Asianet News MalayalamAsianet News Malayalam

പകുതിക്ക് വച്ച് രണ്ടായി ഒടിഞ്ഞു, ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഡോക്ടർമാരും പറഞ്ഞു, തിരികെ വന്ന് യുവതി

അവൾ അതിജീവിച്ചത് ഒരു അത്ഭുതമായാണ് മെഡിക്കൽ ലോകം കാണുന്നത്. കോൾ ഇപ്പോൾ സന്തോഷവതിയാണ്. നഴ്‌സിംഗ് പഠനം പൂർത്തിയാക്കി അവളെ രക്ഷിച്ച പ്രെസ്റ്റൺ ആശുപതിയിലേയ്ക്ക് തന്നെ മടങ്ങണം എന്നതാണ് ഇപ്പോഴത്തെ അവളുടെ ആഗ്രഹം.

cut in half but woman miraculously survived
Author
England, First Published Aug 9, 2022, 3:01 PM IST

രംഗബോധമില്ലാത്ത കോമാളിയെന്നാണ് മരണത്തെ വിശേഷിപ്പിക്കുന്നത്. നമ്മുടെ ജീവിതത്തിലേയ്ക്ക് ഏത് നിമിഷവും അത് കടന്ന് വരാം. എന്നാൽ, അപൂർവ്വമായെങ്കിലും അതിന്റെ കൈപ്പിടിയിൽ നിന്ന് രക്ഷപ്പെടാൻ ഭാഗ്യം ലഭിച്ചവരുണ്ട്. അതിലൊരാളാണ് ഇംഗ്ലണ്ടിലെ ഫർണസിലുള്ള കോൾ ഓസ്റ്റിൻ. ഒരു അപകടത്തിൽ അവളുടെ ശരീരം രണ്ട് ഭാഗങ്ങളായി മുറിഞ്ഞു. മരണം ഉറപ്പിച്ച നിമിഷമായിരുന്നു അത്. ഇവൾ ജീവിക്കില്ലെന്ന് ഡോക്ടർമാർ അടക്കം എല്ലാവരും ഉറപ്പിച്ച് പറഞ്ഞു. എന്നാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് അവൾ തെളിയിച്ചു. അവൾ മരണത്തെ ജയിക്കുക മാത്രമല്ല, ഇന്ന് ഒരു സാധാരണ ജീവിതം നയിക്കുകയും ചെയ്യുന്നു.  

21 കാരിയായ കോൾ, റൈഡിൽ പോകുമ്പോൾ വഴുതി റൈഡിന്റെ യന്ത്രത്തിന്റെ ഇടയിലേക്ക് വീഴുകയായിരുന്നു. അവളുടെ ശരീരം പകുതിയ്ക്ക് വച്ച് രണ്ടായി ഒടിഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു അപകടം. അവളുടെ വലതു കാലിലും ഇടുപ്പിലും ഒന്നിലധികം ഒടിവുകൾ ഉണ്ടായി. അവളെ പെട്ടെന്ന് തന്നെ അടുത്തുള്ള റോയൽ പ്രെസ്റ്റൺ ഹോസ്പിറ്റൽ കൊണ്ട് പോയി. അവളുടെ നില കണ്ട് ഡോക്ടർമാർ പോലും പകച്ചു. വെറും ഇരുപത് വയസുള്ള അവൾ മരണത്തിനും ജീവിതത്തിനും ഇടയിൽ കിടന്ന് പിടഞ്ഞു. 22 ദിവസം കോമയിലായിരുന്നു. തുടർന്ന് ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയയായി. പ്രധാന ട്രോമ സെന്ററിൽ 90 ദിവസത്തോളം ചികിത്സ വേണ്ടി വന്നു. മരിക്കുമെന്നും, ഇനി അഥവാ ജീവിച്ചാൽ തന്നെ ഒരിക്കലും നടക്കില്ലെന്നും പ്രവചിച്ചവരെ ഞെട്ടിച്ചു കൊണ്ട് അവൾ തിരികെ വന്നു. സ്വന്തം ഇച്ഛാശക്തികൊണ്ട് അവൾ അതിജീവിച്ചു, തിരികെ ജീവിതത്തിലേയ്ക്ക് നടന്ന് കയറി. പിന്നീട് നഴ്‌സിംഗ് ബിരുദം പൂർത്തിയാക്കാൻ യൂണിവേഴ്സിറ്റിയിൽ തിരിച്ചെത്തുകയും ചെയ്തു.
 
എന്നാൽ സുഖപ്പെടാൻ എടുത്ത കാലം ശരിക്കും അവൾ അനുഭവിച്ചു. നാല് മാസമാണ് കിടന്ന കിടപ്പ് കിടന്നത്. ഒരു വ്യക്തിക്ക് സംഭവിക്കാവുന്ന ഏറ്റവും ഗുരുതരമായ ഇടുപ്പ് തകർച്ചയാണ് അവൾക്കുണ്ടായതെന്ന് റോയൽ പ്രെസ്റ്റണിലെ മേജർ ട്രോമ സർവീസ് മാനേജർ കാരെൻ ഹാവോർത്ത് പറഞ്ഞു. അതുകൊണ്ട് തന്നെ അവൾ അതിജീവിക്കുമെന്ന് താൻ കരുതിയില്ലെന്ന് കാരെൻ പറയുന്നു. അവൾ അതിജീവിച്ചത് ഒരു അത്ഭുതമായാണ് മെഡിക്കൽ ലോകം കാണുന്നത്. കോൾ ഇപ്പോൾ സന്തോഷവതിയാണ്. നഴ്‌സിംഗ് പഠനം പൂർത്തിയാക്കി അവളെ രക്ഷിച്ച പ്രെസ്റ്റൺ ആശുപതിയിലേയ്ക്ക് തന്നെ മടങ്ങണം എന്നതാണ് ഇപ്പോഴത്തെ അവളുടെ ആഗ്രഹം. ആശുപത്രിയും അവളെ ജോലിയ്ക്ക് എടുക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒരിക്കൽ എല്ലാം അവസാനിച്ചിടത്ത് നിന്ന് അവൾ വീണ്ടും ആരംഭിക്കുകയാണ്, കൂടുതൽ ആത്മവിശ്വാസത്തോടെ. 

Follow Us:
Download App:
  • android
  • ios