Asianet News MalayalamAsianet News Malayalam

മല കയറുന്നതിനിടെ പിടിവിട്ട് 24 മീറ്റർ താഴേക്ക് വീണു, കാൽ മുറിച്ച് മാറ്റി, ഇനിയും മല കയറുമെന്ന് യുവതി

എന്നാൽ, ഏറ്റവും ദുഃഖമുണ്ടായത്‌ ഇടത് കാൽ മുറിക്കേണ്ടി വന്നപ്പോഴായിരുന്നു. ഒരു പർവതരോഹകയെ സംബന്ധിച്ചിത്തോളം, കാല് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ഊഹിക്കാമല്ലോ. എന്നിട്ടും അവൾ അതിന് ഒരുങ്ങി.

climber fell down 24m off a cliff
Author
California, First Published Aug 18, 2022, 2:57 PM IST

കുത്തനെയുള്ള ഒരു മല കയറുന്നതിനിടെ പിടി വിട്ട് 24 മീറ്റർ താഴേക്ക് വീണ ഒരു ന്യൂസിലൻഡ് വിദ്യാർത്ഥിനിയ്ക്ക് അതിദാരുണമായി പരുക്കേറ്റു. ശരീരത്തിലെ മിക്കവാറും എല്ലാ അസ്ഥികളും ഒടിഞ്ഞുവെന്ന് മാത്രമല്ല, ഇടത് കാൽ മുറിച്ചുമാറ്റേണ്ടതായും വന്നു.  ഇപ്പോൾ കാലിഫോർണിയയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് അന്ന പാർസൺസ്. അവൾക്ക് വയസ്സ് 21. എന്നാൽ, ഇത്രയേറെ സഹിച്ചിട്ടും, വേദന അനുഭവിച്ചിട്ടും അവൾ തന്റെ സ്വപ്നം ഉപേക്ഷിക്കുന്നില്ല. ഒന്ന് എഴുന്നേറ്റ് നിൽക്കാറായാൽ, വീണ്ടും മല കയറുമെന്ന് അവൾ പറയുന്നു.  

അന്നയും അവളുടെ ക്ലൈംബിംഗ് പങ്കാളിയായ ജാക്ക് ഇവാൻസും യുഎസിൽ രണ്ട് ദിവസത്തേക്കാണ് എത്തിയത്. ആഗസ്റ്റ് ഒന്നിന് അവൾ അമേരിക്കയിലെ കാലിഫോർണിയയിലെ യോസെമൈറ്റ് നാഷണൽ പാർക്കിലെ ഹാഫ് ഡോം കൊടുമുടിയിൽ എത്തി. അവിടെയുള്ള  കുപ്രസിദ്ധമായ സ്നേക്ക് ഡൈക്ക് റൂട്ടിൽ കയറുന്നതിനിടെയായിരുന്നു അപകടം. അന്നയുടെ ബാലൻസ് തെറ്റി 24 മീറ്റർ താഴേക്ക് വഴുതി വീഴുകയായിരുന്നു. ആശുപതിയിൽ എത്തിയ അവളുടെ നില അതീവ ഗുരുതരമായിരുന്നു. ഒന്നിലധികം പാറക്കെട്ടുകളിൽ ഇടിച്ചാണ് അവൾ താഴെ വീണത്. വീഴ്ചയിൽ അവളുടെ കഴുത്ത്, നട്ടെല്ല്, ഇടുപ്പ്, വാരിയെല്ലുകൾ, കാലുകൾ, പാദങ്ങൾ എന്നിവിടങ്ങളിലെ എല്ലുകൾ ഒടിഞ്ഞു. ശ്വാസകോശത്തിൽ തുള വീണു. തലയിൽ ഹെൽമെറ്റ് ഉണ്ടായിരുന്നത് കൊണ്ട് തലയ്ക്ക് പരിക്കേറ്റില്ല. തന്റെ സഹോദരിക്ക് 1.2 മില്യൺ ഡോളർ ആശുപത്രി ബില്ല് വന്നെന്ന് അന്നയുടെ സഹോദരൻ ബെൻ പാർസൺസ് മാധ്യമങ്ങളോട് പറഞ്ഞു. പരിക്കുകളുടെ എണ്ണം കൂടിയപ്പോൾ, ഇൻഷുറൻസ് തുകയും വേഗത്തിൽ കാലിയായി.  

എന്നാൽ, ഏറ്റവും ദുഃഖമുണ്ടായത്‌ ഇടത് കാൽ മുറിക്കേണ്ടി വന്നപ്പോഴായിരുന്നു. ഒരു പർവതരോഹകയെ സംബന്ധിച്ചിത്തോളം, കാല് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ഊഹിക്കാമല്ലോ. എന്നിട്ടും അവൾ അതിന് ഒരുങ്ങി. കാരണം എത്രയും വേഗം എല്ലാം ഭേദമായി സർഫിംഗ്, ക്ലൈംബിംഗ്, പോലുള്ള തന്റെ ഇഷ്ടങ്ങളിലേക്ക് അവൾക്ക് തിരികെ പോകണമായിരുന്നു. അവൾ അങ്ങനെയൊരു സ്വഭാവമാണ് എന്ന് സഹോദരൻ പറയുന്നു. സാൻ ഫ്രാൻസിസ്കോയ്ക്കടുത്തുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അവളുടെ മെഡിക്കൽ ബില്ലുകൾ കുതിച്ചുയരുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ന്യൂസിലൻഡിലുള്ള അപകട ഇൻഷുറൻസ് അവളുടെ മിക്കവാറും എല്ലാ ചികിത്സയും പരിരക്ഷിക്കും. എന്നാൽ ന്യൂസിലൻഡിൽ വച്ച് സംഭവിക്കുന്ന അപകടങ്ങൾക്ക് മാത്രമായിരിക്കും പരിരക്ഷ. അതുകൊണ്ട് തന്നെ അവൾക്ക് കാര്യമായ സഹായമൊന്നും പ്രതീക്ഷിക്കാൻ സാധിക്കില്ല. ട്രാവൽ ഇൻഷുറൻസ് ഉണ്ടെങ്കിലും, ആ തുകയെല്ലാം തീർന്നു. എന്തായാലും ഇനിയും ആഴ്ചകളോളം ആശുപതിയിൽ കഴിയേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്ര ചെയ്യാറായാൽ, അവളെ വീട്ടിലേക്ക് കൊണ്ടുവരാൻ  ആലോചിക്കുകയാണ് കുടുംബം.  

Follow Us:
Download App:
  • android
  • ios