ഇന്ത്യൻ റെയിൽവേയിലെ ജനത്തിരക്ക് വാഗൺ ട്രാജഡിക്ക് സമാനമായ ദുരിതമാണ് യാത്രക്കാർക്ക് നൽകുന്നത്. അവധ് അസം എക്‌സ്പ്രസിൽ 24 മണിക്കൂറിലധികം അനങ്ങാൻ പോലുമാകാതെ യാത്ര ചെയ്തയാളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
പുതിയ കാലത്തെ വാഗണ്‍ ട്രാജഡിയാണോയെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ചോദ്യം. എതാണ്ട് അതിന് സമാനമായ കാഴ്ചകളാണ് ഇന്ത്യന്‍ റെയിൽവേയില്‍ നിന്നും പുറത്ത് വരുന്നത്. ഒന്ന് അനങ്ങാന്‍ പോലും കഴിയാതെ കുത്തി നിറച്ച അവസ്ഥയില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ യാത്ര ചെയ്യുന്നവരുടെ നിരവധി വീഡിയോകളാണ് ഓരോ ദിവസും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടുന്നത്.
ഒരു രാജസ്ഥാന്‍ ‘വാഗണ്‍ ട്രാജഡി’
രാജസ്ഥാനിൽ നിന്നാണ് വരുന്നതെന്നും കഴിഞ്ഞ 24 മണിക്കൂറായി തിരക്കേറിയ ട്രെയിനിൽ ഇരിക്കുകയാണെന്നും ഒരു യാത്രക്കാരന്‍ പറയുന്ന വിഡിയോ ജേർണലിസ്റ്റായ പീയൂഷ് റോയി തന്‍റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ചപ്പോൾ കണ്ടത് മൂന്ന് ലക്ഷത്തോളം പേരാണ്. തനിക്ക് അനങ്ങാൻ കഴിയുന്നില്ലെന്നും വാഷ്‌റൂം പോലും ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും ആ യാത്രക്കാരന്‍ വീഡിയോയില്‍ പറയുന്നു. തിരക്കേറിയ അവധ് അസം എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് പരാതി പറയുന്നത്.
ലഖ്‌നൗവിലെ ചാർബാഗ് സ്റ്റേഷനിലെ ജനാലയ്ക്കരികിൽ ഇരിക്കുന്ന ഒരു യാത്രക്കാരനോട് ഒരു ഡിജിറ്റൽ ചാനലിലെ റിപ്പോർട്ടറാണ് ചോദിക്കുന്നത്. വെള്ളം കുടിച്ചിട്ടില്ല, കാരണം എഴുന്നേറ്റ് നിൽക്കാൻ പോലും സ്ഥലമില്ല. അതേസമയം യാത്രക്കാർ സുഖമായി യാത്ര ചെയ്യുന്നുണ്ടെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെന്ന് റിപ്പോർട്ടർ പരാമർശിക്കുമ്പോൾ, 'ഇത് ആശ്വാസം മാത്രമാണ്' എന്നാണ് ആ യാത്രക്കാരന്‍ മറുപടി പറയുന്നത്. അതേസമയം ട്രെയിനില്‍ ശ്വാസം കഴിക്കാന്‍ പോലും ഇടമില്ലാതെ ആളുകൾ കുത്തിനിറച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
സമൂഹ മാധ്യമ പ്രതികരണം
"12,000 'സ്പെഷ്യൽ' ട്രെയിനുകൾ, യാത്രക്കാർക്ക് മാന്യതയില്ല. ഭയത്താൽ ആളുകൾ നിർജ്ജലീകരണം അനുഭവിക്കുന്നു, അമൃത് കാൽ എക്സ്പ്രസിലേക്ക് സ്വാഗതം! ഇവിടെ '12,000 സ്പെഷ്യൽ ട്രെയിനുകൾ' ട്രാക്കുകളിലല്ല, പ്രസംഗങ്ങളിൽ മാത്രമാണ് നിലനിൽക്കുന്നത്," എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ രൂക്ഷമായി പ്രതികരിച്ചത്. അയാളെ കാണുമ്പോൾ തന്നെ എനിക്ക് ക്ലോസ്ട്രോഫോബിക് വരുന്നുവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ പ്രതികരിച്ചത്. അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണിതെന്ന് മറ്റൊരു യാത്രക്കാരന്‍ എഴുതി.
15909 / 15910 അവധ് അസം എക്സ്പ്രസ് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സോണിൽ ഓടുന്ന അസമിലെ ദിബ്രുഗഢിനെയും രാജസ്ഥാനിലെ ബിക്കാനീറിലെ ലാൽഗഢ് ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന അവധ് അസം എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. ഇത്രയും ദീര്‍ഘമായ യാത്രയായതിനാല്‍ ട്രെയില്‍ ഒരിക്കല്‍ പോലും കൃത്യ സമയം പാലിക്കാറില്ല. ലോക്കൽ കോച്ചുകൾ വെട്ടിച്ചുരുക്കിയ റെയില്‍വേ സ്പീപ്പര്‍ റിസർവേഷന്‍ കോച്ചുകൾ വര്‍ദ്ധിപ്പിച്ചു. ഇതും സാധാരണക്കാരന് തിരിച്ചടിയായി. ദീപാവലി, ചാട്ട് പൂജകളുടെ ഭാഗമായി ബീഹാറില്‍ പുതുതായി 12,000 ട്രെയിനുകൾ ഓടിക്കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം എന്നിരിക്കെയാണ് സാധാരണക്കാര്‍ 24 മണിക്കൂറായി വെള്ളം പോലും കുടിക്കാതെ യാത്ര ചെയ്യേണ്ടിവരുന്നത്.


