ഭാരം കുറയ്ക്കാൻ ഓൺലൈനായി വാങ്ങിയ കുത്തിവെപ്പ് എടുത്ത ചൈനീസ് യുവതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ. ഭാരം കുറഞ്ഞെങ്കിലും, രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിലായ യുവതിയുടെ ആമാശയത്തിന് ക്ഷതമേറ്റതായി കണ്ടെത്തി.
സൗന്ദര്യം വർദ്ധിപ്പിക്കാനും ഭാരം നിയന്ത്രിക്കാനും ഒക്കെയായി വിപണിയിൽ എത്തുന്ന ഉൽപ്പന്നങ്ങൾ ഒട്ടനവധിയാണ്. എന്നാൽ, അവ എത്രത്തോളം സുരക്ഷിതമാണെന്ന് പലരും ചിന്തിക്കാറില്ല. ഇത്തരം ഉൽപ്പന്നങ്ങളുടെ ഗുരുതരമായ ദോഷവശങ്ങളെ ഓർമ്മപ്പെടുത്തുകയാണ് ചൈനയിൽ നടന്ന ഒരു സംഭവം. ഭാരം കുറയ്ക്കാൻ ഓണ്‍ലൈനിൽ മരുന്ന് വാങ്ങി കുത്തിവച്ച ഒരു യുവതി ഒടുവിൽ രക്തം ഛർദ്ദിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇടക്കാലത്ത് കേരളത്തിൽ ഏറെ പ്രശസ്തമായ 'വെളുത്തിട്ട് പറുന്ന ക്രീം' തേച്ച് കിഡ്നി തകരാര് സംഭവിച്ച കേസിന് സമാനമായിരുന്നു ഇതും.
ഭാരം കുറയ്ക്കാൻ കുത്തിവെയ്പ്പെന്ന് പരസ്യം
ചൈനയിലെ സുഷൗവിൽ നിന്നുള്ള ചെൻ എന്ന യുവതിയാണ് ഭാരം കുറയ്ക്കുന്നതിനുള്ള കുത്തിവെപ്പ് എടുക്കാൻ ആവശ്യമായ മരുന്ന് ഓൺലൈനിൽ വാങ്ങിയത്. എന്നാൽ, മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഗുരുതരമായ ആന്തരിക പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലെ പരസ്യം കണ്ട് മൂന്ന് കുത്തിവെപ്പുകളുള്ള പാക്കേജിനായി ചെൻ 900 യുവാൻ അതായത് ഏകദേശം 130 യുഎസ് ഡോളർ (11,683 ഇന്ത്യൻ രൂപ) ചിലവഴിച്ചുവെന്നാണ് റിപ്പോർട്ട്. ഓരോ കുത്തിവെപ്പും കഴിഞ്ഞാൽ 3.5 കിലോഗ്രാം ഭാരം കുറയുമെന്നായിരുന്നു പരസ്യത്തിലെ അവകാശവാദം. ആദ്യം, ഇവർ നിർദ്ദേശിച്ച അളവിന്‍റെ പകുതി മാത്രമാണ് യുവതി കുത്തിവെച്ചത്.
ഭാരം കുറഞ്ഞു, പക്ഷേ രക്തം ഛർദ്ദിച്ചു
ആദ്യ ദിവസത്തിൽ ഏകദേശം ഒരു കിലോഗ്രാം ഭാരം കുറഞ്ഞു. നാല് ദിവസത്തിനുള്ളിൽ ഏകദേശം 5 കിലോയോളം ഭാരം കുറഞ്ഞെങ്കിലും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങി. ഓക്കാനം, വിശപ്പില്ലായ്മ, തുടർച്ചയായ ഛർദ്ദി എന്നിവ രൂക്ഷമായി. ഒടുവിൽ യുവതി രക്തം വരെ ഛർദ്ദിച്ചു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവതിയെ വിശദമായ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കി. ഇവരുടെ ആമാശയത്തിലെ ഉൾപ്പാളികൾക്ക് ഗുരുതരമായി ക്ഷതമേൽക്കുകയും ദഹനനാളത്തിന് തകരാർ സംഭവിക്കുകയും ചെയ്തുവെന്നാണ് ഡോക്ടർമാർ പറയുന്നത്. പിന്നീടുള്ള അന്വേഷണത്തിൽ, ഇവർ എടുത്ത കുത്തിവെപ്പിൽ നിയമവിരുദ്ധമായ സെമഗ്ലൂടൈഡ് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. എന്തായാലും ഇത്തരത്തിലുള്ള സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നവർ ഒളിഞ്ഞിരിക്കുന്ന അപകട സാധ്യത മനസ്സിലാക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


