Asianet News MalayalamAsianet News Malayalam

10 -ാം വയസ്സിൽ കോളേജിൽ, 16 -ാം വയസ്സിൽ പിഎച്ച്‍ഡി, ഇപ്പോള്‍ വെറുതെയിരിപ്പ്, ചെലവ് നോക്കുന്നത് അച്ഛനുമമ്മയും

16 -ാമത്തെ വയസ്സിൽ ഷാങ് അപ്ലൈഡ് മാത്തമാറ്റിക്സിൽ പിഎച്ച്ഡി നേടി. ആ സമയത്ത് ഷാങ് തന്റെ മാതാപിതാക്കളോട് ഒരു കാര്യം ആവശ്യപ്പെട്ടു. രണ്ടുകോടി രൂപ മുടക്കി ബെയ്ജിം​ഗിൽ ഒരു അപാർട്മെന്റ് വാങ്ങണം എന്നായിരുന്നു ഷാങ് മാതാപിതാക്കളോട് ആവശ്യപ്പെട്ടത്.

Chinese boy Zhang Xinyang who earn phd at the age of 16th what happened now rlp
Author
First Published Dec 8, 2023, 6:45 PM IST

10 -ാമത്തെ വയസ്സിൽ കോളേജ് വിദ്യാഭ്യാസം ആരംഭിക്കുക, 16 -ാമത്തെ വയസ്സാകുമ്പോഴേക്കും പിഎച്ച്‍ഡി എടുക്കുക കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ട് അല്ലേ? എന്നാൽ, ചൈനയിൽ അങ്ങനെ ചെയ്ത ഒരാളുണ്ടായിരുന്നു. അവന്റെ പേരാണ് ഷാങ് സിൻയാങ്ങ്. 

രണ്ടര വയസ്സിൽ ആയിരത്തിലധികം ചൈനീസ് അക്ഷരങ്ങളിൽ അവൻ അറിവ് നേടി. പിന്നീട്, 4 -ാം വയസ്സിൽ പ്രൈമറി സ്കൂളിൽ ചേർന്നു. 6 വയസ്സുള്ളപ്പോൾ അഞ്ചാം ക്ലാസിലെത്തി. 9 -ാമത്തെ വയസ്സിൽ ഹൈസ്കൂളിൽ ചേർന്നു. 10 വയസ്സായപ്പോൾ ടിയാൻജിൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് എഡ്യൂക്കേഷനിൽ. അങ്ങനെ ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായി ഷാങ് ചരിത്രം കുറിച്ചു. 

16 -ാമത്തെ വയസ്സിൽ ഷാങ് അപ്ലൈഡ് മാത്തമാറ്റിക്സിൽ പിഎച്ച്ഡി നേടി. ആ സമയത്ത് ഷാങ് തന്റെ മാതാപിതാക്കളോട് ഒരു കാര്യം ആവശ്യപ്പെട്ടു. രണ്ടുകോടി രൂപ മുടക്കി ബെയ്ജിം​ഗിൽ ഒരു അപാർട്മെന്റ് വാങ്ങണം എന്നായിരുന്നു ഷാങ് മാതാപിതാക്കളോട് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ, പഠനം അവസാനിപ്പിച്ച് കളയും എന്നും അവൻ പറഞ്ഞു. ‌അന്നത് വലിയ വാർത്തയായിരുന്നു.

ഒരു ടിവി അഭിമുഖത്തിൽ, ഷാങ് പറഞ്ഞത്, ഞാൻ ബെയ്ജിംഗിൽ താമസിക്കണമെന്ന് എന്റെ മാതാപിതാക്കൾ ആഗ്രഹിക്കുന്നു. പക്ഷേ, സ്വന്തം വീടില്ലെങ്കിൽ ഞാൻ ബെയ്ജിം​ഗിൽ അലഞ്ഞുതിരിഞ്ഞ് നടക്കേണ്ടി വരും. ഞാൻ ഡോക്ടറൽ ഡി​ഗ്രി എടുക്കണമെന്ന് എന്റെ മാതാപിതാക്കൾക്ക് നിർബന്ധമാണ്. അപ്പോൾ എനിക്കുള്ള സൗകര്യം ഒരുക്കിത്തരേണ്ടതും അവരല്ലേ എന്നാണ്. 

