കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത് സ്കൂൾ പ്രിൻസിപ്പൽ തങ്ങളുടെ മകളുടെ മുഖത്ത് അടിച്ചുവെന്നും അതേ തുടർന്ന് മകൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കാഴ്ച നഷ്ടപ്പെടുകയും ആയിരുന്നുവെന്നാണ്.

അധ്യാപകന്റെ മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടതായി അമ്മ. ഉത്തർപ്രദേശിൽ നിന്നാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സ്കൂൾ പ്രിൻസിപ്പലിന്റെ മർദ്ദനമേറ്റ ഏഴ് വയസ്സുകാരിയുടെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടതായി ആരോപിക്കപ്പെടുന്നത്. ഒരുമാസം മുമ്പാണ് സംഭവം നടന്നത്, അന്നുമുതൽ കുട്ടി ചികിത്സയിലാണ്.

റിപ്പോർട്ടുകൾ പ്രകാരം കുട്ടിയെ ആദ്യം മൊറാദാബാദിലെ ആശുപത്രിയിൽ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, കുട്ടിയുടെ അവസ്ഥ ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റി. എന്നിരുന്നാലും എയിംസിൽ എത്തിയിട്ടും ചികിത്സ വൈകിക്കുന്നത് ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മ ജ്യോതി കശ്യപ് മൊറാദാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അനൂജ് സിങ്ങിനെ സമീപിച്ചു, മകളുടെ ചികിത്സ വേഗത്തിലാക്കാൻ ഇടപെടലും സഹായവും അഭ്യർത്ഥിച്ചു. മകളുടെ അവസ്ഥയ്ക്ക് ഉത്തരവാദിയായ സ്കൂൾ പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കണമെന്നും അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവരുടെ പരാതിയെ തുടർന്ന് മൊറാദാബാദ് ബേസിക് ശിക്ഷാ അധികാരി വിംലേഷ് കുമാർ സംഭവത്തെക്കുറിച്ച് ഔപചാരിക അന്വേഷണം ആരംഭിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, കുട്ടിക്ക് മുമ്പേ തന്നെ നേത്രരോഗം ഉണ്ടായിരുന്നുവെന്നും, മർദ്ദനമേറ്റതിന് ശേഷം അത് വഷളായതാകാമെന്നും ആണ് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നത്. വിശദമായ അന്വേഷണം നടന്നുവരികയാണ്. കുട്ടിയുടെ കണ്ണിൻറെ കാഴ്ച പെട്ടെന്ന് നഷ്ടപ്പെട്ടതിന് മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. 

എന്നാൽ, കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത് സ്കൂൾ പ്രിൻസിപ്പൽ തങ്ങളുടെ മകളുടെ മുഖത്ത് അടിച്ചുവെന്നും അതേ തുടർന്ന് മകൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് കാഴ്ച നഷ്ടപ്പെടുകയും ആയിരുന്നുവെന്നാണ്. കൂടാതെ മകളെ മർദ്ദിച്ചത് എന്തിനാണെന്ന് ചോദിക്കാൻ ചെന്ന തന്നെയും പ്രിൻസിപ്പൽ ആക്രമിച്ചതായാണ് ഇവർ പറയുന്നത്. സംഭവം വിവാദമായതോടെ വിഷയത്തിൽ അധികാരികളുടെ കൃത്യമായ ഇടപെടൽ വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യങ്ങൾ ശക്തമായിട്ടുണ്ട്.