വീഡിയോ പകർത്തിയയാൾ പറയുന്നത് ഇത് മിനിറ്റുകളോളം നീണ്ടുനിന്നു എന്നും ചുംബിച്ച പുരുഷന്മാർ വരന്റെ കൂട്ടുകാരാണ് എന്നുമാണ്.

ചൈനയിലെ ഷാൻസി പ്രവിശ്യയിൽ നടന്ന ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ അവിടുത്തെ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത വിമർശനത്തിന് കാരണമാകുന്നത്. വിവാഹത്തിന് വധുവിനൊപ്പം ഉറ്റതോഴികളായ ബ്രൈഡ്സ്‍മെയ്‍ഡുമാരുണ്ടാവാറുണ്ട് അല്ലേ? അത്തരം രണ്ട് ബ്രൈഡ്സ്‍മെയ്ഡുമാരായ യുവതികളെ ഒരു ഇലക്ട്രിക് ബൈക്കിൽ കെട്ടിയിട്ട ശേഷം അപരിചിതരായ പുരുഷന്മാർ അവരെ നിർബന്ധപൂർവം ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലായി മാറിയത്. ഈ പുരുഷന്മാർ വരന്റെ സുഹൃത്തുക്കളാണ് എന്നാണ് കരുതുന്നത്. ചൈനയിലെ സോഷ്യൽ മീഡിയയിൽ അതിവേ​ഗത്തിൽ വൈറലായ ദൃശ്യങ്ങൾ കടുത്ത വിമർശനത്തിന് കാരണമായി തീരുകയായിരുന്നു.

ഇത്തരം പ്രവൃത്തികളും ആചാരങ്ങളും ക്രൂരമാണ് എന്നും ഇത് സ്ത്രീകളോട് ലൈം​ഗികാതിക്രമം കാണിക്കുന്നതിന് തുല്ല്യമാണ് എന്നും അനേകം പേരാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ പുറത്തിറങ്ങിയ വീഡിയോയിൽ നിരവധി പുരുഷന്മാർ ചേർന്ന് രണ്ട് സ്ത്രീകളെ ഒരു ഇലക്ട്രിക് ബൈക്കിൽ കെട്ടിയിടുകയും ഒരാൾ ഇവരുടെ തല താഴ്ത്തിപ്പിടിച്ചിരിക്കുമ്പോൾ മറ്റൊരാൾ അവരെ ചുംബിക്കുകയും ചെയ്യുന്നതാണ് കാണുന്നത്.

വീഡിയോ പകർത്തിയയാൾ പറയുന്നത് ഇത് മിനിറ്റുകളോളം നീണ്ടുനിന്നു എന്നും ചുംബിച്ച പുരുഷന്മാർ വരന്റെ കൂട്ടുകാരാണ് എന്നുമാണ്. ഈ വരന്റെ ഭാ​ഗത്ത് നിന്നുള്ള ​ഗ്രൂംസ്മെൻ -നെ ഈ യുവതികൾക്ക് നേരിട്ട് പരിചയമില്ല എന്നും വീഡിയോ പകർത്തിയവർ പറയുന്നു. വീഡിയോയിൽ, ഒരു സ്ത്രീ ആകെ ദുഃഖിതയായിരിക്കുന്നതും, മറ്റൊരാൾ ആകെ ചുവന്നു തുടുത്തിരിക്കുന്നതും കാണാമെന്നും റിപ്പോർട്ടുകൾ പറയുന്നു. രണ്ട് സ്ത്രീകളും ദുഃഖിതരാണ് എന്നും ആളുകൾ കമന്റിൽ സൂചിപ്പിച്ചു. ഹൺ നാവോ (hun nao) എന്നറിയപ്പെടുന്ന വിവാഹത്തോട് അനുബന്ധിച്ചുള്ള ഒരു പ്രാങ്കിന്റെ ഭാ​ഗമാണ് ഇത്. ചൈനയുടെ ചില ഉൾപ്രദേശങ്ങളിൽ ഇപ്പോഴും ഇത് നടക്കുന്നുണ്ടത്രെ. എന്തായാലും, ഇത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമമാണ് എന്ന് പറഞ്ഞ് രൂക്ഷവിമർശനമാണ് ഇപ്പോൾ ഉയരുന്നത്.