Asianet News MalayalamAsianet News Malayalam

'ഐ ആം സോറി', രണ്ട് തവണ കളവ് നടത്തിയ വീട്ടിൽ കള്ളന്റെ കുറിപ്പ്, യുവതി കള്ളനെ പിടികൂടിയത് ഇങ്ങനെ

ആദ്യം കാശും ബാങ്ക് കാർഡും അടങ്ങിയ പഴ്സ് കാണാതെ പോയത് മാത്രമാണ് യുവതിയുടെ ശ്രദ്ധയിൽ പെട്ടത്. പിറ്റേന്ന് അവളുടെ കസിൻ എത്തിയപ്പോഴാണ് ടിവി അടക്കം പല വസ്തുക്കളും വീട്ടിൽ നിന്നും കാണാതെ പോയതായി ശ്രദ്ധയിൽ പെട്ടത്.

Burglar leaves apology note after theft rlp
Author
First Published Jun 2, 2023, 8:39 AM IST

കള്ളന്മാരില്ലാത്ത നാട് കാണില്ല അല്ലേ? പലരുടേയും പേടിസ്വപ്നമാണ് വീട്ടിൽ കള്ളൻ കയറുമോ, എന്തെങ്കിലും ഒക്കെ എടുത്തോണ്ട് പോകുമോ, ഉപദ്രവിക്കുമോ എന്നതെല്ലാം. അതുപോലെ ഒരു വീട്ടിൽ കള്ളൻ കയറി. അതും ഒറ്റത്തവണ അല്ല. ഒരേ വീട്ടിൽ തന്നെ രണ്ട് തവണയാണ് കള്ളൻ കയറിയത്. രണ്ടാമത്തെ തവണ ഒരുലക്ഷത്തിലധികം വില വരുന്ന സാധനങ്ങളും അടിച്ചെടുത്താണ് കള്ളൻ സ്ഥലം വിട്ടത്. എന്നാൽ, മോഷണം കഴിഞ്ഞ് അധികം ആളുകളൊന്നും ചെയ്യാത്ത ഒരു കാര്യം കള്ളൻ ചെയ്തു. എന്താണ് എന്നല്ലേ? ഒരു ക്ഷമാപണക്കുറിപ്പ് കൂടി എഴുതി വച്ചു. അതിൽ, 'ഐ ആം സോറി' എന്നാണ് എഴുതിയിരുന്നത്. 

സൈമൺ ടോളി എന്ന 39 -കാരനായ മോഷ്ടാവാണ് കളവ് നടത്തിയത്. ടെലിവിഷൻ, പിറ്റ് ബൈക്ക്, പഴ്സ്, ബാങ്ക് കാർഡ് തുടങ്ങിയ വസ്തുക്കളാണ് ഇയാൾ ഈ വീട്ടിൽ നിന്നും മോഷ്‌ടിച്ചത്. ഇവയെല്ലാം എടുത്ത് കടന്നു കളയുന്നതിന് മുമ്പായിട്ടാണ് ടോളി ഒരു ക്ഷമാപണക്കുറിപ്പ് എഴുതി അവിടെ വച്ചത്. യുകെയിലാണ് ഈ മോഷണം നടന്നത്. വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ വീടൊക്കെ പൂട്ടി ഭദ്രമാക്കിയിറങ്ങിയതാണ് വീട്ടുടമയായ യുവതി. എന്നാൽ, പിറ്റേ ദിവസം യുവതി എത്തുമ്പോഴേക്കും ടോളി വീട്ടിൽ കയറി മോഷണം നടത്തിയിരുന്നു. 

ആദ്യം കാശും ബാങ്ക് കാർഡും അടങ്ങിയ പഴ്സ് കാണാതെ പോയത് മാത്രമാണ് യുവതിയുടെ ശ്രദ്ധയിൽ പെട്ടത്. പിറ്റേന്ന് അവളുടെ കസിൻ എത്തിയപ്പോഴാണ് ടിവി അടക്കം പല വസ്തുക്കളും വീട്ടിൽ നിന്നും കാണാതെ പോയതായി ശ്രദ്ധയിൽ പെട്ടത്. അതിനിടെ യുവതിക്ക് തന്റെ കാർഡുപയോ​ഗിച്ച് ആരോ പണം വലിച്ചതായുള്ള നോട്ടിഫിക്കേഷനും ഫോണിൽ കിട്ടി. 

അതിനിടെ ടോളി മോഷ്ടിച്ച പിറ്റ് ബൈക്ക് യുവതിയുടെ അയൽക്കാരന് വിൽക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇയാൾ യുവതിയെ കാര്യം അറിയിച്ചു. അതോടെ കള്ളനെ തപ്പിയിറങ്ങുകയായിരുന്നു യുവതി. അവൾ ഫേസ്ബുക്കിൽ ചില അന്വേഷണങ്ങളൊക്ക നടത്തി. ഒടുവിൽ നേരിട്ട് ടോളിയെ ബന്ധപ്പെട്ടു. കാർഡ് ഉപയോ​ഗിച്ച് പണം പിൻവലിച്ചു എന്നും ആ പണം തിരികെ തരാമെന്നും ടോളി യുവതിയോട് സമ്മതിച്ചു. 

ഏതായാലും വൈകാതെ ഇയാൾ പൊലീസ് പിടിയിലായി. രണ്ട് വർഷം തടവിനും ശിക്ഷിക്കപ്പെട്ടു. ഇയാൾ നേരത്തെ ഒരു പതിറ്റാണ്ടോളം വിജയകരമായി ബിസിനസ് നടത്തിയിരുന്നു. എന്നാൽ, അത് തകർന്നു. കുടുംബജീവിതവും തകർന്നു. പിന്നാലെ വീടും നഷ്ടപ്പെടുകയായിരുന്നു. പിന്നീടാണ് മോഷണത്തിലേക്കും മറ്റും തിരിഞ്ഞത് എന്ന് പറയുന്നു. 

Follow Us:
Download App:
  • android
  • ios