ജപ്പാനിലെ കോബെയിലുള്ള ഒരു റെസ്റ്റോറന്‍റിൽ 'അനുചിതമായ' വസ്ത്രം ധരിച്ചെത്തിയ രണ്ട് ചൈനീസ് വിനോദസഞ്ചാരികൾക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നു. റസ്റ്റോറന്‍റ് ഉടമയും ജീവനക്കാരും ചേർന്ന് തങ്ങളോട് മോശമായി പെരുമാറിയെന്നും ഇവര്‍ ആരോപിച്ചു.
വസ്ത്രധാരണം 'അനുചിതമാണെന്ന്' ജീവനക്കാർ വിലയിരുത്തിയതിനെ തുടർന്ന് ജപ്പാനിലെ കോബെയിലെ പ്രശസ്തമായ ഒരു റെസ്റ്റോറന്‍റിൽ നിന്ന് രണ്ട് ചൈനീസ് വിനോദ സഞ്ചാരികളായ സ്ത്രീകളെ പുറത്താക്കിയ സംഭവം സമൂഹ മാധ്യമത്തില്‍ വിവാദമായി. സ്‌പോർട്‌സ് വെസ്റ്റുകളും (sports vests) അയഞ്ഞ ട്രൗസറുകളും ധരിച്ചാണ് ഇവർ റസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാൻ എത്തിയത്. എന്നാൽ റസ്റ്റോറന്‍റിന്‍റെ ഉടമയിൽ നിന്നും മറ്റ് ജീവനക്കാരിൽ നിന്നും തങ്ങൾക്ക് വളരെ മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്ന് ചൈനീസ് വിനോദ സഞ്ചാരികൾ തങ്ങളുടെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
വസ്ത്രധാരണത്തിന്‍റെ പേരില്‍
വിനോദ സഞ്ചാരികളിലൊരാൾ എഴുതിയ ബ്ലോഗ് പോസ്റ്റ് അനുസരിച്ച്, റെസ്റ്റോറന്‍റിന്‍റെ ഉടമ ഇവരെ കണ്ടതും "വേനൽക്കാലം കഴിഞ്ഞു. ഇനി നഗ്നരായി പുറത്തിറങ്ങേണ്ട കാര്യമില്ല," എന്ന് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു. എന്നാൽ, അത് വകവയ്ക്കാതെ തങ്ങൾ അവിടെ നിന്ന് തന്നെ ഭക്ഷണം കഴിക്കാൻ തീരുമാനിച്ചുവെന്നും പക്ഷേ, അതിനിടയിൽ അവിടെയുണ്ടായിരുന്ന മാനേജറും മറ്റ് ജീവനക്കാരും തങ്ങളോട് വളരെ മോശമായി പെരുമാറി എന്നുമാണ് ഇവർ ആരോപിക്കുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ജീവനക്കാർ ചോപ്‌സ്റ്റിക്കുകളും പാത്രങ്ങളും എടുത്ത് കൊണ്ട് പോയെന്നും ഇവര്‍ ആരോപിച്ചു. ഒടുവിൽ ഭക്ഷണത്തിന്‍റെ പണം നൽകാനായി ചെന്നപ്പോൾ തങ്ങൾക്ക് മുഖം പോലും നൽകാതെ റസ്റ്റോറന്‍റ് മാനേജർ അവഗണിച്ചുവെന്നും ഇവർ പറയുന്നു.
മുന്‍ അനുഭവങ്ങളും
തുടർന്ന്, ഇവർ ഈ സ്ഥാപനത്തിന്‍റെ ഗൂഗിൾ റിവ്യൂകൾ (Google reviews) പരിശോധിച്ചപ്പോൾ സമാനമായ മോശം പെരുമാറ്റത്തെക്കുറിച്ച് നിരവധി ഉപഭോക്താക്കൾ, പ്രത്യേകിച്ച് ഏഷ്യൻ വംശജരായവർ, പരാതികൾ ഉന്നയിച്ചിട്ടുള്ളതായി കണ്ടെത്തി. ഓഗസ്റ്റ് അവസാനത്തോടെ നടന്ന ഈ സംഭവം അടുത്തിടെയാണ് ജപ്പാനിലെ ഓൺലൈനുകളിൽ ശ്രദ്ധ നേടിയത്. അതേസമയം വസ്ത്രധാരണ നിയമങ്ങൾ പാലിക്കാത്തതിനേക്കാൾ, തങ്ങളുടെ ഉപഭോക്താക്കൾ ചൈനീസ് വംശജരാണെന്ന് തിരിച്ചറിഞ്ഞപ്പോൾ റസ്റ്റോറൻറ് അധികൃതർ വിവേചനപരമായ പെരുമാറ്റം നടത്തിയതാകാം എന്നാണ് നിരവധി പേർ അഭിപ്രായപ്പെട്ടത്.


