ചൈനീസ് മോട്ടോർ സ്പോർട്ട് താരം ഷാങ് ഷൂ, മാരകമായ ലിവർ കാൻസർ ബാധിച്ച തന്‍റെ ആരാധകന്‍റെ ആഗ്രഹം നിറവേറ്റാൻ മുന്നിട്ടിറങ്ങി. സമൂഹ മാധ്യമത്തിലൂടെ ആരാധകന്‍റെ അവസ്ഥയറിഞ്ഞ താരം, ഒരു അന്താരാഷ്ട്ര മോട്ടോർ സ്പോർട്ട് മത്സരം നേരിട്ട് കാണാൻ അദ്ദേഹത്തെ ക്ഷണിച്ചു. പ്രതിസന്ധികളിൽ തളർന്ന ആരാധകന് പ്രത്യാശ നൽകിയ ഈ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി വലിയ പ്രശംസ നേടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാരകമായ കാൻസർ രോഗത്തോട് പൊരുതുന്ന തന്‍റെ ആരാധകന്‍റെ ആഗ്രഹം നിറവേറ്റാൻ മുന്നിട്ടിറങ്ങിയ ചൈനീസ് മോട്ടോർ സ്പോർട്ട് താരം ഷാങ് ഷൂവിന് ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ ആദരവും കൈയടിയും. അവസാന ഘട്ട ലിവർ കാൻസർ ബാധിച്ച 31-കാരനായ ആരാധകനെ വിദേശത്ത് നടക്കുന്ന ഒരു അന്താരാഷ്ട്ര മോട്ടോർ സ്പോർട്ട് മത്സരം നേരിട്ട് കാണാനാണ് ചൈനയിലെ പ്രശസ്ത മോട്ടോർ സൈക്കിൾ റേസിംഗ് വ്യക്തിത്വമായ ഷാങ് ഷൂ ക്ഷണിച്ചത്. സമൂഹ മാധ്യമത്തിലൂടെയാണ് താരം ഈ ആരാധകന്‍റെ ദയനീയാവസ്ഥ അറിഞ്ഞത്.

ആരാധകന് ഷാങ് ഷൂവിന്‍റെ സമ്മാനം

കഴിഞ്ഞ മെയ് മാസത്തിൽ 'പാൻ' എന്ന് പേരുള്ള ഈ ആരാധകൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ഒരു കുറിപ്പോടെയാണ് ഹൃദയസ്പർശിയായ ഈ കഥയുടെ തുടക്കം. കാൻസറിനെ തോൽപ്പിക്കാൻ കഴിഞ്ഞാൽ താൻ ഒരു 'എക്സ്-മോട്ടോ' (X-MOTO) ബൈക്ക് വാങ്ങുമെന്നായിരുന്നു പാനിന്‍റെ കുറിപ്പ്. ഇത് ശ്രദ്ധയിൽപ്പെട്ട ഷാങ് ഉടൻ തന്നെ അതിന് മറുപടി നൽകി, "ധൈര്യമായിരിക്കൂ... നിങ്ങൾ ഈ രോഗത്തിൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിക്കുമ്പോൾ, ഈ മോട്ടോർ സൈക്കിൾ ഞാൻ നിങ്ങൾക്ക് 50 ശതമാനം വിലക്കിഴിവിൽ നൽകും." ആരാധകന് കൂടുതൽ ആത്മവിശ്വാസം നൽകാനായി അദ്ദേഹവുമായി ബന്ധപ്പെടാൻ ഷാങ് തന്‍റെ ടീമിനോട് ആവശ്യപ്പെട്ടു. തുടർന്ന് നടത്തിയ സംഭാഷണങ്ങളിലാണ് ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഫോഷാനിൽ താമസിക്കുന്ന പാൻ, മരണത്തോട് മല്ലിടുന്ന അവസ്ഥയിലാണെന്നും ജീവിതം അനിശ്ചിതത്വത്തിലാണെന്നും അവർ മനസ്സിലാക്കുന്നത്.

