ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്‍റെ പേര് 'ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷൻ' എന്ന് ഇന്ത്യൻ റെയിൽവേ ഔദ്യോഗികമായി മാറ്റി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പകരം പേര് മാറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർന്നു.
മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തിന്‍റെ പേര് മാറ്റി മൂന്ന് വർഷത്തിന് ശേഷം, ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്‍റെയും പേര് ഔദ്യോഗികമായി മാറ്റി ഇന്ത്യന്‍ റെയില്‍വെ. "ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷൻ" എന്ന് ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്‍റെ പുതിയ പേര് സൗത്ത് സെൻട്രൽ റെയിൽവേയാണ് ഇന്നലെ ഔദ്ധ്യോഗികമായി പ്രഖ്യാപിച്ചത്. ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റുന്നതിനായി ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ ഒക്ടോബർ 15 ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
പേര് മാറ്റം
'സിപിഎസ്എൻ' എന്നായിരിക്കും ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷൻറെ കോഡ് എന്ന് സെൻട്രൽ റെയിൽവേ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സൗത്ത് സെൻട്രൽ റെയിൽവേയിലെ നന്ദേഡ് ഡിവിഷന് കീഴിലാണ് ഈ സ്റ്റേഷൻ വരുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്‍റെ അംഗീകാരത്തെത്തുടർന്ന് ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്‍റെ പേര് മാറ്റുന്നതിനായി ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ ഒക്ടോബർ 15 -ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്‍റെ പേരിലറിയപ്പെട്ടിരുന്ന ഈ നഗരത്തിന്, ഛത്രപതി ശിവാജിയുടെ മകനും മറാത്ത സംസ്ഥാനത്തിന്‍റെ രണ്ടാമത്തെ ഭരണാധികാരിയുമായിരുന്ന ഛത്രപതി സംബാജിയോടുള്ള ആദരസൂചകമായാണ് പുതിയ പേര് നൽകിയത്. ഹൈദരാബാദിലെ ഏഴാമത്തെ നിസാം മിർ ഒസ്മാൻ അലി ഖാന്‍റെ ഭരണകാലത്ത് 1900-ലാണ് ഔറംഗാബാദ് റെയിൽവേ സ്റ്റേഷൻ തുറന്നത്.
രൂക്ഷമായി പ്രതികരിച്ച് നെറ്റിസെന്‍സ്
സര്‍ക്കാറിന്‍റെ പേര് മാറ്റം പക്ഷേ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായ പ്രതികരണമാണ് ഉയർത്തിയത്. പേര് മാറ്റം കൊണ്ട് സര്‍ക്കാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് നിരവധി പേര്‍ ചോദിച്ചു. സാധാരണക്കാര്‍ക്ക് റെയില്‍വേയില്‍ അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്ന സര്‍ക്കാര്‍, റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാന്‍ കാണിക്കുന്ന വ്യഗ്രത എന്തിന് വേണ്ടിയാണെന്നും നിരവധി പേര്‍ ചോദിച്ചു. എന്തിനാണ് പേര് മാറ്റിയത്? എത്ര ബജറ്റ് പാഴാക്കലാണ് ഇങ്ങനെ ചെയ്യുന്നത്? പൊതുജനങ്ങൾക്കും യാത്രക്കാർക്കും എന്തെങ്കിലും പ്രയോജനം ലഭിക്കുമോ? എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ ചോദിച്ചത്. സൗത്ത് സെൻട്രൽ റെയിൽവേയുടെ പേര് മാറ്റിയതിന് അവാർഡ് ലഭിച്ചുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ പരിഹസിച്ച് കുറിപ്പെഴുതി. അതേസമയം ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരുടെ ദുരിത യാത്രയുടെ നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നത്.


