ന്യൂയോർക്ക് നഗരത്തിലെ സുരക്ഷ പരിശോധിക്കാൻ സാംബുച്ച എന്ന ഉള്ളടക്ക നിർമ്മാതാവ് നടത്തിയ സാമൂഹിക പരീക്ഷണത്തിൽ, ഉപേക്ഷിച്ച ലാപ്‌ടോപ്പ് വെറും അഞ്ച് മിനിറ്റിനുള്ളിൽ മോഷ്ടിക്കപ്പെട്ടു. നഗരങ്ങളുടെ സുരക്ഷാ സൂചികയിൽ ന്യൂയോർക്ക് പിന്നിലാണെന്ന് റിപ്പോർട്ടുകൾ.
ഏറ്റവും ഒടുവിൽ വന്ന യുഎസ് നഗരങ്ങളുടെ സുരക്ഷാ സൂചികകളില്‍ രാജ്യതലസ്ഥാനമായ ന്യൂയോർക്കിന്‍റെ സ്ഥാനം പിന്നിലേക്കാണ്. വാലറ്റ്ഹബ് 2025 -ൽ നടത്തിയ യുഎസ് നഗരങ്ങളുടെ സുരക്ഷാ സൂചികയിലാണ് ന്യൂയോർക്ക് പല സ്ഥാനം പിന്നിലേക്ക് നീങ്ങി 117 -ാം സ്ഥാനത്തെത്തിയത്. അതും യുഎസിലെ 180 നഗരങ്ങളുടെ കണക്കെടുപ്പിലാണെന്ന് ഓർക്കണം. ഈ റിപ്പോര്‍ട്ടുകൾക്ക് പിന്നാലെ സമൂഹ മാധ്യമ ഉള്ളടക്ക നിർമ്മാതാവായ സാംബുച്ച എന്നറിയപ്പെടുന്ന സാം ബെറെസ് ന്യൂയോർക്കിന്‍റെ സാമൂഹിക സുരക്ഷ പരിശോധിക്കാനിറങ്ങിയപ്പോൾ നേരിട്ട യാഥാര്‍ത്ഥ്യം സമൂഹ മാധ്യമ ഉപയോക്താക്കളെയും ഞെട്ടിച്ചു.
വെറും അഞ്ച് മിനിറ്റ്
ന്യൂയോർക്ക് നഗരത്തിൽ ഒരു ലാപ്‌ടോപ്പ് എത്ര വേഗത്തിൽ മോഷ്ടിക്കപ്പെടുമെന്ന് അറിയാനായിരുന്നു സാംബുച്ചയുടെ സാമൂഹിക പരീക്ഷണം, ആ പരീക്ഷണത്തിന്‍റെ ഫലങ്ങൾ പലരെയും അത്ഭുതപ്പെടുത്തി. പരീക്ഷണം ആരംഭിച്ച് വെറും അഞ്ച് മിനിറ്റിന് ശേഷം ലാപ് ടോപ്പ് മോഷണം പോയി. 'ന്യൂയോർക്ക് സിറ്റിയിൽ ഒരാൾ നിങ്ങളുടെ ലാപ്‌ടോപ്പ് മോഷ്ടിക്കാൻ എത്ര സമയമെടുക്കും?' എന്നതായിരുന്നു സാംബുച്ചയുടെ ചോദ്യം.
പിന്നാലെ അദ്ദേഹം ന്യൂയോർക്ക് സിറ്റിയിലെ വാഷിംഗ്ടണ്‍ പാർക്കിൽ ഒരു ലാപ്‌ടോപ്പ് ഉപേക്ഷിച്ചിക്കുന്നു, തുടക്കത്തിൽ ആരും ലാപ്‌ടോപ്പിലേക്ക് ശ്രദ്ധിക്കുന്നില്ല. എന്നാൽ കുറച്ച് മിനിറ്റുകൾക്ക് ശേഷം ആളുകൾ അതിലേക്ക് തുറിച്ചുനോക്കാൻ തുടങ്ങുന്നു. ബെറസ് സജ്ജമാക്കിയ ടൈമറിൽ സമയം മുന്നോട്ട് നീങ്ങുന്നതിനിടെ ഒരാൾ വന്ന് ലാപ്ടോപ്പുമായി പോകുന്നു.
ഞെട്ടിയത് സമൂഹ മാധ്യമ ഉപയോക്താക്കൾ
വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമെന്ന് അവകാശപ്പെടുന്ന യുഎസിന്‍റെ തലസ്ഥാനത്തെ സുരക്ഷ ഇതാണെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ എന്താണ് അവസ്ഥയെന്ന് നിരവധി പേര്‍ ആശങ്കപ്പെട്ടു. ചിലർ നഗരത്തിലെ കുറ്റകൃത്യ നിരക്കിനെ കുറിച്ച് ആശങ്കപ്പെട്ടു. മറ്റ് ചിലർ തമാശക്കുറിപ്പുകളാണ് കുറിച്ചത്. ശരിയായ ഉടമയെ കണ്ടെത്താന്‍ അയാൾ അത് വീട്ടിലേക്ക് കൊണ്ട് പോയതാണെന്നും പുതിയ ജോലിക്ക് ലാപ്പ്ടോപ് ആവശ്യമുള്ളതിനാലാണ് അദ്ദേഹം അത് എടുത്തമെന്നുമായിരുന്നു ചിലരെഴുതിയത്.


