അർദ്ധരാത്രിയിൽ റാപ്പിഡോ ഓട്ടോയിൽ യാത്രചെയ്ത യുവതിക്ക് സുരക്ഷിതത്വം തോന്നിയ അനുഭവം വൈറലായി. 'ഞാനും ഒരു അച്ഛൻ/സഹോദരൻ ആണ്, നിങ്ങളുടെ സുരക്ഷ പ്രധാനമാണ്' എന്ന കുറിപ്പാണ് യുവതിക്ക് ആത്മവിശ്വാസം നൽകിയത്. ഈ സംഭവത്തിന് പിന്നാലെ ഡ്രൈവർക്ക് അഭിനന്ദന പ്രവാഹമാണ്.

സുരക്ഷ, പ്രത്യേകിച്ചും സ്ത്രീ സുരക്ഷ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഓരോ ദിവസവും പുലരുമ്പോഴും സ്ത്രീകളും പെണ്‍കുട്ടികളും അക്രമിക്കപ്പെട്ട വാ‍ർത്തകളുടെ എണ്ണം വർദ്ധിക്കുന്നു. ഇത്തരം കേസുകളിൽ ഇരയ്ക്ക് നീതി ലഭ്യമാക്കുന്നത് പോലും സംശയ നിഴലിലായിരിക്കുന്നു. ഇതിനിടെയിലും ബെംഗളൂരു നഗരത്തിൽ അർദ്ധരാത്രിയിൽ കയറിയ ഒരു റാപ്പിഡോ ഓട്ടോ റിക്ഷയിലെ അനുഭവം ഒരു യുവതി പങ്കുവച്ചപ്പോൾ അഭിനന്ദന പ്രവാഹമായിരുന്നു.

'ഞാനും ഒരച്ഛനാണ്'

റാപ്പിഡോ യാത്രകൾ, പ്രത്യേകിച്ചും രാത്രികാല റാപ്പിഡോ യാത്രകൾ അല്പം ഭയത്തോടെയാണ് സ്ത്രീകൾ ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. നിരന്തരം പുറത്ത് വരുന്ന വാർത്തകൾ തന്നെയാണ് അത്തരമൊരു ഭയം ജനിപ്പിച്ചതും. എന്നാല്‍, താന്‍ കയറിയ ഓട്ടോയിൽ ഡ്രൈവറുടെ വശത്ത് എഴുതി വച്ച ഒരു വാചകം തനിക്ക് ആത്മവിശ്വാസവും സമാധാനവും നൽകിയെന്ന് ഒരു യുവതി കുറിച്ചു. ഒപ്പം ആ ഓട്ടോയുടെ ഒരു ചെറു വീഡിയോയും അവ‍ർ പങ്കുവച്ചു. ലിറ്റിൽ ബെംഗളൂരു സ്റ്റോറീസ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ഓട്ടോ ഡ്രൈവർക്ക് അഭിനന്ദന പ്രവാഹമായിരുന്നു.

View post on Instagram

പുലർച്ചെ 12 മണിക്ക് താൻ ഒരു റാപ്പിഡോ ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്നുവെന്ന് അവർ പങ്കുവെക്കുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം, തനിക്ക് "സുരക്ഷിതത്വം" തോന്നിപ്പിച്ച സന്ദേശം അവർ വീഡിയോയിൽ പകർത്തി. വാഹനത്തിനുള്ളിൽ കന്നഡയിലും ഇംഗ്ലീഷിലും എഴുതിയ ഒരു കുറിപ്പ് ഇങ്ങനെയായിരുന്നു. 'ഞാനും ഒരു അച്ഛൻ/സഹോദരൻ ആണ്. നിങ്ങളുടെ സുരക്ഷ പ്രധാനമാണ്. സുഖമായി ഇരിക്കൂ.' ഈ അക്ഷരങ്ങൾ തനിക്ക് സുരക്ഷിതത്വം നൽകിയെന്ന് യുവതി പറയുന്നതും കേൾക്കാം. രാത്രി വൈകി തന്‍റെ ഓട്ടോയിൽ കയറുന്ന യാത്രക്കാ‍ർക്ക് സുരക്ഷ വാഗ്ദാനം ചെയ്ത ഓട്ടോക്കാരനെ നിരവധി പേര്‍ അഭിനന്ദിച്ചു.

അഭിനന്ദന പ്രവാഹം

ഇവരാണ് ബെംഗളൂരുവിലെ യഥാർത്ഥ ഓട്ടോ ഡ്രൈവർമാർ, അവർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നായിരുന്നു ഒരു കാഴ്ചക്കാരൻ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഇത്തരം കാര്യങ്ങളാണ് ഓരോരുത്തരും ചെയ്യേണ്ടതെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. മറ്റ് ചിലർ ബെംഗളൂരു നഗരം സ്ത്രീകൾക്ക് സുരക്ഷിതമാണെന്ന് കുറിച്ചു.