മാറ്റിവച്ച യാത്ര

സെപ്റ്റംബറിൽ ഇറ്റലിയിൽ നടക്കുന്ന റേസ് കാണാൻ പാനിനെ കൊണ്ടുപോകാനായിരുന്നു ഷാങ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പാനിന്‍റെ ആരോഗ്യസ്ഥിതി അതിവേഗം വഷളായേക്കാമെന്ന് ഡോക്ടർമാർ സൂചിപ്പിച്ചതോടെ, അദ്ദേഹം ഈ യാത്ര ജൂലൈ മാസത്തിലേക്ക് മാറ്റി നിശ്ചയിച്ചു. "എന്‍റെ പദ്ധതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. നിങ്ങളുടെ ശാരീരികാവസ്ഥ അനുവദിക്കുകയാണെങ്കിൽ, അടുത്ത മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങളെയും നിങ്ങളുടെ ഒരു അടുത്ത ബന്ധുവിനെയും ഒപ്പം കൂട്ടാൻ ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ ഈ വീഡിയോ നിങ്ങളുടെ വിസ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ജൂൺ 2 -ന് ഷാങ് സമൂഹ മാധ്യമത്തിൽ കുറിച്ചു.

അച്ഛനും മകനും കാൻസർ

മൂന്ന് വർഷം മുൻപ്, വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടയിലായിരുന്നു പാനിന് കാൻസർ സ്ഥിരീകരിക്കുന്നത്. രോഗം അറിഞ്ഞയുടൻ തന്‍റെ കാമുകിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പോലും പാൻ തയ്യാറായിരുന്നു. ഇതിനിടയിൽ പാനിന്‍റെ പിതാവിനും മലാശയ കാൻസർ സ്ഥിരീകരിച്ചതോടെ ആ കുടുംബം കടുത്ത പ്രതിസന്ധിയിലായി. അപ്രതീക്ഷിതമായി ലഭിച്ച ഷാങിന്‍റെ ക്ഷണം പാനിനെ വികാരാധീനനാക്കി. തന്‍റെ വികാരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു, "ഷാങ് ഷൂ ഭായിക്ക് ഒരുപാട് നന്ദി. എന്‍റെ ജീവിതത്തിന്‍റെ ബാക്കി ഭാഗം മുഴുവൻ ഇരുട്ടിലായിരിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്. എന്‍റെ ജീവിതത്തിൽ ഇങ്ങനെയൊരു സുവർണ്ണ നിമിഷം ഉണ്ടാകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. 'ജീവിതം എപ്പോഴും അത്ഭുതങ്ങൾ നിറഞ്ഞതാണ്' എന്ന വാചകം ഇപ്പോൾ എനിക്ക് യാഥാർത്ഥ്യമായിരിക്കുന്നു. ഇനി മുതൽ ഓരോ ദിവസവും ഞാൻ സന്തോഷത്തോടെ ജീവിക്കും."

പ്രത്യാശ നൽകുന്ന കരുതൽ

യാത്രയ്ക്കായുള്ള വിസ നടപടികൾ എത്രയും വേഗം ആരംഭിക്കാൻ ആവശ്യപ്പെട്ട ഷാങ്, പാനിനെ നിരന്തരം പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കുകയാണ്. പാൻ നിലവിൽ വിസയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ, യാത്രയുടെ അന്തിമ ലക്ഷ്യസ്ഥാനവും റേസ് മത്സരവും ഏതാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. പ്രതിസന്ധികളിൽ തളരുന്ന ഒരാൾക്ക് പ്രത്യാശയും സന്തോഷവും നൽകാൻ തന്‍റെ പ്രശസ്തി ഉപയോഗിച്ച ഷാങ് ഷൂവിന്‍റെ ഈ മനുഷ്യത്വം നിറഞ്ഞ പ്രവർത്തനം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലാണ് പ്രശംസിക്കപ്പെടുന്നത്. ഹുനാൻ പ്രവിശ്യയിലെ ഒരു സാധാരണ ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ച്, പരിമിതമായ വിദ്യാഭ്യാസം മാത്രം നേടിയ ഷാങ് ഷൂവിന്‍റെ വളർച്ച ചൈനയിലെമ്പാടുമുള്ള യുവാക്കൾക്ക് ഒരു വലിയ പ്രചോദനമാണ്.