Asianet News MalayalamAsianet News Malayalam

ഭീമൻ തൂണിൽ ഇന്ത്യൻ പതാക ഉയർത്താൻ യുഎസ്സിലെ ഇന്ത്യക്കാർ

ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാരുടെ സംഘടനായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ (എഫ്ഐഎ) ആഗസ്റ്റ് 15 -ന് ടൈംസ് സ്ക്വയറിൽ ത്രിവർണ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും.

biggest tricolour to be unfurled in Times Square in New York
Author
New York, First Published Aug 14, 2021, 2:41 PM IST

രാജ്യത്തെ 75 -ാമത് സ്വാതന്ത്ര്യദിനം അടുത്തെത്തിയിരിക്കുന്നു. കൊവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളൊന്നുമില്ലെങ്കിലും, ആളുകൾ അത് ആചരിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ പൗരന്മാർക്കൊപ്പം, യുഎസിലെ ആയിരക്കണക്കിന് പ്രവാസികളും സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് കഴിഞ്ഞു. ആ ദിവസത്തിന്റെ ഓർമയ്ക്കായി, യുഎസിലെ ഒരു പ്രമുഖ ഇന്ത്യൻ പ്രവാസ സംഘടന ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഓഗസ്റ്റ് 15 -ന് ഏറ്റവും വലിയ ത്രിവർണ പതാക ഉയർത്താൻ പദ്ധതിയിടുന്നു. 25 അടിയോളം നീളമുള്ള തൂണിൽ ആറടി നീളവും പത്ത് അടി വീതിയുമുള്ള ത്രിവർണ പതാകയാണ് ഉയർത്തുന്നത്.  

ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാരുടെ സംഘടനായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ (എഫ്ഐഎ) ആഗസ്റ്റ് 15 -ന് ടൈംസ് സ്ക്വയറിൽ ത്രിവർണ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ടൈംസ് സ്ക്വയറിലെ ആദ്യത്തെ ഇന്ത്യാ ഡേ ബിൽബോർഡ് 24 മണിക്കൂറും പ്രദർശിപ്പിക്കും. എംപയർ സ്റ്റേറ്റ് ബിൽഡിംഗ് ഇന്ത്യൻ ത്രിവർണ്ണത്തിന്റെ നിറങ്ങളിൽ പ്രകാശിപ്പിക്കും. സർക്കാർ-ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിലെ അംഗങ്ങളും പങ്കെടുക്കുന്ന ഹഡ്‌സൺ നദിയിലെ ഉല്ലാസയാത്രയോടെ ദിവസം അവസാനിക്കും. ടൈംസ് സ്ക്വയറിലെ ഏറ്റവും വലിയ പരസ്യ ബോർഡിൽ ഒരു സ്വാതന്ത്ര്യദിന സന്ദേശവും 24 മണിക്കൂറും പ്രദർശിപ്പിക്കും.

പതാക ഉയർത്തുന്നത് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറലായ രൺദീർ ജയ്‌സ്വാളാണ്. റോഡ് ഐലൻഡിലെ തലസ്ഥാനത്തും സംഘടന ത്രിവർണ്ണ പതാക ഉയർത്തുമെന്ന് എഫ്ഐഎയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അനിൽ ബൻസാൽ പറഞ്ഞു. ഇന്ത്യൻ അമേരിക്കനായ ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്ററായ 12 കാരനായ അഭിമന്യു മിശ്രയെയും 17 -കാരനായ സമീർ ബാനർജിയെയും ചടങ്ങിൽ ആദരിക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.  

Follow Us:
Download App:
  • android
  • ios