15 തൊഴിലാളികളെങ്കിലും ഇങ്ങനെ ഓവർടൈം ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്തിരിക്കുന്നത് 159.96 മണിക്കൂറാണ്.

ഓവർ ടൈം ചെയ്യിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്ന ഇഷ്ടം പോലെ കമ്പനികളുണ്ട്. എന്നാൽ, അധികനേരം ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നത് നല്ല കഴിവുള്ളതിന്റെയും ആത്മാർത്ഥതയുടേയും അടയാളമായിട്ടാണ് പലരും പറയാറുള്ളത്. എന്നാൽ, ഇത് കൃത്യമായ ചൂഷണമാണ് എന്ന കാര്യത്തിൽ സംശയമില്ല. അതുപോലെ ഷാങ്‍ഹായിലുള്ള ഒരു കമ്പനിയാണ് ഇപ്പോൾ വലിയ വിമർശനം നേരിടുന്നത്.

ജീവനക്കാർ ഒരു മാസത്തിൽ 160 ദിവസം വരെ ജോലി ചെയ്തിനെ കുറിച്ച് വലിയ അഭിമാനത്തോടെയാണ് കമ്പനി പറഞ്ഞത്. മാത്രമല്ല, തൊഴിലാളികളെ അഭിനന്ദിക്കാനും മറന്നില്ല. എന്നാൽ, ഇത് പ്രതീക്ഷിച്ച പ്രതികരണമല്ല ഉണ്ടാക്കിയത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, ഓഗസ്റ്റ് 6 -നാണ് Yisai എന്ന ഇ-കൊമേഴ്‌സ് കമ്പനി തങ്ങളുടെ തൊഴിലാളികൾ ഓവർടൈം ജോലി ചെയ്തതിനെ കുറിച്ച് പ്രംശസിച്ചത്. തൊഴിലാളികളുടേത് നിസ്വാർത്ഥമായ സേവനമാണ് എന്ന് പുകഴ്ത്തിക്കൊണ്ടാണ് കമ്പനി മുന്നോട്ട് വന്നത്.

തൊഴിലാളികളെ പുകഴ്ത്തിക്കൊണ്ടുള്ള ഈ ഔദ്യോ​ഗിക കുറിപ്പ് പുറത്ത് വന്നതോടെ അതിവേ​ഗം തന്നെ ചൈനീസ് സോഷ്യൽ മീഡിയയിൽ ഇത് വൈറലായി മാറി. അതോടെ വലിയ വിമർശനം തന്നെ കമ്പനിക്ക് നേരെ ഉയരുകയായിരുന്നു. എൻട്രൻസ് ഗാർഡ് സിസ്റ്റത്തിലെ ഡാറ്റയിൽ നിന്നുമാണ് കമ്പനിക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ചവരെ കണ്ടെത്തിയത് എന്നാണ് കമ്പനി പറയുന്നത്.

15 തൊഴിലാളികളെങ്കിലും ഇങ്ങനെ ഓവർടൈം ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്തിരിക്കുന്നത് 159.96 മണിക്കൂറാണ്. രാത്രി 11 മണി വരെ ജോലി ചെയ്തു. ഏറ്റവും കുറവ് സമയം ഓവർടൈം ജോലി ചെയ്തവർ വരെ 68.41 മണിക്കൂറുകൾ അധികം ജോലി ചെയ്തതായിട്ടാണ് പറയുന്നത്.

എന്നാൽ, ഇത് ചൂഷണമാണ് എന്നാണ് പ്രധാനമായും വിമർശനം ഉയർന്നത്. അധികനേരം ഇരുന്ന് ജോലി ചെയ്യേണ്ടി വരുന്നത് നിസ്വാർത്ഥ സേവനമല്ലെന്നും അത് കൃത്യമായ ചൂഷണമാണ് എന്നും പലരും പറഞ്ഞു. അതിന് മറുപടിയുമായി കമ്പനിയുടെ മാനേജർ എത്തിയിട്ടുണ്ട്. തങ്ങൾ തൊഴിലാളികളെ ഇങ്ങനെ ജോലി ചെയ്യാൻ നിർബന്ധിച്ചിട്ടില്ല എന്നും അവർ സ്വയം അങ്ങനെ ചെയ്തതാണ് എന്നുമാണ് വിശദീകരണം.