പട്ടിക്കുട്ടിയുടെ മാന്തലില്‍ കാര്യമായൊരു പോറല്‍ പോലുമുണ്ടായിരുന്നില്ല. പക്ഷേ അവധി ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം തോന്നി.

നുഷ്യനോട് ഏറ്റവും വിധേയത്വമുള്ള മൃഗമാണ് നായയെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിരവധി ആളുകൾക്കാണ് പരിക്കേൽക്കുകയും അത് വഴി പേവിഷബാധയേറ്റ് മരിക്കുകയും ചെയ്തിട്ടുള്ളത്. പലപ്പോഴും നായകളുടെ ആക്രമണത്തിൽ ഏൽക്കുന്ന ചെറിയ പരിക്കുകളെ നമ്മൾ അത്ര ഗൗരവമായി കാണാറില്ല. അതിനാൽ തന്നെ സമയബന്ധിതമായ ചികിത്സയും സ്വീകരിക്കാറില്ല. എന്നാൽ, നായ്ക്കളുടെ ആക്രമണത്തിൽ ഏൽക്കുന്ന പരിക്ക് എത്ര നിസ്സാരമാണെങ്കിലും ഗൗരവകരമായ തന്നെ കണ്ട് വൈദ്യ പരിചരണം നേടേണ്ടത് അത്യാവശ്യമാണെന്ന് തെളിയിക്കുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടു.

മൊറോക്കോയിലെ അവധി ആഘോഷത്തിനിടെയിൽ ഒരു തെരുവ് നായയിൽ നിന്നും ഏറ്റ ചെറിയ പരിക്ക് നിസാരമായി കണ്ട് ആവശ്യമായ വൈദ്യസഹായം തേടാതിരുന്നതിനെ തുടർന്ന് 59 -കാരിയായ സ്ത്രീ മരിച്ചെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. യുകെ സ്വദേശിനിയായ ഇവർ റാബിസ് ബാധിച്ചാണ് മരണപ്പെട്ടത്. ഈ ദൗർഭാഗ്യകരമായ സംഭവം ഒരു പാഠമായിയെടുത്ത് നായ്ക്കളുടെ ആക്രമണത്തിൽ ചെറിയ പോറലേറ്റാൽ പോലും വൈദ്യസഹായം തേടാൻ ആരും മടിക്കരുതെന്ന് മരണപ്പെട്ട സ്ത്രീയുടെ ബന്ധുക്കൾ അഭ്യർത്ഥിച്ചു.

സൗത്ത് യോർക്ക്ഷെയറിലെ ബാർൺസ്‌ലിയിൽ നിന്നുള്ള ഇവോൺ ഫോർഡ് എന്ന സ്ത്രീയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഫെബ്രുവരിയിൽ കുടുംബത്തോടൊപ്പമുള്ള അവധിക്കാല യാത്രയ്ക്കിടയിലാണ് മൊറോക്കോയിൽ വെച്ച് ഒരു തെരു നായക്കുട്ടിയിൽ നിന്ന് ഇവര്‍ക്ക് ചെറിയൊരു പോറലേറ്റത്, ആ പരിക്ക് വളരെ നിസ്സാരമായി കാണപ്പെട്ടതിനാൽ ആരും ആശങ്കപ്പെടുകയോ വൈദ്യസഹായം തേടുകയോ ചെയ്തില്ലെന്ന് അവരുടെ മകൾ റോബിൻ തോംസൺ പറയുന്നു. പക്ഷേ ആ ചെറിയൊരു അലംഭാവത്തിന്‍റെ അനന്തരഫലം വളരെ വലുതായിരുന്നുവെന്നാണ് റോബിൻ തോംസൺ പറയുന്നത്.

രണ്ടാഴ്ച മുമ്പാണ് ഫോർഡിന് റാബിസിന്‍റെ ലക്ഷണങ്ങൾ അനുഭവപ്പെട്ട് തുടങ്ങിയത്. പെട്ടെന്നുണ്ടായ അതിരൂക്ഷമായ തലവേദനയായിരുന്നു ആദ്യ ലക്ഷണം. തലവേദന ശക്തമായതോടെ അവശതയിലായ ഫോർഡിന് നടക്കാനും സംസാരിക്കാനും ഉറങ്ങാനും ഭക്ഷണങ്ങൾ ഇറക്കിവിടാനുമുള്ള കഴിവ് നഷ്ടപ്പെട്ടു. ഒടുവിൽ അവൾ മരണത്തിന് കീഴടങ്ങി. അവധിക്കാല ആഘോഷങ്ങൾക്ക് ശേഷം യുകെയിൽ തിരിച്ചെത്തിയ അവർ ആദ്യം ബാർൺസ്‌ലി ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് ഷെഫീൽഡിലെ റോയൽ ഹാലംഷയർ ആശുപത്രിയിലേക്ക് മാറുകയും ചെയ്തു. അവിടെ വെച്ചാണ് റാബിസ് ബാധിച്ചതായി കണ്ടെത്തിയത്. ജൂൺ 11 ന് ഫോർഡ് മരണത്തിന് കീഴടങ്ങി.\