കാണാതായ പൂച്ചയെ എട്ടുമാസങ്ങൾക്ക് ശേഷം കണ്ടെത്തി, 96 കിലോമീറ്ററകലെ മറ്റൊരു നഗരത്തിൽ...
പൂച്ച ഭാഗ്യമുള്ളവനായിരുന്നു. ലണ്ടനിൽ അവനെത്തിപ്പെട്ട സ്ഥലത്ത് ആളുകൾ അവനെ സ്നേഹത്തോടെ പരിചരിച്ചു.

പൂച്ചകൾ, പട്ടികൾ തുടങ്ങിയ വളർത്തുമൃഗങ്ങളൊക്കെ നമുക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ അവയെ നഷ്ടപ്പെട്ടാൽ നമുക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല. അതുപോലെ, കഴിഞ്ഞ ദിവസം കേംബ്രിഡ്ജ്ഷെയറിൽ നിന്നും കാണാതായ ഒരു പൂച്ചയെ എട്ട് മാസങ്ങൾക്ക് ശേഷം 96 കിലോമീറ്റർ അകലെ ലണ്ടനിൽ കണ്ടെത്തി.
മാർച്ച് മാസത്തിലാണ് പൂച്ചയെ കാണാതായത്. കുറേക്കാലം പൂച്ചയ്‍ക്ക് വേണ്ടി ഉടമകൾ തിരഞ്ഞിരുന്നു. അവർ പത്രങ്ങളിലും വെബ്സൈറ്റുകളിലും ഒക്കെ പരസ്യം കൊടുക്കുകയും എല്ലായിടത്തും അന്വേഷിക്കുകയും ഒക്കെ ചെയ്തു. എന്നാൽ, അവനെ കണ്ടെത്താൻ സാധിച്ചില്ല. അതോടെ പൂച്ചയെ കിട്ടുമെന്ന പ്രതീക്ഷ അവർ ഉപേക്ഷിച്ചു. എന്നാൽ, ആ പൂച്ച ഭാഗ്യമുള്ളവനായിരുന്നു. ലണ്ടനിൽ അവനെത്തിപ്പെട്ട സ്ഥലത്ത് ആളുകൾ അവനെ സ്നേഹത്തോടെ പരിചരിച്ചു. പിന്നീട്, അവർ അവനെ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് അവന്റെ ദേഹത്ത് മൈക്രോചിപ്പ് ഘടിപ്പിച്ചതായി കണ്ടെത്തിയത്. അത് അവന്റെ യഥാർത്ഥ ഉടമകളെ കണ്ടെത്താൻ അവരെ സഹായിച്ചു.
ഇപ്പോൾ പൂച്ച തന്റെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരിക്കയാണ്. പൂച്ചയുടെ ഉടമകളായ ആഷ്‌ലീഗ് ആർച്ചറിനും ഭർത്താവ് വില്യമിനും ബിബിസിയോട് പറഞ്ഞത് പൂച്ച എവിടെ ആയിരിക്കും എന്നതിനെ കുറിച്ച് തങ്ങൾക്ക് യാതൊരുവിധ ഐഡിയയും ഇല്ലായിരുന്നു എന്നാണ്. പൂച്ചയ്ക്ക് കുസൃതി ഒക്കെ ഉണ്ടെങ്കിലും അതിര് വിട്ടുണ്ടായിരുന്നില്ല. എന്നും അവൻ തന്റെ ഭർത്താവ് ജോലി കഴിഞ്ഞെത്തുമ്പോൾ വാതിൽക്കൽ ചെന്ന് നിൽക്കുന്നതാണ്. അതുകൊണ്ട് അവൻ കാണാതായി തിരികെ വരാതായപ്പോൾ അവനെന്തോ അപകടം സംഭവിച്ചു എന്നാണ് തങ്ങൾ ഭയന്നത് എന്നും ആഷ്‌ലീഗ് പറയുന്നു.
ഏതായാലും തങ്ങളുടെ പ്രിയപ്പെട്ട പൂച്ചയെ തിരികെ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ കുടുംബം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: