വീട്ട് വാടകയും വസ്‌തു വിലയും കുറവായതിനാൽ ജർമ്മനിയിലോ ബെൽജിയത്തിലോ ഫ്രാൻസിലേക്കോ താമസം മാറ്റുകയും ജോലിക്കായി രാജ്യത്തേക്ക് എത്തുകയും ചെയ്യുന്നതവരുടെ എണ്ണം കൂടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.  


ബെംഗളൂരുവിലെ അമിത വാടകയും ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റ് സംസ്ഥാനങ്ങളിലെ ഐടി സ്ഥാപനങ്ങളിലേക്ക് ജോലി അന്വേഷിക്കുന്ന ഐടി പ്രോഫഷണലുകളുടെ വാര്‍ത്തകള്‍ നമ്മള്‍ പലപ്പോഴും വായിച്ചിട്ടുണ്ട്. സമാനമായൊരു അവസ്ഥയിലൂടെയാണ് യൂറോപ്യന്‍ യൂണിയന്‍റെ ഭാഗമായ ലക്സംബർഗിലെ ജനങ്ങളും കടന്ന് പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് ലക്സംബര്‍ഗ്. എന്നാല്‍, രാജ്യത്ത് ഒരു വീട് വാങ്ങുന്നതിനോ വാടകയ്‌ക്കെടുക്കുന്നതിനോ ഉള്ള ഉയർന്ന ചിലവ് നിരവധി ആളുകളെ രാജ്യത്തെ താമസം തന്നെ ഉപേക്ഷിക്കാന്‍ കാരണമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

6,60,000 പേരുള്ള ഗ്രാൻഡ് ഡച്ചിയിലാണ് ഏറ്റവും വലിയ പ്രതിസന്ധിയുള്ളത്. അധ്യാപികയും മൂന്ന് കുട്ടികളുടെ അമ്മയുമായ പാസ്‌കെൽ സോറുവിന് സാമൂഹിക ഭവനങ്ങൾ ലഭ്യമാക്കുന്നതിനായി അഞ്ച് വർഷം കാത്തിരിക്കേണ്ടി വന്നുവെന്ന് പറയുന്നു. "സ്വകാര്യ വിപണിയിൽ, രണ്ട് മുറികളുള്ള ഒരു അപ്പാർട്ട്മെന്‍റ് വാടകയ്ക്ക് എടുക്കുന്നതിന് കുറഞ്ഞത് 2,000 യൂറോ (ഒന്നേമുക്കാല്‍ ലക്ഷം) ചിലവാകും. നിലവിലെ വരുമാനം കൊണ്ട് ഇത് ബുദ്ധിമുട്ടാണ്," അവര്‍ എഎഫ്പിയോട് പറഞ്ഞു. “താങ്ങാനാവുന്ന ഭവനങ്ങൾ വിരളമാണ്, പ്രത്യേകിച്ച് യുവാക്കൾക്കും മാതാപിതാക്കളുള്ള അവിവാഹിതരായ കുടുംബങ്ങൾക്കും,” അവര്‍ കൂട്ടിചേര്‍ത്തു. “വാടകയും വസ്‌തുവിലയും കുറവായതിനാൽ ജർമ്മനിയിലോ ബെൽജിയത്തിലോ ഫ്രാൻസിലോ താമസിക്കാനായി അതിർത്തി കടക്കുന്ന ലക്‌സംബർഗർമാരുടെ എണ്ണം കൂടുകയാണ്. ” ഹൗസിംഗ് ഒബ്സർവേറ്ററിയിലെ ഗവേഷകനായ അന്‍റോയിൻ പാക്കൗഡ് പറയുന്നു. സാമ്പത്തിക സേവനങ്ങളെ അടിസ്ഥാനമാക്കി അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ്‌വ്യവസ്ഥയുള്ള ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം സ്ഥിതി ഭയാനകമാണെന്ന് റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു. 

നഷ്ടപ്പെട്ടത് 8 ലക്ഷം രൂപ അടങ്ങിയ വാലറ്റ്; പന്ത്രണ്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ സംഭവിച്ചത് !

