Asianet News MalayalamAsianet News Malayalam

താറാവ്, പന്നിയിറച്ചി, ടർക്കി ട്രീറ്റുകൾ, ഐസ്‌ക്രീം; നായ്ക്കൾക്ക് ഭക്ഷണം കഴിക്കാൻ കഫെ

സമാനമായ രീതിയിൽ  സാൻ ഫ്രാൻസിസ്കോയിൽ ആരംഭിച്ച റഹ്മി മസ്സാർവേ ഡോഗ് ബേക്കറിയിൽ നായ്ക്കൾക്കായി വിവിധ രുചിയിലുള്ള കേക്കുകളുടെ നീണ്ട നിര തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

cafe for dogs rlp
Author
First Published Feb 9, 2023, 3:11 PM IST

വളർത്തു മൃഗങ്ങൾക്ക് ഇന്ന് വീട്ടിലെ മറ്റ് ഏതൊരു അംഗത്തെ പോലെയും സ്ഥാനം നൽകിയാണ് മൃഗസ്നേഹികളായ ആളുകൾ സംരക്ഷിച്ചു പോരുന്നത്. ഇവയിൽ തന്നെ നായ്ക്കൾക്കാണ് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാറ്. കഴിക്കാൻ പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണങ്ങളും താമസിക്കാൻ പ്രത്യേക സൗകര്യങ്ങളും എന്തിനേറെ യാത്ര ചെയ്യാൻ വാഹനങ്ങൾ പോലും പലരും ഒരുക്കാറുണ്ട്. 

പണ്ടുകാലത്ത് വീട്ടുകാർ കഴിച്ചതിന്റെ ബാക്കിയായിരുന്നു വളർത്തു നായ്ക്കൾക്കും മറ്റും നൽകിയിരുന്നതെങ്കിൽ ഇന്ന് അങ്ങനെയല്ല. നായ്ക്കൾക്കായി പ്രത്യേക കഫെ സംവിധാനം തന്നെ നിലവിലുണ്ട്. നമ്മുടെ നാട്ടിൽ ഇത് അത്ര പ്രചാരത്തിലേക്ക് വന്നിട്ടില്ലെങ്കിലും വിദേശരാജ്യങ്ങളിൽ വലിയ സ്വീകാര്യതയാണ് ഇത്തരം കഫെകൾക്ക് ലഭിക്കുന്നത്. പലരും ഭക്ഷണം കഴിക്കാനായി റസ്റ്റോറന്റുകൾ തേടുമ്പോൾ തങ്ങളുടെ വളർത്തു മൃഗങ്ങൾക്ക് കൂടി ഭക്ഷണം കഴിക്കാൻ സൗകര്യപ്രദമായ ഇടങ്ങളാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

അമേരിക്കൻ പെറ്റ് പ്രൊഡക്‌ട്‌സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ, വളർത്തുമൃഗങ്ങളുടെ ഉടമകൾ 2021 -ൽ അവരുടെ നായയുടെ ഭക്ഷണത്തിനായി ശരാശരി $368 ചെലവഴിച്ചു. അതായത് മുപ്പതിനായിരത്തോളം രൂപ. കേട്ടാൽ ആശ്ചര്യകരം എന്ന് തോന്നുമെങ്കിലും ഗൂഗിൾ സെർച്ച് എൻജിനിൽ പോലും ഡോഗ് റെസ്‌റ്റോറന്റുകൾക്കായുള്ള തിരച്ചിൽ ഇപ്പോൾ വർദ്ധിച്ചുവരികയാണ്. 2015 മുതൽ തന്നെ ആളുകൾ ഇത്തരം സൗകര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു തുടങ്ങിയിരുന്നെങ്കിലും 2021 -ലാണ് ഈ ട്രെൻഡ് വ്യാപകമായത്. ഓരോ ദിവസവും നിരവധി ആളുകളാണ് ഡോഗ് കഫേകൾക്കും റസ്റ്റോറന്റുകൾക്കുമായി ഗൂഗിളിൽ തിരയുന്നത്.

ഇതിനുപിന്നിലെ വൻ വ്യവസായം മനസ്സിലാക്കിയത് കൊണ്ട് തന്നെ ആകണം ആഗോള ഭക്ഷണ ശൃംഖലയിലെ ഭീമന്മാർ തന്നെ വിദേശരാജ്യങ്ങളിൽ ഇത്തരം റസ്റ്റോറന്റുകളും കഫേകളും തുറക്കാൻ കാരണമായത്. മാത്രമല്ല റോയൽ കാനിനും നെസ്‌ലെ പുരിന പെറ്റ്‌കെയറും മാത്രം കയ്യടക്കി വെച്ചിരുന്ന വളർത്തുമൃഗങ്ങളുടെ ഭക്ഷണ വിതരണ മേഖലയിലേക്ക് ഇന്ന് നിരവധി സംരംഭകരാണ് കടന്നുവരുന്നത്. 

സമാനമായ രീതിയിൽ  സാൻ ഫ്രാൻസിസ്കോയിൽ ആരംഭിച്ച റഹ്മി മസ്സാർവേ ഡോഗ് ബേക്കറിയിൽ നായ്ക്കൾക്കായി വിവിധ രുചിയിലുള്ള കേക്കുകളുടെ നീണ്ട നിര തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ ഇവിടെ നായ്ക്കൾക്ക് വ്യത്യസ്ത തരം കനൈൻ കപ്പുച്ചിനോകൾ ആസ്വദിക്കാം. ഇതൊന്നും കൂടാതെ നായ്ക്കൾക്കായി പ്രത്യേകം തയ്യാറാക്കുന്ന ബോൺ അപ്പെറ്റിറ്റുകളും ഇവിടെ ലഭ്യമാണ്.

എല്ലാ പ്രധാന അമേരിക്കൻ നഗരങ്ങളിലും സമാനമായ നിരവധി റെസ്റ്റോറന്റുകളും കഫേകളും ഉണ്ട്. ന്യൂയോർക്ക് സിറ്റിയിൽ, ക്യൂൻസിലെ അസ്റ്റോറിയ പരിസരത്ത് താമസിക്കുന്ന എല്ലാ നായ ഉടമകൾക്കും വേണ്ടിയുള്ള ഒരു സ്ഥാപനമാണ് ചാറ്റോ ലെ വൂഫ്.  ഈ ഡോഗ് കഫേ വിവിധതരം സാൽമൺ, താറാവ്, പന്നിയിറച്ചി, ടർക്കി ട്രീറ്റുകൾ എന്നിവയും ഐസ്‌ക്രീമിന്റെ വിവിധ രുചികളും നായ്ക്കൾക്കായി ഒരുക്കുന്നു. വീട്ടുകാരോടൊപ്പം നായ്ക്കളെയും കൊണ്ടുവന്നിരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള നിരവധി റസ്റ്റോറന്റുകളും ഇവിടങ്ങളിൽ ഉണ്ട്. അധികം വൈകാതെ തന്നെ നമ്മുടെ നാട്ടിലും ഇത്തരം സ്ഥാപനങ്ങൾ വ്യാപകമായി വളർന്നവരും എന്നതിൽ സംശയം വേണ്ട.
 

Follow Us:
Download App:
  • android
  • ios