തിരുപ്പൂരിൽ റാപ്പിഡോ റൈഡ് ബുക്ക് ചെയ്ത യുവതിക്ക് ഡ്രൈവറിൽ നിന്നും ദുരനുഭവമുണ്ടായി. യാത്രയ്ക്ക് ശേഷം ഫോൺ നമ്പർ ദുരുപയോഗം ചെയ്ത് ഡ്രൈവർ അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ, നിയമസഹായം വാഗ്ദാനം ചെയ്ത് റാപ്പിഡോ.
കാര്യങ്ങൾ എളുപ്പാക്കിയത് മൊബൈൽ ഫോണും ഇന്‍റർനെറ്റുമാണ്. ലോകത്തെ മൊത്തം വിവരങ്ങളും വിരൽ തുമ്പിലെത്തുമ്പോൾ തന്നെ ആ വിരൽ തുമ്പുവഴി നമ്മളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തേക്കും പോകുന്നു. ഈ സാധ്യതയെ ദുരുപയോഗം ചെയ്യുമ്പോൾ കാര്യങ്ങൾ കൈവിടുന്നു. ഇന്‍റർനെറ്റിന്‍റെ കാലത്ത് സ്വകാര്യതയെ അങ്ങേയറ്റം മാനിക്കേണ്ടതുണ്ട്. എന്നാല്‍, ചിലര്‍ എല്ലാ അതിർവരമ്പുകളെയും അറിഞ്ഞ് കൊണ്ട് തന്നെ അപ്രസക്തമാക്കുന്നു. അത്തരമൊരു പരാതിയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്നുള്ള യുവാവ് ഉന്നയിച്ചത്. ഇത് റാപ്പിഡോ പോലുള്ള ആപ്പ് അധിഷ്ഠിത സേവനങ്ങൾ ഉപയോഗിക്കുന്നവരെ ആശങ്കയിലാക്കി.
റാപ്പിഡോ ഡ്രൈവറുടെ 'സേവനം'
സമൂഹ മാധ്യമങ്ങളില്‍ പ്രവീൺ ഗണേഷൻ എന്ന ഉപയോക്താവ് പങ്കുവച്ച കുറിപ്പ് അനുസരിച്ച്, ഒക്ടോബർ 16 ന് അദ്ദേഹത്തിന്‍റെ ബന്ധുവായ യുവതിയും മറ്റുള്ളവരും തിരുപ്പൂരില്‍ നിന്നും ഒരു റാപ്പിഡോ റൈഡ് ബുക്ക് ചെയ്തിരുന്നു. ആ യാത്രയ്ക്ക് ശേഷം ആപ്പിൽ നിന്നും ഫോണ്‍ നമ്പർ ശേഖരിച്ച ഡ്രൈവർ രാത്രി 11 മണിയോടെ യുവതിയുടെ വാട്സാപ്പിലേക്ക് അശ്ലീല സന്ദേശങ്ങൾ, ചിത്രങ്ങൾ വീഡിയോകൾ എന്നിവ അയക്കാൻ തുടങ്ങി. ഇതിനിടെ അയാൾ നിരവധി തവണ വാഡ്സാപ്പ് കോളിൽ വിളിച്ചെന്നും കുറിപ്പിൽ ആരോപിക്കുന്നു.
നിരവധി റൈഡർമാർ ബുക്കിംഗ് സമയത്ത് പങ്കിട്ട കോൺടാക്റ്റ് വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് ബൈക്ക് സർവീസുകൾ നിരോധിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം തിരുപ്പൂർ സിറ്റി പോലീസിനും കോർപ്പറേഷനും ടാഗ് ചെയ്ത് ആവശ്യപ്പെട്ടു. കുറിപ്പിനൊപ്പം റാപ്പിഡോ ഡ്രൈവറുടെ ചിത്രവും പേരും അദ്ദേഹം പങ്കുവച്ചു. കുറിപ്പ് അരലക്ഷത്തോളം പേരാണ് ഇതിനകം കണ്ടത്.
പ്രതികരിച്ച് റാപ്പിഡോയും
നിരവധി പേരാണ് കുറിപ്പിനോട് പ്രതികരിച്ച് എത്തിയത്. ഇത്തരം ആപ്പുകൾ ഉപയോഗിച്ച് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് പതിവാണെന്നും ഇന്‍റർനെറ്റ് സുരക്ഷയുടെ കുറവാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. മറ്റ് ചിലര്‍ ചില ഡ്രൈവർമാരാണ് പ്രശ്നക്കാരെന്നും അത്തരക്കാരെ കണ്ടെത്തി ഇത്തരം സേവനങ്ങളിൽ നിന്നും വിലക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി. സംഭവം വലിയ ചർച്ചയിലേക്ക് നീങ്ങിയതോടെ റാപ്പിഡോ തങ്ങളുടെ ഔദ്യോഗിക ഹാൻഡിലായ റാപ്പിഡോ കെയേഴ്‌സിലൂടെ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തി. ഇരയ്ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത കമ്പനി, ഉപഭോക്തൃ സുരക്ഷയാണ് മുൻഗണനയെന്ന് ആവർത്തിച്ചു. ക്യാപ്റ്റന്‍റെ (ഡ്രൈവർ) പ്രൊഫഷണലല്ലാത്ത പെരുമാറ്റത്തിന് ക്ഷമ ചോദിക്കുകയും നടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.


