വിയറ്റ്നാമിലെ ഒരു സ്റ്റോറിൽ ലൈവ് സ്ട്രീമിങ് നടത്തിയ കനേഡിയൻ സ്ട്രീമർക്ക് ഇന്ത്യൻ യുവാവിൻ്റെ മർദ്ദനമേറ്റു. അനുവാദം കൂടാതെ വീഡിയോ ചിത്രീകരിച്ചതും വംശീയ പരാമർശങ്ങൾ നടത്തിയതുമാണ് തർക്കത്തിന് കാരണമായത്. ഐആർഎൽ സ്ട്രീമർമാരുടെ പെരുമാറ്റത്തെയും സ്വകാര്യതയെയും കുറിച്ചുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചു.

വിയറ്റ്നാമിലെ സൈഗോണിലുള്ള 7-ഇലവൻ സ്റ്റോറിൽ ലൈവ് സ്ട്രീമിങ്ങിനിടെ കനേഡിയൻ സ്ട്രീമർ ജോൺ ലൈയ്ക്ക് ഇന്ത്യൻ യുവാവിന്‍റെ അടിയേറ്റ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ജോൺ വാട്സ് ഗോയിംഗ് ഓൺ എന്ന പേരിൽ അറിയപ്പെടുന്ന കിക്ക് സ്ട്രീമറാണ് സംഭവത്തിന്‍റെ ദൃശ്യങ്ങൾ ലൈവായി സംപ്രേഷണം ചെയ്തത്. അപരിചിതരെ ക്യാമറയിൽ പകർത്തുന്നതിന്‍റെ പരിധിയും ഐആർഎൽ സ്ട്രീമർമാരുടെ പെരുമാറ്റവും സംബന്ധിച്ച ചർച്ചയ്ക്കും സംഭവം വഴിവെച്ചു.

പ്രകോപിച്ച് 'ഉള്ളടക്കം' സൃഷ്ടിക്കൽ

വീഡിയോയിൽ ജോൺ രണ്ട് ഇന്ത്യൻ യുവാക്കളെ ക്യാമറയിൽ പകർത്തുന്നതാണ് തുടക്കം. തങ്ങളെ ചിത്രീകരിക്കരുതെന്നും ക്യാമറ മാറ്റിവെക്കണമെന്നും ഇവരിൽ ഒരാൾ പലതവണ ആവശ്യപ്പെടുന്നു. എന്നാൽ, ജോൺ ചിത്രീകരണം തുടരുകയും ഇരുവരുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിനിടെ “ഇത് ന്യൂ ദില്ലിയല്ല” എന്ന തരത്തിലുള്ള പരാമർശവും സ്ട്രീമർ നടത്തിയതായി ദൃശ്യങ്ങളിൽ കേൾക്കാം.

തുടർന്ന് യുവാക്കൾ സ്ട്രീമർ തങ്ങളെ പ്രകോപിപ്പിച്ച് അതിൽനിന്ന് ഉള്ളടക്കം ഉണ്ടാക്കുകയാണെന്ന് ആരോപിച്ചു. “നിങ്ങൾ വെറുപ്പ് മോണിറ്റൈസ് ചെയ്യുകയാണ്” എന്നതടക്കമുള്ള പ്രതികരണങ്ങളും വീഡിയോയിൽ കേൾക്കാം. ജോണിനെ സ്റ്റോറിന് പുറത്തേക്ക് പോകാൻ ആവശ്യപ്പെടുകയും ഇതിനിടെ ക്യാമറ മാറ്റിവെക്കാൻ വീണ്ടും വീണ്ടും ഇവർ പറയുകയും ചെയ്തു. തർക്കം രൂക്ഷമായതോടെ ഒരാൾ ജോണിനെ പുറത്തേക്ക് തള്ളുന്നതും വീഡിയോയിൽ കാണാം.

View post on Instagram
 

അടി പൊട്ടിയിട്ടും ലൈവ് തുടർന്നു

അതിനിടെ മറ്റൊരു ഇന്ത്യൻ യുവാവ് ജോണിനെ സമീപിച്ച് മുഖത്ത് അടിക്കുകയായിരുന്നു. അടിയേറ്റ ശേഷവും സ്ട്രീമർ ലൈവ് അവസാനിപ്പിച്ചില്ല. തുടർന്ന് നടന്ന വാക്കുതർക്കത്തിനിടെ “ഇവിടെ ആരും ഇന്ത്യക്കാരെ ഇഷ്ടപ്പെടുന്നില്ല” എന്ന തരത്തിലുള്ള പരാമർശവും ജോൺ നടത്തിയതായി റിപ്പോർട്ടുകളുണ്ട്.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ ദശലക്ഷക്കണക്കിന് കാഴ്ചകൾ നേടിയതോടെ സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണ ഉണ്ടായത്. അപരിചിതർ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും സ്ട്രീമർ അത് തുടരുന്നതിനെ ചിലർ വിമർശിച്ചു. അതേസമയം, പ്രകോപനമുണ്ടായാലും ശാരീരികമായി ആക്രമിച്ചത് അംഗീകരിക്കാനാകില്ലെന്നായിരുന്നു മറ്റുചിലർ കുറിച്ചത്. ഐആർഎൽ ലൈവ് സ്ട്രീമിങ്ങിൽ സ്വകാര്യതയും ഉള്ളടക്കത്തിനായുള്ള പ്രകോപനവും എത്രത്തോളം അനുവദിക്കാമെന്ന ചർച്ചയ്ക്കാണ് സംഭവം വീണ്ടും തുടക്കമിട്ടിരിക്കുന്നത്.