ഇന്ത്യ എന്നാൽ ഇവിടുത്തെ ചേരികളോ, തിരക്കേറിയ ട്രെയിനുകളോ, മോശം ഭക്ഷണമോ അല്ല. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവർ ഇന്ത്യയിലേക്ക് വന്ന് ഏറ്റവും വിലകുറഞ്ഞതും മോശവുമായ രീതി യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്?
ഇന്ത്യയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് പണം ചെലവഴിക്കാൻ എന്താണ് ഇത്ര മടി എന്ന് ഓസ്ട്രേലിയക്കാരിയായ യുവതി. മുംബൈയിൽ താമസമാക്കിയ യുവതിയാണ് ഇക്കാര്യം ചോദിക്കുന്നത്.
ഉയർന്ന ശമ്പളമുള്ള ജോലികളുള്ള വിദേശികൾ ഇന്ത്യയിലേക്ക് വരുന്ന സമയത്ത് അവർ വില കുറഞ്ഞ കാര്യങ്ങളാണ് തെരഞ്ഞെടുക്കുന്നത്, ഇടുങ്ങിയ ഹോസ്റ്റലുകൾ തിരഞ്ഞെടുക്കുന്നു, വിലകുറഞ്ഞതും എന്നാൽ ദീർഘവുമായ ട്രെയിൻ യാത്രകൾ നടത്തുന്നു എന്നാണ് പോഡ്‌കാസ്റ്റ് പ്രൊഡ്യൂസറായ ബ്രീ സ്റ്റീൽ ഇൻസ്റ്റാഗ്രാമിലെ തന്റെ പോസ്റ്റിൽ പറയുന്നത്.
ഉയർന്ന ശമ്പളമുള്ള ജോലി ചെയ്യുന്ന, എന്നാൽ ഒരു പൈസ പോലും ചെലവഴിക്കാൻ ആഗ്രഹിക്കാത്ത നിരവധി ആളുകൾ ഇന്ത്യയിലേക്ക് വരുന്നത് താൻ കണ്ടിട്ടുണ്ട്. അവർ ഹോസ്റ്റലുകളിൽ താമസിക്കുകയും, എളുപ്പത്തിൽ വിമാനത്തിൽ പോകാൻ കഴിയും എന്നിരിക്കെ തന്നെ 17 മണിക്കൂർ ട്രെയിൻ യാത്ര നടത്തുകയും ചെയ്യുന്നു. മറ്റൊരു രാജ്യത്ത് പോകുമ്പോൾ അവിടുത്തേത് പോലെ ജീവിക്കണമെന്ന് പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ, ഇവിടെ എല്ലാവരും അങ്ങനെയല്ല യാത്ര ചെയ്യുന്നത് എന്നാണ് അവർ പറയുന്നത്.
ഇന്ത്യ എന്നാൽ ഇവിടുത്തെ ചേരികളോ, തിരക്കേറിയ ട്രെയിനുകളോ, മോശം ഭക്ഷണമോ അല്ല. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവർ ഇന്ത്യയിലേക്ക് വന്ന് ഏറ്റവും വിലകുറഞ്ഞതും മോശവുമായ രീതി യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയിലേക്ക് വരാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുകളൊന്നും വേണ്ടതില്ല. നിങ്ങൾ ഒരു സോളോ ട്രാവലർ ആയിക്കോട്ടെ, ബാക്ക്പാക്കർ ആയിക്കോട്ടെ, കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവരായിക്കോട്ടെ, ആരുമായിക്കോട്ടെ, ഇവിടെ നിങ്ങൾക്കായി എന്തെങ്കിലും ഉണ്ട് എന്നും ബ്രീ സ്റ്റീൽ തന്റെ വീഡിയോയിൽ പറയുന്നു.
നിരവധിപ്പേരാണ് ഇത്രയും കാര്യങ്ങൾ സത്യസന്ധമായി പറയാൻ കാണിച്ച യുവതിയുടെ ആർജ്ജവത്തെ അഭിനന്ദിച്ചത്. ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞതിന് നന്ദി എന്നും പലരും പറഞ്ഞു.


