എന്തായാലും, വീഡിയോ കണ്ടതോടെ ഒരുപാടുപേർ അതിന് കമന്റുകളുമായും എത്തിയിട്ടുണ്ട്. അസാമാന്യധൈര്യം തന്നെ എന്നായിരുന്നു ചിലരുടെയെല്ലാം കമന്റ്.
ഗാർഡനിംഗ് ഇഷ്ടമില്ലാത്തവരായി വളരെ ചുരുക്കം ചിലരേ കാണൂ. ബാൽക്കണിയിലും ടെറസിലും ജനാലകളിലും ഒക്കെ ചെടികൾ വയ്ക്കുന്നവർ ധാരാളമുണ്ട്. എന്നാൽ, ഗാർഡനിംഗിനോടുള്ള പ്രേമം കൊണ്ട് ഏതറ്റം വരേയും പോകുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ദേ ഈ സ്ത്രീ അങ്ങനെ ഒരാളാവാനാണ് സാധ്യത എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോ കാണുമ്പോൾ തന്നെ പേടിയാവുന്നു എന്നാണ് പലരും വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നതും.
തന്റെ അപാർട്മെന്റ് ബാൽക്കണിയുടെ അറ്റത്ത് നിന്നുകൊണ്ട് ഒരു സ്ത്രീ ചെടികൾ നടുന്നതാണ് വീഡിയോയിൽ കാണുന്നത്. അത് മാത്രമല്ല, അവിടെ ഒരുതരത്തിലുള്ള ബാൽക്കണി റെയിലിംഗുകളും ഇല്ല. വളരെ ഇടുങ്ങിയ ഒരു സ്ഥലത്താണ് അവർ നിൽക്കുന്നത്. അതും മുകളിലുള്ള ഏതോ ഒരു നിലയിലാണ് അവരുള്ളത് എന്നും വീഡിയോയിൽ കാണാം. എന്നാൽ, ഇതൊന്നും അവരെ യാതൊരു തരത്തിലും ബാധിക്കാത്ത തരത്തിൽ വളരെ കൂളായിട്ടാണ് അവരുടെ നിൽപ്പ്. അവിടെ നിന്നുകൊണ്ട് അവർ ചെടിച്ചട്ടികളും ചെടികളുമായി എന്തൊക്കെയോ ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഈ ഗാർഡനിംഗ് വീഡിയോ കാണുന്നവരെ ഭയപ്പെടുത്തുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല.
എന്തായാലും, വീഡിയോ കണ്ടതോടെ ഒരുപാടുപേർ അതിന് കമന്റുകളുമായും എത്തിയിട്ടുണ്ട്. അസാമാന്യധൈര്യം തന്നെ എന്നായിരുന്നു ചിലരുടെയെല്ലാം കമന്റ്. മറ്റ് ചിലർ കമന്റ് ചെയ്തത് ഈ വീഡിയോ കാണുമ്പോൾ തന്നെ പേടിയാവുന്നു. ആ സ്ത്രീയെ സമ്മതിക്കണം എന്നാണ്. ഗാർഡനിംഗിനോടുള്ള പലതരത്തിലുള്ള പ്രേമവും കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒന്ന് ആദ്യമായിട്ടാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.
എന്നാൽ, അതേസമയം തന്നെ ഫ്ലാറ്റിലെ മറ്റ് ബാൽക്കണികളിൽ റെയിലിംഗുകൾ സ്ഥാപിച്ചിരിക്കുന്നതായി കാണാം. അതിനാൽ തന്നെ ഈ വീഡിയോ എഡിറ്റ് ചെയ്തതാണ് എന്നും അതിൽ നിന്നും റെയിലിംഗുകൾ എടുത്ത് മാറ്റിയതാവണം എന്നും അഭിപ്രായപ്പെട്ടവർ ഉണ്ട്. അങ്ങനെയും സംശയിക്കാവുന്നതാണ്.


