ശൈത്യകാലം ആരംഭിച്ചതോടെ ബെംഗളൂരുവിൽ താപനില സാധാരണയിലും കുറഞ്ഞു, 16-18 ഡിഗ്രി സെൽഷ്യസിലെത്തി. ഉത്തരേന്ത്യയിൽ നിന്നുള്ള തണുത്ത കാറ്റാണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു, കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെയും ബാധിച്ചു.
ശൈത്യകാലം ആരംഭിച്ചതോടെ ബെംഗളൂരു തണുത്തു വിറക്കുകയാണ്. നഗരത്തിൽ ഉടനീളമുള്ള കഴിഞ്ഞ ദിവസത്തെ ഏറ്റവും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസ് മുതൽ 18 ഡിഗ്രി സെൽഷ്യസ് വരെ ആയതായി കാലാവസ്ഥാ റിപ്പോർട്ടുകൾ കാണിക്കുന്നു. ഇത് സാധാരണയായി നവംബർ അവസാനത്തിൽ ഉണ്ടാകാറുള്ള താപനിലയിൽ നിന്നും വളരെ കുറവാണെന്നും കണക്കുകൾ കാണിക്കുന്നു.
കുറഞ്ഞ താപനില
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മൂടൽ മഞ്ഞ് കാരണം അതിരാവിലെയുള്ള നിരവധി വിമാനങ്ങൾ വൈകി. തണുപ്പ് നിറഞ്ഞ കാലാവസ്ഥ കുറച്ച് ദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഭാഗികമായി മേഘാവൃതമായ ആകാശവും നേരിയ മഴയ്ക്കുള്ള സാധ്യതയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പും വ്യക്തമാക്കി. കൂടാതെ രാത്രിയിലെ താപനില പതിവിലും തണുപ്പുള്ളതായി തുടരും.
സമീപ ജില്ലകളിലും ശക്തമായ തണുപ്പാണ് രേഖപ്പെടുത്തിയത്. വിജയപുര, ബെലഗാവി ഉൾപ്പെടെയുള്ള വടക്കൻ - ഉൾനാടൻ കർണാടകയിൽ ഏകദേശം 11 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞു. ഇത് സാധാരണ ഈ സമയത്ത് ഉണ്ടാകുന്ന താപനിലയേക്കാൾ ഏകദേശം 4-5 ഡിഗ്രി സെൽഷ്യസ് കുറവാണ്.
തെളിഞ്ഞ ആകാശവും ഉത്തരേന്ത്യയിൽ നിന്ന് തെക്കോട്ടടിക്കുന്ന തണുത്ത വടക്ക്-കിഴക്കൻ കാറ്റുകളുമാണ് താപനിലയിലെ ഈ പെട്ടെന്നുള്ള കുറവിന് കാരണമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. സാധാരണയായി ഉണ്ടാകാറുള്ള വടക്ക്-കിഴക്കൻ മൺസൂൺ ദുർബലമായി തുടരുന്നു. ഇത് പ്രധാനമായും തമിഴ്‌നാടിന്‍റെ തീരദേശ മേഖലകളെയാണ് ബാധിക്കുന്നത്. അതുകൊണ്ട് കർണാടകയിൽ വരണ്ട, തണുത്ത കാലാവസ്ഥ തുടരുകയാണ്.
ആഘോഷിച്ച് നെറ്റിസെന്‍സ്
എന്നാൽ, ബംഗളൂരുവിലെ താമസക്കാർ ഈ തണുപ്പുകാലം സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ്. വടക്കേ ഇന്ത്യയ്ക്ക് സമാനമായ തണുപ്പാണ് ബംഗളൂരുവിലും അനുഭവപ്പെടുന്നതെന്ന് ചിലർ കുറിച്ചു. ബംഗളൂരു തണുത്തുറഞ്ഞാൽ കസോൾ പൂജ്യമാണെന്ന് ഒരാൾ എഴുതി. ഇപ്പോഴത്തെ കാലാവസ്ഥ പുതപ്പിനുള്ളിൽ ചുരുണ്ട് ഉറങ്ങാൻ പറ്റിയ സമയം ആണെന്ന് ഓർമ്മപ്പെടുത്തിയായിരുന്നു മറ്റു ചിലരുടെ കുറിപ്പുകൾ.


