സിസിടിവി -യിൽ ദൃശ്യങ്ങൾ പതിഞ്ഞു എങ്കിലും സമൂഹത്തിലെ അറിയപ്പെടുന്ന കാർപെന്ററായിരുന്നതിനാലും അടുത്ത് തന്നെ സ്ഥിരതാമസക്കാരനായിരുന്നതിനാലും ഷെയ്ഖിനെ ആദ്യം സംശയിച്ചിരുന്നില്ല.
ഇന്ന് എന്തിനും ഏതിനും ഉള്ള ഉത്തരങ്ങൾ ഇന്റർനെറ്റിലുണ്ട്. ആളുകൾ അതിൽ നോക്കി പുതിയ പുതിയ കാര്യങ്ങൾ പഠിക്കുന്നു. പുതിയ ഹോബിയും തൊഴിലും കണ്ടെത്തുന്നു. എന്നാൽ, അതേ സമയം തന്നെ ഇങ്ങനെ നല്ല കാര്യങ്ങൾക്ക് മാത്രമൊന്നുമല്ല ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ഒരു മരപ്പണിക്കാരൻ ഓൺലൈനിൽ കയറി എങ്ങനെ മോഷ്ടിക്കാം എന്ന് പഠിച്ചു. പഠിച്ച കാര്യങ്ങൾ പരീക്ഷിക്കുന്നതിനായി മുംബൈയിലെ നലസോപാരയിൽ ഒരു വീട്ടിൽ അതിക്രമിച്ചു കയറുകയും ചെയ്തു.
എന്നിരുന്നാലും, താമസിയാതെ ഇയാൾ അറസ്റ്റിലായി. തന്റെ മരപ്പണി ബിസിനസ്സ് നന്നായി നടക്കുന്നില്ല. അതാണ് തന്നെക്കൊണ്ട് ഇങ്ങനെ ചില കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് 38 -കാരനായ ഇയാൾ പൊലീസിനോട് പറഞ്ഞത്.
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ദിൽഷൻ ഷെയ്ഖ് എന്നയാൾ ജൂൺ 5 -നാണ് വീട്ടിൽ അതിക്രമിച്ച് കയറിയത്. വീട്ടുകാർ അവിടെ ഉണ്ടായിരുന്നില്ല, അവധിയാഘോഷിക്കാൻ പോയതായിരുന്നു. സിസിടിവി -യിൽ ദൃശ്യങ്ങൾ പതിഞ്ഞു എങ്കിലും സമൂഹത്തിലെ അറിയപ്പെടുന്ന കാർപെന്ററായിരുന്നതിനാലും അടുത്ത് തന്നെ സ്ഥിരതാമസക്കാരനായിരുന്നതിനാലും ഷെയ്ഖിനെ ആദ്യം സംശയിച്ചിരുന്നില്ല.
ഷെയ്ഖിന് ഇതിൽ പങ്കുണ്ട് എന്ന് അറിഞ്ഞതോടെ ഇയാൾക്കുള്ള തിരച്ചിലാരംഭിച്ചുവെങ്കിലും കണ്ടെത്താനായിരുന്നില്ല. ജൂൺ 13 -ന് ഉത്തർപ്രദേശിലെ ജന്മനാട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് ഇയാളെ അച്ചോലെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. മോഷ്ടിച്ച പണവും ആഭരണങ്ങളുമായി ആകെ 10 ലക്ഷം രൂപയുടെ മുതലുമായിട്ടാണ് പോലീസ് ഇയാളെ പിടികൂടിയത്.
അതിനിടെയാണ് തന്റെ പണിയൊക്കെ നഷ്ടത്തിലാണ് എന്നും അതിനാലാണ് ഓൺലൈനിൽ നോക്കി പഠിച്ച് മോഷ്ടിക്കാനിറങ്ങിയത് എന്നും ഇയാൾ പൊലീസിനോട് സമ്മതിച്ചത്.
