എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്നത് ഇന്നും ആർക്കും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു നിഗൂഢതയാണ്. ശബ്ദത്തിന്റെ ഈ നിഗൂഢത അതിനകത്ത് മാത്രമല്ല പുറത്തുമുണ്ട്. 

ടുൾസ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ‘പ്രപഞ്ചത്തിന്റെ കേന്ദ്രം’ എന്ന് ആളുകള്‍ പേരിട്ടിരിക്കുന്ന ഒരു സ്ഥലം... കാഴ്‌ചയിൽ വെറും 30 ഇഞ്ച് വ്യാസമുള്ള ഒരു ചെറിയ വൃത്തം മാത്രമാണ്. അതിനുചുറ്റും 13 ഇഷ്ടികകൾ അടുക്കിവെച്ച മറ്റൊരു വൃത്തം കൂടി കാണാം. മൊത്തത്തിൽ എട്ട് അടിവരെ വിസ്‌തീർണമുള്ള ഈ സർക്കിൾ പക്ഷേ, വളരെ വലിയ ഒരത്ഭുതത്തെ ഉള്ളിലൊളിപ്പിക്കുന്നു.

ഒരാൾ ആ കോൺക്രീറ്റ് സർക്കിളിനുള്ളിൽ കയറി നിന്ന് ശബ്ദമുണ്ടാക്കിയാൽ, ആ ശബ്‌ദം യഥാർത്ഥ ശബ്ദത്തേക്കാൾ ഉച്ചത്തിൽ പ്രതിധ്വനിക്കുകയും, നിങ്ങൾക്ക് ആ പ്രതിധ്വനി കേൾക്കാൻ സാധിക്കുകയും ചെയ്യും. ചിലപ്പോൾ താഴ്വരകളിലും മറ്റും അനുഭവപ്പെടുന്ന പോലെ നമ്മുടെ തന്നെ പ്രതിധ്വനി നമുക്ക് കേൾക്കാനാകും അവിടെ. അതും നിങ്ങൾ പറയുന്നതിന്റെ ഇരട്ടി ശബ്‌ദത്തിൽ. പക്ഷേ, അതല്ല അതിന്‍റെ പ്രത്യേകത. ആ പ്രതിധ്വനി നിങ്ങൾക്ക് മാത്രമേ കേൾക്കാൻ കഴിയൂ എന്നതാണ് അതിന്‍റെ സവിശേഷത. വൃത്തത്തിനു വെളിയിൽ നിൽക്കുന്ന ആർക്കും തന്നെ നിങ്ങൾ പറഞ്ഞത് കേൾക്കാൻ കഴിയില്ല. നിങ്ങൾ ഇനി എത്ര ഒച്ചവെച്ചാലും വെളിയിൽ നിൽക്കുന്ന ആർക്കുംതന്നെ അത് കേൾക്കാനും സാധിക്കില്ല.

എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്നത് ഇന്നും ആർക്കും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു നിഗൂഢതയാണ്. ശബ്ദത്തിന്റെ ഈ നിഗൂഢത അതിനകത്ത് മാത്രമല്ല പുറത്തുമുണ്ട്. വൃത്തത്തിന് പുറത്ത് നിൽക്കുന്ന ഒരാളുടെ ശബ്ദവും വൃത്തത്തിനകത്ത് കേൾക്കുമ്പോൾ മുറിഞ്ഞുപോകും. അതായത് വൃത്തത്തിനകത്ത് നിൽക്കുന്ന വ്യക്തി പറയുന്നത് പുറത്തും, പുറത്തുനിൽകുന്ന വ്യക്തി പറയുന്നത് അകത്തും കേൾക്കാൻ സാധിക്കില്ല. ഇനി വൃത്തത്തിനുള്ളിൽ കയറി നിങ്ങൾ ഒരു മൊട്ടു സൂചി ഇട്ടു എന്ന് വിചാരിക്കുക, സാധാരണ കേൾക്കുന്ന പോലെ ഒരു ചെറിയ ശബ്‌ദമല്ല കേൾക്കുക. മറിച്ച്, വലിയ എന്തോ ഒന്ന് തകർന്ന് വീഴുന്ന ഭയാനകമായ ഒച്ചയാണ് കേൾക്കുക. ഇതെങ്ങനെ സംഭവിക്കുന്നു എന്നത് ഇന്നും ആർക്കും നിർവ്വചിക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി ആളുകളാണ് ഈ പ്രതിഭാസത്തെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്നത്.

തുൾസ നഗരവുമായി ബന്ധിപ്പിക്കുന്ന ഒരു പാലം തീപിടിച്ച് നശിച്ചതിനുശേഷം 80 -കളിൽ അത് പുനർനിർമ്മിക്കുന്ന സമയത്താണ് ഈ വൃത്തം നിർമ്മിച്ചത്. ഇത് പ്രപഞ്ചത്തിന്റെ കേന്ദ്രമായാണ് അറിയപ്പെടുന്നത്. ചിലർ ഇത് എല്ലാ പ്രപഞ്ച ഊർജ്ജങ്ങളും കൂടിച്ചേരുന്ന ഒരു ചുഴിയാണെന്ന് വിശ്വസിക്കുന്നു. മറ്റ് ചിലർ ഇത് പ്രേതബാധയുള്ള സ്ഥലമായാണ് കാണുന്നത്. എന്തുതന്നെയായാലും, അത് കാഴ്ചവെക്കുന്ന വിസ്‍മയങ്ങൾ ചെറുതല്ല.