അവിടം കൊണ്ടും തീർന്നില്ല, ഡ്രൈവർ യുവതിയോട് നിങ്ങളെ ഞാൻ ഒരു ജോലി കണ്ടെത്താൻ സഹായിക്കാം എന്നാണ് അടുത്തതായി പറയുന്നത്. മുറികൾ ക്ലീൻ ചെയ്താൽ മതി, ബുദ്ധിമുട്ടുള്ള ജോലിയൊന്നും അല്ല എന്നും ഇയാൾ പറയുന്നു.
ടൂറിസ്റ്റായ യുവതിയോട് മോശമായി പെരുമാറുന്ന വീഡിയോ പുറത്തുവിട്ടു, ടാക്സി ഡ്രൈവർക്കെതിരെ വൻ വിമർശനം. സൗത്ത് കൊറിയയിൽ നിന്നുള്ള ടാക്സി ഡ്രൈവറാണ് തായ് ടൂറിസ്റ്റിനോട് മോശം പരാമർശം നടത്തിയത്. സിയോൾ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
ജൂൺ 19 -നാണ് യുവതി വീഡിയോ പോസ്റ്റ് ചെയ്തത്. ഡ്രൈവർ ട്രാൻസ്ലേഷൻ ആപ്പ് ഉപയോഗിച്ചിട്ടാണ് യുവതിയുമായി സംസാരിക്കുന്നത്. സംഭാഷണത്തിനിടയിൽ അവൾക്ക് ഒരു കാമുകൻ ഉണ്ടായിരുന്നോ, എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് തുടങ്ങിയ നിരവധി ചോദ്യങ്ങൾ അയാൾ യുവതിയോട് ചോദിക്കുന്നുണ്ട്.
അവിടം കൊണ്ടും തീർന്നില്ല, ഡ്രൈവർ യുവതിയോട് നിങ്ങളെ ഞാൻ ഒരു ജോലി കണ്ടെത്താൻ സഹായിക്കാം എന്നാണ് അടുത്തതായി പറയുന്നത്. മുറികൾ ക്ലീൻ ചെയ്താൽ മതി, ബുദ്ധിമുട്ടുള്ള ജോലിയൊന്നും അല്ല എന്നും ഇയാൾ പറയുന്നു. ബുസാനിലേക്ക് പോകാനാണ് യുവതി സിയോളിലേക്ക് പോകുന്നത് എന്ന് അറിഞ്ഞപ്പോൾ ബുസാനിലേക്ക് താൻ കൊണ്ടുപോകാം എന്നും ഇയാൾ പറയുന്നുണ്ട്. എന്നാൽ, അതിനുശേഷം അയാൾ പറഞ്ഞത്, 'അതിനുള്ള പണമില്ലെങ്കിൽ നിങ്ങളുടെ ശരീരം തന്നാൽ മതി' എന്നാണ്.
അതുകേട്ടതോടെ യുവതി ആകെ പേടിച്ചുപോയി. മാത്രമല്ല, സംസാരിക്കുന്നതിന് വേണ്ടി അയാൾ പാതിവഴിയിൽ വാഹനം നിർത്തുക കൂടി ചെയ്തതോടെ താനാകെ പരിഭ്രമിച്ചു പോയി എന്നും അവർ പറയുന്നു. ഒടുവിൽ അയാൾ യുവതിയെ സിയോളിലെത്തിച്ചു. അവൾക്ക് ഫോൺ നമ്പർ നൽകുകയും തിരികെ വരുമ്പോൾ വിളിക്കണം എന്ന് പറയുകയും ചെയ്തുവത്രെ.
വാഹനം ബുക്ക് ചെയ്ത ആപ്പ് വഴി തന്നെ യുവതി സംഭവത്തിൽ പരാതി നൽകിയിട്ടുണ്ട്. സ്ത്രീകൾ സൂക്ഷിക്കണം എന്ന മുന്നറിയിപ്പും യുവതി നൽകി. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനങ്ങളും ആശങ്കകളുമാണ് സംഭവത്തെ തുടർന്നുണ്ടായിരിക്കുന്നത്.
അതേസമയം, സൗത്ത് കൊറിയയിൽ ഇത്തരം പരാമർശങ്ങൾ ലൈംഗികാതിക്രമങ്ങളായി കണക്കാക്കില്ല. ശാരീരികമായി ഉപദ്രവിച്ചാൽ മാത്രമാണ് അതിക്രമം ആയി കണക്കാക്കുന്നത്. അതിനെതിരെയും വൻ വിമർശനം ഉയരുന്നുണ്ട്.