എന്നാൽ, സാമ്പത്തികമായി അതിനുള്ള കഴിവ് ഷാങ്ങിന്റെ മാതാപിതാക്കൾക്കില്ലായിരുന്നു. നല്ല കഴിവുണ്ടായിട്ടും സാമ്പത്തികാവസ്ഥ അനുവദിക്കാത്തതിനാൽ പഠിക്കാൻ സാധിക്കാത്തയാളായിരുന്നു ഷാങ്ങിന്റെ പിതാവ്. അതിനാൽ തന്നെ തനിക്ക് കിട്ടാത്തതെല്ലാം തന്റെ മകന് കിട്ടണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ ബെയ്‍ജിം​ഗിൽ ഒരു അപാർട്മെന്റ് അവർ വാടകയ്ക്ക് എടുത്തു. അത് സ്വന്തം അപാർട്മെന്റാണ് എന്നാണ് അവർ ഷാങ്ങിനോട് പറഞ്ഞിരുന്നത്. 

ഇപ്പോൾ, ഷാങ്ങിന് 28 വയസ്സായി. അതേ അപാർട്മെന്റിൽ തന്നെയാണ് അവർ താമസിക്കുന്നത്. എന്നാൽ, ഇത്രയധികം വിദ്യാഭ്യാസം നേടിയിട്ടും കാര്യമായി എന്തെങ്കിലും ജോലി ഷാങ്ങ് ചെയ്യുന്നില്ല. നേരത്തെ ഒരു കോളേജിൽ അധ്യാപകനായിരുന്നു എങ്കിലും അത് പിന്നീട് രാജിവെച്ചു. ഇപ്പോൾ കൂടുതൽ നേരവും വിശ്രമിക്കാനാണ് അവൻ ഇഷ്ടപ്പെടുന്നത്. സത്യം പറഞ്ഞാൽ വെറുതെയിരിക്കുന്നതിലാണ് സന്തോഷമിരിക്കുന്നത് എന്നാണ് ഷാങ് പറയുന്നത്. മാത്രമല്ല, വലിയ വരുമാനമൊന്നുമില്ലാത്ത ഷാങ് ഇപ്പോഴും പല കാര്യങ്ങളിലും സാമ്പത്തികമായി മാതാപിതാക്കളെ ആശ്രയിക്കുകയാണ്. 

ഒരു കാലത്ത് പ്രതിഭയായി ചൈനയിലാകെത്തന്നെ അറിയപ്പെട്ടിരുന്ന ഷാങ് ഇന്ന് വെറുതെയിരിക്കുകയും മാതാപിതാക്കളെ ആശ്രയിച്ച് കഴിയുകയും ചെയ്യുന്നതിന്റെ പേരിലാണ് വാർത്തയാവുന്നത്. പലരും പറയുന്നത് ഒരുകാലത്ത് മാതാപിതാക്കൾ അവനെക്കൊണ്ട് ഒരുപാട് ചെയ്യിച്ചു. അതിന് പകരമായി ഇപ്പോൾ അവൻ വെറുതെ ഇരിക്കാനാ​ഗ്രഹിക്കുന്നു എന്നാണ്. മറ്റൊരു വിഭാ​ഗം പക്ഷേ പ്രതിഭയുണ്ടായിട്ടും വെറുതെയിരിക്കുന്ന അലസനായിക്കണ്ട് അവനെ കുറ്റപ്പെടുത്തുകയാണ്. 

വായിക്കാം: ചെയ്യുന്ന ജോലി മടുത്തോ? ഇതാ തീർത്തും വെറൈറ്റിയായ ആറ് ജോലികൾ

Latest Videos
Follow Us:
Download App:
  • android
  • ios