ചൈനീസ് സംരംഭകനായ ഷാങ് ഷ്യൂ വെള്ളത്തിന് മുകളിലൂടെ മോട്ടോർ സൈക്കിളിൽ 40.74 കിലോമീറ്റർ സഞ്ചരിച്ച് ഗിന്നസ് ലോക റെക്കോർഡ് നേടി. പ്രത്യേകം രൂപമാറ്റം വരുത്തിയ MX450 ബൈക്കിൽ 17 വർഷത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 5 മാസത്തെ കഠിനമായ പരീക്ഷണങ്ങൾക്കും മാറ്റങ്ങൾക്കും ശേഷമാണ് ഈ ജലയാത്ര വിജയകരമായി പൂർത്തിയാക്കിയത്.
വെള്ളത്തിന് മുകളിലൂടെ മോട്ടോർ സൈക്കിളിൽ 40.74 കിലോമീറ്റർ പിന്നിട്ട് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടി ചൈനീസ് സംരംഭകൻ. മോട്ടോർ സൈക്കിൾ നിർമാതാക്കളായ സെഡ്എക്സ്മോട്ടോയുടെ സ്ഥാപകനായ 39 -കാരൻ ഷാങ് ഷ്യൂ ആണ് ഈ അസാധാരണ നേട്ടം കൈവരിച്ചത്. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ മയാങ് മിയാവോ സ്വയംഭരണ കൗണ്ടിയിലായിരുന്നു റെക്കോർഡ് റൈഡിംഗ്.
രൂപമാറ്റം വരുത്തിയ ബൈക്ക്
ഷാങ് ഷ്യൂ ഒക്ടോബർ 25 -നായാണ് തന്റെ റെക്കോർഡ് നേട്ടം കൈവരിച്ചത്. ഇതിനായി പ്രത്യേകം രൂപമാറ്റം വരുത്തിയ MX450 മോട്ടോർ സൈക്കിളിലാണ് ഷാങ് വെള്ളത്തിന് മുകളിലൂടെ സഞ്ചരിച്ചത്. പരിഷ്കരിച്ച മോട്ടോർ സൈക്കിളിൽ ജലോപരിതലത്തിലൂടെ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച വ്യക്തിയെന്ന വിഭാഗത്തിലാണ് അദ്ദേഹം ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. ഈ വിഭാഗത്തിൽ 31.8 കിലോമീറ്ററായിരുന്നു നേരത്തേയുള്ള റെക്കോർഡ്. സഞ്ചാരദൂരം, സമയം, വീഡിയോ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് ഗിന്നസ് അധികൃതർ നേട്ടം സ്ഥിരീകരിച്ചത്. നദിയിലെ നിശ്ചിത പാതയിലൂട ആറ് തവണ ഓടിച്ചാണ് ഷാങ് തന്റെ റെക്കോർഡ് ദൂരമായ 40.74 കിലോമീറ്റർ പൂർത്തിയാക്കിയത്.
17 വർഷത്തെ പരിശ്രമം!
ഷാങ് ആദ്യമായി മോട്ടോർ സൈക്കിൾ വെള്ളത്തിന് മുകളിലൂടെ ഓടിക്കാനുള്ള ശ്രമം നടത്തിയത് 22 -ാം വയസ്സിലാണ്. എന്നാൽ, തുടർച്ചയായ നാല് ശ്രമങ്ങൾ പരാജയപ്പെട്ടു. ആ ശ്രമങ്ങളിൽ ഏറ്റവും കൂടുതൽ സഞ്ചരിക്കാനായത് വെറും 20 മീറ്റർ മാത്രമായിരുന്നു. പുതിയ റെക്കോർഡ് ശ്രമത്തിനായി ഷാങും സംഘവും അഞ്ച് മാസത്തോളം മോട്ടോർ സൈക്കിളിൽ മാറ്റങ്ങൾ വരുത്തുന്നതിനും പരീക്ഷണങ്ങൾ നടത്തുന്നതിനുമായി ചെലവഴിച്ചു. വെള്ളത്തിൽ പൊങ്ങിക്കിടക്കാനുള്ള ശേഷി, വെള്ളം കയറാത്ത വിധത്തിലുള്ള സീലിങ് സംവിധാനം, എൻജിന്റെ പവർ സിസ്റ്റം എന്നിവ മെച്ചപ്പെടുത്തി. സ്ഥിരതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ നിരവധി തവണ ജലപരീക്ഷണങ്ങളും സംഘം നടത്തി. സ്വന്തം നാട്ടിൽ വെച്ചുതന്നെ റെക്കോർഡ് ശ്രമം നടത്താനായതിൽ സന്തോഷമുണ്ടെന്ന് ഗിന്നസ് റെക്കോർഡ് നേട്ടത്തിന് ശേഷം ഷാങ് മാധ്യമങ്ങളോട് പറഞ്ഞു.






