ഭാഗ്യവശാൽ, തീ സമീപത്തെ വീടുകളിലേക്ക് പടരുന്നതിന് മുൻപ് തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. ഇല്ലെങ്കിൽ, ആ പരിസരം തന്നെ കത്തി നശിച്ചേനെ.

കുഞ്ഞിന്റെ കളിപ്പാട്ടത്തിൽ നിന്ന് തീപിടിച്ച് പടിഞ്ഞാറൻ സിഡ്‌നിയിലെ ഒരു വീട് കത്തി നശിച്ചു. കുഞ്ഞിന്റെ റിമോട്ടിൽ പ്രവർത്തിപ്പിക്കുന്ന ഒരു കളിപ്പാട്ട കാറിൽ നിന്നുണ്ടായ തീപ്പൊരിയാണ് വൻതീപിടിത്തത്തിലേക്ക് നയിച്ചത്. എന്നാൽ, ഭാഗ്യത്തിന്, വീടിനുള്ളിൽ ഉണ്ടായിരുന്ന അമ്മയ്ക്കും, രണ്ട് കൊച്ചുകുട്ടികൾക്കും ജീവൻ നഷ്ടപ്പെട്ടില്ല.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം ഉണ്ടായത്. മെറിലാൻഡ്സിലെ ബൗഡൻ സ്ട്രീറ്റിലെ ഒരു വീട്ടിലായിരുന്നു തീപ്പിടിത്തമുണ്ടായത്. എന്നാൽ, വീട് ഒരു തീഗോളമായി മാറുന്നതിന് മുൻപ് തന്നെ അഗ്നിശമന സേന അവിടേയ്ക്ക് പാഞ്ഞെത്തി. കളിപ്പാട്ടം ചാർജിൽ ഇട്ടിരിക്കയായിരുന്നു. എന്നാൽ എന്തോ വൈദ്യുത തകരാർ മൂലം ബാറ്ററിയിൽ പ്രവർത്തിക്കുന്ന അതിൽ നിന്ന് തീയുയർന്നു. കളിപ്പാട്ട കാർ കൂടുതലും പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ചതായിരുന്നു. അതുകൊണ്ട് തന്നെ നിമിഷനേരത്തിൽ കാർ ഉരുകി നശിച്ചു. പിന്നാലെ വീടിനും തീ പിടിച്ചു. സാധനങ്ങൾ കത്തി നശിക്കാൻ പിന്നെ അധികം സമയം വേണ്ടി വന്നില്ല. വീടിനുള്ളിലെ പുതിയ ഫർണിച്ചറുകളും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അഗ്നിയ്ക്ക് ഇരയായി.

ഭാഗ്യവശാൽ, തീ സമീപത്തെ വീടുകളിലേക്ക് പടരുന്നതിന് മുൻപ് തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. ഇല്ലെങ്കിൽ, ആ പരിസരം തന്നെ കത്തി നശിച്ചേനെ. പിന്നീട് വീട്ടുകാരെ പാരാമെഡിക്കുകൾ പരിശോധിച്ചെങ്കിലും ചികിത്സയൊന്നും ആവശ്യമില്ലെന്ന് അവർ അറിയിച്ചു. സംഭവം നടന്നതിന്റെ പിറ്റേന്ന് ഫയർ ആൻഡ് റെസ്‌ക്യൂ സംഘം സ്ഥലം സന്ദർശിച്ചു. റിമോട്ട് കൺട്രോൾ ടോയ് കാറാണ് തീപിടിത്തത്തിന് കാരണമായതെന്ന് അവർ സ്ഥിരീകരിച്ചു. ചാർജിലിട്ട കളിപ്പാട്ടത്തിന്റെ തകരാറാണ് തീപ്പൊരിയ്ക്ക് കാരണമായതെന്നും അവർ അനുമാനിച്ചു. അതേസമയം അടുത്തിടെയായി നിരവധി തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി ഫയർ ആൻഡ് റെസ്‌ക്യൂവിന്റെ സൂപ്രണ്ട് ആദം ഡ്യൂബെറി പറഞ്ഞു. അതിൽ മിക്കതും ഇത് പോലെ ചാർജ്ജ് ചെയ്ത ഉപകരണങ്ങളിൽ നിന്ന് ഉണ്ടായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാർജിലിടുന്ന ഉപകരണങ്ങൾ വൈദ്യുതി വലിച്ചെടുക്കുമ്പോൾ, അമിതമായി ചൂടാകാൻ ഇടയുണ്ട്. സാധാരണഗതിയിൽ ഇതുകൊണ്ട് പ്രശ്‌നമില്ല. എന്നാൽ നിർമാണത്തിലെ പാകപ്പിഴ മൂലമോ, അതല്ലെങ്കിൽ മറ്റേതെങ്കിലും വൈദ്യുത തകരാറു മൂലമോ ഇതുപോലെ അമിതമായി ചൂട് പിടിച്ച ഉപകരണം പൊട്ടിത്തെറിക്കാനും, കത്തി നശിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരം സാഹചര്യം ഒഴിവാക്കാൻ നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളെ കുറിച്ചും അദ്ദേഹം താമസക്കാരോട് പറഞ്ഞു. 

ഉപകരണത്തിനൊപ്പം നൽകുന്ന ഉചിതമായ ചാർജർ ഉപയോഗിച്ച് മാത്രം ഉപകരണം ചാർജ്ജ് ചെയ്യുക, അശ്രദ്ധമായി സാധനങ്ങൾ ചാർജിൽ ഇട്ട് പോകരുത്, രാത്രി മുഴുവൻ ചാർജ് ചെയ്യരുത്, കൂടാതെ തീ പടരാൻ സാധ്യതയില്ലാത്ത ഇടത്ത് ഉപകരണം ചാർജ് ചെയ്യണം, പ്ലാസ്റ്റിക്കുകൾ വളരെ വേഗത്തിൽ കത്തിത്തീരുമെന്ന് ഓർക്കുക, കൂടാതെ വീട്ടിൽ ഒരു അലാറം ഉണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ഡ്യൂബെറി ആളുകൾക്ക് നൽകിയത്.