യൂറോപ്യന്‍ യൂണിയന്‍റെ സ്ഥിതി വിവരക്കണക്ക് ഏജൻസിയുടെ റിപ്പോര്‍ട്ട് പ്രകാരം, ലക്സംബർഗിലെ ഒരു തൊഴിലാളിയുടെ ശരാശരി വരുമാനം 2022-ൽ പ്രതിവർഷം 47,000 യൂറോ (41 ലക്ഷം രൂപ) ആയിരുന്നു. അതേ സമയം തലസ്ഥാനമായ ലക്സംബര്‍ സിറ്റിയില്‍ പുതിയ ഫ്ലാറ്റുകള്‍ക്ക് ഒരു ചതുരശ്ര അടിക്ക് 13,000 യൂറോയും (11 ലക്ഷം) പഴയവയ്ക്ക് 10,700 യൂറോയും (9 ലക്ഷം) നല്‍കണം. ഒരു വീടിന്‍റെ ശരാശരി വിലയാകട്ടെ 1.5 ദശലക്ഷം യൂറോയാണ് (13 കോടി രൂപയ്ക്കും മേലെ). അതേസമയം 2022 ജൂണിനും 2023 ജൂണിനുമിടയിൽ വാടക 6.7 ശതമാനം വർദ്ധിക്കുകയും ചെയ്തു. ആ കാലയളവിലെ പണപ്പെരുപ്പ നിരക്കായ 3.4 ശതമാനത്തേക്കാൾ വളരെ വേഗത്തിലായിരുന്നു വാടക ഇനത്തിലെ വര്‍ദ്ധന. തെരഞ്ഞെടുപ്പുകളില്‍ പാർപ്പിട പ്രശ്നം "മറ്റെല്ലാത്തിനെയും മറികടക്കുന്ന ചോദ്യമായി" മാറിയെന്ന് ലക്സംബർഗ് സർവകലാശാലയിലെ പൊളിറ്റിക്കൽ അനലിസ്റ്റ് ഫിലിപ്പ് പോയിയർ എഎഫ്‌പിയോട് പറഞ്ഞു. "വീടിന്‍റെയും ഭൂമിയുടെയും ലഭ്യത കുറവ്, നിർമ്മാണത്തിന്‍റെയും വാങ്ങലിന്‍റെയും ചെലവ്, ഉയർന്ന വാടക" എന്നിവയാണ് പ്രധാന പ്രശ്‌നങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 

കുളിച്ചാൽ തലയിൽ നിന്നും ചോരയൊലിക്കും വെള്ളം പോലും കുടിക്കാന്‍ പറ്റില്ല; അപൂർവ രോഗാനുഭവം വെളിപ്പെടുത്തി യുവതി !

നാളെ (8.10.'23) നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം വാഗ്ദാനം ചെയ്യുന്നത് സാമൂഹിക ഭവനങ്ങള്‍ക്ക് കൂടുതല്‍ പണം നിക്ഷേപിക്കുമെന്നും ഭവന നിർമ്മാണത്തിനായി ഒരു സൂപ്പർ മിനിസ്ട്രി ഉണ്ടാക്കുമെന്നും ഒഴിഞ്ഞ വസ്തുവകകൾക്ക് കൂടുതൽ നികുതി ചുമത്തുമെന്നുമൊക്കെയാണ്. എന്നാല്‍ പ്രശ്നം ആഴത്തിലുള്ളതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 0.5 ശതമാനത്തിന്‍റെ കൈയിലാണ് ഭൂമിയുടെ ഭൂരിഭാഗവും. സാമ്പത്തിക അവസരങ്ങൾ വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് കൂട്ടത്തോടെ കൊണ്ടുവരുന്നു, ഇത് സ്ഥലത്തിന്‍റെയും വീടുകളുടെയും വില കുതിച്ച് ഉയര്‍ത്താന്‍ കാരണമാകുന്നു. വില ഇനിയും കൂടുമെന്നതിനാല്‍ ഭൂമി വിട്ട് നല്‍കാന്‍ ഉടമകള്‍ തയ്യാറാകുന്നില്ല. ലക്സംബർഗിൽ താമസിക്കുന്ന പകുതിയും രാജ്യത്തെ പൗരന്മാരല്ല. മാത്രമല്ല, വീടുകളുടെ ഉടമസ്ഥാവകാശത്തിലും വലിയ അന്തരമുണ്ട്. സ്വദേശികള്‍ക്ക് 80 ശതമാനവും വിദേശികള്‍ക്ക് 50 ശതമാനവുമാണ് വീടുകളുടെ ഉടമസ്ഥാവകാശം സ്വദേശികള്‍ക്ക് സര്‍ക്കാര്‍ ജോലിയുണ്ടെങ്കിലും വിദേശ തൊഴിലാളികളുടെ കുത്തൊഴുക്ക് അവരെയും പ്രശ്നത്തിലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2,571 യൂറോ (രണ്ടേകാല്‍ ലക്ഷം രൂപ) എന്ന ഔദ്യോഗിക മിനിമം വേതനം എന്ന നിയമമുണ്ടെങ്കിലും ഏക വരുമാനമുള്ള കുടുംബങ്ങളുടെ ദാരിദ്ര്യാ അപകട സാധ്യതയുടെ കാര്യത്തിൽ ലക്സംബർഗ് യൂറോ സോണിലെ ആദ്യ മൂന്ന് സ്ഥാനത്താണെന്നും ചേംബർ ഓഫ് എംപ്ലോയീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ജി20 യുടെ രാഷ്ട്രീയവൽക്കരണം 'സ്വന്തം കുഴിതോണ്ടു'മെന്ന് പുടിന്‍