ബിഹാറില്‍ റെസ്റ്റോറന്‍റിലിരിക്കുന്ന സഹോദരിക്കും സഹോദരനുമെതിരെ അക്രോശിച്ച് പൊലീസ്. വീഡിയോ വൈറലായതോടെ വന്‍ വിമര്‍ശനം. പിന്നാലെ വിശദീകരണം.
ബിഹാറിൽ റസ്റ്റോറന്റിലിരിക്കുകയായിരുന്ന സഹോദരങ്ങളായ യുവതീയുവാക്കളോട് മോശമായി പെരുമാറുന്ന പൊലീസുകാരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് വഴിവച്ചിരുന്നു. കതിഹാറിലെ ഒരു റസ്റ്റോറന്റിലായിരുന്നു സംഭവം. ഇപ്പോഴിതാ, ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ബിഹാർ പൊലീസ് ഒരു പ്രസ്താവന ഷെയർ ചെയ്തിരിക്കയാണ്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് എഴുതുന്നത്. അതേസമയം, സോഷ്യൽ മീഡിയയിൽ അതിവേഗത്തിൽ വൈറലായ വീഡിയോ പൊലീസ് സാധാരണക്കാരുടെ നേരെ ഒരു കാര്യവുമില്ലാതെ അധികാരം പ്രയോഗിക്കുകയാണ് എന്ന പേരിൽ വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.
വീഡിയോയിൽ, പൊലീസുകാർ റെസ്റ്റോറന്റിലിരിക്കുന്ന യുവതീയുവാക്കളെ സമീപിക്കുന്നത് കാണാം. അതിൽ ഒരു പൊലീസുകാരൻ യുവാവിനോട്, 'ഇത് ആരാണ്' എന്ന് ചോദിക്കുന്നുണ്ട്. 'ഇത് എന്റെ സഹോദരിയാണ്' എന്ന് യുവാവ് മറുപടിയും നൽകുന്നുണ്ട്. എന്നാൽ, പൊലീസുകാരൻ ഇതൊന്നും ശ്രദ്ധിക്കാതെ ഇവർക്കുനേരെ ഒച്ചയെടുക്കുകയാണ്. യുവതി ഇതെല്ലാം വീഡിയോയിൽ പകർത്തുന്നുണ്ട്. റെക്കോർഡ് ചെയ്യുന്നത് നിർത്താൻ പറഞ്ഞ് യുവതിയോടും പൊലീസ് അക്രോശിക്കുന്നു. കതിഹാർ പൊലീസ് എക്‌സിൽ ഷെയർ ചെയ്ത ഒരു പ്രസ്താവന ബിഹാർ പൊലീസ് റീഷെയർ ചെയ്തിട്ടുണ്ട്. 'കതിഹാർ ജില്ലയിലെ ബർസോയ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തെക്കുറിച്ചുള്ള വിശദമായ വിവര'മെന്നാണ് പ്രസ്താവനയിൽ പറയുന്നത്.
സംഭവത്തെ കുറിച്ച് വിശദീകരണം നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. റെസ്റ്റോറന്റിൽ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യമുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് അവിടെ എത്തിയത്. പേരും വിലാസവും ചോദിച്ചപ്പോൾ സഹോദരങ്ങളായ യുവതിയും യുവാവും സഹകരിക്കാൻ തയ്യാറായില്ല എന്നാണ് പൊലീസിന്റെ ഭാഷ്യം. അതേസമയം, വിശദീകരണം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തെങ്കിലും ഇപ്പോഴും പൊലീസിനെതിരെ രൂക്ഷവിമർശനം ഉയരുകയാണ്. യുവതിയോടും യുവാവിനോടും മോശമായി പെരുമാറിയ പൊലീസുകാരനെതിരെ നടപടി വേണമെന്ന് പലരും ആവശ്യപ്പെട്ടു.


