ഭാര്യയ്ക്കും മകനും ഒപ്പമിരിക്കാന്‍ യാത്രക്കാരനോട് സീറ്റ് മാറാന്‍ എംഎൽഎ ആവശ്യപ്പെട്ടു. എന്നാല്‍ യാത്രക്കാരന്‍ ഇത് നിഷേധിച്ചു.

ന്ദേഭാരത് എക്സ്പ്രസില്‍ കയറിയ ബിജെപി എംഎല്‍എയ്ക്ക് വേണ്ടി സൈഡ് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിന്‍റെ പേരില്‍ യാത്രക്കാരന് ബിജെപി പ്രവര്‍ത്തകരുടെ വക തല്ല്. ദില്ലിയില്‍ നിന്നും ഭോപാലിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ഝാന്‍സി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവമെന്ന് ഫ്രീപ്രസ് ജേർണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഝാന്‍സിക്ക് സമീപത്തെ ദാദാഗഞ്ച് നിയോജകമണ്ഡലത്തിലെ എംഎൽഎയായ രാജീവ് സിംഗിന്‍റെ അനുയായികളാണ് യാത്രക്കാരനെ തല്ലിയത്.

ദില്ലിയില്‍ നിന്നും വന്ദേഭാരതിന്‍റെ ഇ 2 കോച്ചിലാണ് രാജീവ് സിംഗ് എംഎൽഎയും ഭാര്യയും മകനും കയറിയത്. ഭാര്യയ്ക്കും മകനും 50, 51 സീറ്റുകാളാണ് ലഭിച്ചത്. 49 -ാം നമ്പര്‍ സീറ്റ് വിന്‍റോ സീറ്റായിരുന്നു. അത് ലഭിച്ചത് രാജ് പ്രകാശ് എന്ന യാത്രക്കാരനും. രാജീവ് സിംഗ് എംഎല്‍എ, രാജ് പ്രകാശിനെ സമീപിച്ച് ഭാര്യയ്ക്കും മകനുമൊപ്പം ഇരിക്കാനായി എട്ടാം നമ്പര്‍ സീറ്റിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, എംഎല്‍എയുടെ ആവശ്യം രാജ് പ്രകാശ് തള്ളിക്കളഞ്ഞു.

Scroll to load tweet…

ദില്ലിയില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ ഝാന്‍സി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോൾ എഴ് എട്ട് പേര്‍ ഇ 2 കംമ്പാര്‍ട്ട്മെന്‍റിലേക്ക് പാഞ്ഞ് കയറി. ഇവര്‍ നേരെ രാജ് പ്രകാശിന്‍റെ അടുത്തേക്ക് വരികയും അദ്ദേഹത്തെ ആദ്യം അടിക്കുകയും പിന്നാലെ നിരവധി തവണ ഇടിക്കുകയും ചെയ്തു. ആക്രമണത്തില്‍ രാജ് പ്രകാശിന്‍റെ മൂക്കിന്‍റെ പാലം തകരുകയും ധാരാളം ചോര നഷ്ടപ്പെടുകയും ചെയ്തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Scroll to load tweet…

ഈ സമയം അതേ കോച്ചിലുണ്ടായിരുന്ന മുന്‍ മധ്യപ്രദേശ് മന്ത്രി റാംനിവാസ് റാവന്ത്, സംഭവത്തെ കുറിച്ച് തന്‍റെ എക്സ് അക്കൗണ്ടിലൂടെ എഴുതി. റെയില്‍വേ സ്റ്റേഷനില്‍ വച്ച് എഴ് എട്ട് പേര്‍ കയറി ഒരു യാത്രക്കാരനെ എല്ലാവരുടെയും മുന്നില്‍ വച്ച് മര്‍ദ്ദിച്ചെന്നും ഇത് കണ്ട് നിന്ന പോലീസുകാര്‍ അക്രമികളെ സഹായിക്കുകയായിരുന്നെന്നും അദ്ദേഹം കുറിച്ചു.

Scroll to load tweet…

സംഭവം വിവാദമായതോടെ രാജീവ് സിംഗ് എംഎല്‍എ തന്‍റെ ഭാഗം ന്യായീകരിച്ച് എക്സില്‍ കുറിച്ചു. 49, 52 സീറ്റുകളില്‍ ഇരുന്ന യാത്രക്കാര്‍ വികലമായ രീതിയില്‍ കാലുകൾ പിണച്ച് വച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. ഇത് തന്‍റെ ഭാര്യയ്ക്കും മകനും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചു. വളരെ മാന്യമായി അവരോട് നേരെ ഇരിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ അവര്‍ മോശം ഭാഷയായിരുന്നു ഉപയോഗിച്ചതെന്ന് എംഎല്‍എ ആരോപിച്ചു. മാത്രമല്ല, പ്രശ്നം വഷളാക്കേണ്ടെന്ന് കരുതി താന്‍ അവിടെ നിന്നും മാറിയെന്നും എന്നാല്‍, താനാണ് അവരെ വിളിച്ച് വരുത്തിയതെന്ന് ചില യാത്രക്കാര്‍ തെറ്റിദ്ധരിച്ചതായും എംഎൽഎ എഴുതി. പിന്നാലെ ജിആര്‍പി സ്റ്റേഷനില്‍ തിരിച്ചറിയാന്‍ പറ്റാത്ത രണ്ട് പേര്‍ക്കെതിരെ എംഎല്‍എ എഫ്ഐആറും ഫയല്‍ ചെയ്തു.

Scroll to load tweet…

അതേസമയം മറ്റ് യാത്രക്കാര്‍ എംഎൽഎ പറഞ്ഞതിന് വിരുദ്ധമായ രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേഭാരതില്‍ പോലീസുകാര്‍ നോക്കി നില്‍ക്കെ യാത്രക്കാരെ മര്‍ദ്ദിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളിലും രൂക്ഷമായ പ്രതികരണമാണ് ഉയരുന്നത്.