"അടുത്തിടെയുണ്ടായ ബ്രേക്കപ്പിന്റെ വിഷമം കാരണം ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല, അതിനാൽ കുറച്ചുദിവസം അവധി വേണം". ഒരു ജെൻ സി ജീവനക്കാരൻ തൻ്റെ ബോസിന് അയച്ച അവധി അപേക്ഷയിലെ കാരണം ഇതാണ്..
അവധിക്കുള്ള കാരണം എന്താണെന്ന് ചോദിച്ചാൽ, മിക്കവരും സാധാരണ രോഗമോ, അത്യാവശ്യ യാത്രയോ, കുടുംബപരമായ കാര്യങ്ങളോ ഒക്കെയായിരിക്കും പറയാറ്. എന്നാൽ, തൻ്റെ ജെൻ സി ജീവനക്കാരൻ നൽകിയ കാരണം കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് ഒരു സിഇഒ. 'ബ്രേക്കപ്പ് ആയതുകൊണ്ട് മാനസികമായി ബുദ്ധിമുട്ടുണ്ട്, ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. അതിനാൽ ഒരാഴ്ച അവധി വേണം' എന്നായിരുന്നു അപേക്ഷയിലെ ഉള്ളടക്കം.
ഗുരുഗ്രാം ആസ്ഥാനമായുള്ള 'നോട്ട് ഡേറ്റിങ്' കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ജസ്വീർ സിംഗ് ആണ് തനിക്ക് ലഭിച്ച ഈ വ്യത്യാസ്തമായ അവധിയുടെ സ്‌ക്രീൻഷോട്ട് എക്‌സിൽ പങ്കുവെച്ചത്. "ഇന്നലെ എനിക്ക് ലഭിച്ച ഏറ്റവും സത്യസന്ധമായ അവധി അപേക്ഷയാണിത്. ജെൻ സി ഫിൽട്ടറുകൾ ഉപയോഗിക്കാറില്ല" എന്നായിരുന്നു ഈ പോസ്റ്റിന് ക്യപ്ഷനായി സിഇഒ നൽകിയാത്.
ജീവനക്കാരൻ അയച്ച ഇ-മെയിലിൻ്റെ ഉള്ളടക്കം ഇങ്ങനെ:
"ഹലോ സർ, എനിക്ക് അടുത്തിടെ ഒരു ബ്രേക്കപ്പ് ഉണ്ടായി. അതുകൊണ്ട് ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. എനിക്ക് ഒരു ചെറിയ ഇടവേള ആവശ്യമാണ്. ഞാൻ ഇന്ന് വർക്ക് ഫ്രം ഹോം ആണ്. അതിനാൽ 28 മുതൽ 8 വരെ അവധി എടുക്കാൻ ആഗ്രഹിക്കുന്നു" എന്നായിരുന്നു ജസ്വീർ സിംഗ് പങ്കുവെച്ച സ്‌ക്രീൻഷോട്ടിൽ ഉണ്ടായിരുന്നത്.
ഈ പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായതോടെ, സിഇഒ അവധി അനുവദിച്ചോ എന്നായി പലരുടെയും ചോദ്യം. "ഉടൻതന്നെ അവധി അനുവദിച്ചു", എന്നായിരുന്നു സിഇഒയുടെ മറുപടി. ഈ മറുപടി, അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ കയ്യടി നേടിക്കൊടുത്തു.
ജീവനക്കാരൻ തൻ്റെ മാനസികാവസ്ഥ തുറന്നുപറഞ്ഞതിലെ സത്യസന്ധതയും, അതിനോട് സിഇഒ പുലർത്തിയ മനുഷ്യത്വപരമായ സമീപനവുമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാവിഷയം. ജോലിസ്ഥലത്ത് ജീവനക്കാരുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള സംവാദങ്ങൾക്ക് ഇയൊരു സംഭവം തിരികൊളുത്തി.
ജെൻ സി തലമുറ ജോലിസ്ഥലങ്ങളിൽ അവരുടെ പുതിയ സമീപനങ്ങൾ കൊണ്ട് ശ്രദ്ധ നേടുകയാണ്. മാനസികാരോഗ്യവും, ജോലിയും, വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് ഈ തലമുറ കൂടുതൽ പ്രാധാന്യം നൽകുന്നു. വികാരങ്ങളെയും വ്യക്തിപരമായ കാര്യങ്ങളെയും തുറന്നു സംസാരിക്കാൻ ഇവർ മടിക്കണിക്കുന്നില്ല എന്നാതിന് ഒരു ഉദാഹരണം കുടിയാണിത്.
