്കാതെ സ്വന്തമായി കാര്യങ്ങൾ മനസിലാക്കി ചെയ്യണമെന്നാണ് അവർ ജീവനക്കാരോട് ആവശ്യപ്പെടാറ്.
ചിലർക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങളും മറ്റും നൽകി, എളുപ്പമുള്ള ജോലിയുമാണെങ്കിൽ മറ്റ് ചിലർക്ക് ജോലിഭാരം കൂടുതലാണ് എന്നാണ് യുവാവിന്റെ പരാതി. മുഴുവനായും വർക്ക് ഫ്രം ഹോം രീതിയിൽ പ്രവർത്തിക്കുന്നതിനാൽ തന്നെ ചിലപ്പോൾ ഒരു മണിക്കൂറൊക്കെ എടുത്തിട്ടാണ് സീനിയേഴ്സ് മറുപടി നൽകുന്നത് എന്നും യുവാവ് പറയുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും തനിക്ക് രാജിവയ്ക്കാൻ പറ്റില്ല. വീട്ടിലെ ലോണും അനിയന്റെ വിദ്യാഭ്യാസത്തിന്റെ ചെലവുമൊക്കെയാണ് കാരണം എന്നും പോസ്റ്റിൽ പറയുന്നു. തനിക്ക് തരാൻ എന്തെങ്കിലും ഉപദേശമുണ്ടോ എന്നാണ് യുവാവിന്റെ ചോദ്യം.

നിരവധിപ്പേർ പോസ്റ്റിന് കമന്റുകൾ നൽകി. മിക്ക കമ്പനികളിലും ഇത് തന്നെയാണ് അവസ്ഥ, ജോലിക്ക് കയറിയപ്പോൾ ഇത് തന്നെയായിരുന്നു തങ്ങളുടെയും അവസ്ഥ തുടങ്ങിയ കമന്റുകളാണ് ഏറെയും.


