ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വലിയതുമായ മാലിന്യക്കൂമ്പാരമാണ് മുംബൈയിലെ ഡിയോനാർ മാലിന്യ നിക്ഷേപകേന്ദ്രത്തിലേത്... 327 ഏക്കർ വീതിയിലും, ചില സ്ഥലങ്ങളിൽ 20 നില ഉയരത്തിലും അതങ്ങനെ നിലനില്‍ക്കുന്നു, മുംബൈയിലെ 20 ദശലക്ഷം നിവാസികളിൽ നിന്ന് പ്രതിദിനം 9,000 മെട്രിക് ടണ്ണിലധികം ചവറുകളാണ് ഇവിടെയെത്തുന്നത്. 

ഇതിനടുത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. ഈ മാലിന്യക്കൂമ്പാരത്തിലെ വിഷപദാര്‍ത്ഥങ്ങള്‍ ശ്വസിച്ച് ജീവിക്കുന്ന ഇവിടെയുള്ള ഭൂരിഭാഗം പേരും എന്തെങ്കിലും അസുഖത്തിന്‍റെ പിടിയിലാണ്. പോഷകാഹാരക്കുറവ്, തലകറക്കം തുടങ്ങിയവ ഇവരെ വലക്കുന്നു. ഇവരുടെ ആയുര്‍ദൈര്‍ഘ്യം തന്നെ നഗരത്തില്‍ താമസിക്കുന്നവരെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാല്‍, പോകാനോ, താമസിക്കാനോ മറ്റൊരിടവുമില്ലാത്ത പാവങ്ങളാണിവര്‍. ഇവരുടെ ജീവിതം ഈ മാലിന്യക്കൂമ്പാരവുമായി ബന്ധപ്പെട്ടുതന്നെയാണ്. മാലിന്യത്തില്‍ നിന്നും പുനരുപയോഗിക്കാവുന്നവ വേര്‍തിരിച്ചെടുക്കുകയും അവ റീസൈക്കിള്‍ കേന്ദ്രങ്ങളിലെത്തിക്കുകയും ചെയ്യുന്ന തൊഴിലാണ് മിക്കവരുമെടുക്കുന്നത്. മോശമല്ലാത്ത ഒരു വരുമാനവും അവര്‍ ഇതിലൂടെ നേടിയെടുക്കുന്നു. ഒന്നോര്‍ത്തുനോക്കൂ, പുനചംക്രമണം പോലും ചെയ്യുന്നില്ലെങ്കില്‍ നഗരത്തില്‍ നിന്നെത്തുന്ന മാലിന്യങ്ങളുടെ കൂമ്പാരം എത്ര ഉയരത്തിലായിരിക്കുമെന്ന്. എന്തിരുന്നാലും ഇങ്ങനെയൊക്കെ ചെയ്യുമ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി നില്‍ക്കുന്ന ഒരു ജനതയാണ് ഇവിടുത്തേത്. 

അതിനിടെയാണ് മൂന്ന് വലിയ തീപ്പിടിത്തങ്ങള്‍ക്ക് ഈ മാലിന്യക്കൂമ്പാരം സാക്ഷിയായത്. 2015 ജനുവരി, 2016 മാര്‍ച്ച്, 2018 മാര്‍ച്ച് എന്നിങ്ങനെയായിരുന്നു അത്. ഇതോടെ മൂവായിരത്തോളം ഇവിടെനിന്ന് ആക്രിപെറുക്കി ജീവിക്കുന്ന 3000 പേരുടെ ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ടു. കൂടാതെ, അവിടെ വലിയയൊരു ബാരിക്കേഡ് പണിയുകയും ഇവരുടെ അങ്ങോട്ടുള്ള പ്രവേശനം തടയുകയും ചെയ്തു. 

എന്നാല്‍, ഇവിടെ ചുറ്റിപ്പറ്റി ഒരു വലിയ ഗാര്‍ബേജ് മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നും ആരോപിക്കപ്പെടുന്നു. അവര്‍ക്ക് വേണ്ടിക്കൂടിയാണ് സ്വന്തം ജീവിതമാര്‍ഗ്ഗമായിരുന്ന ഇടത്തുനിന്നും തങ്ങളെ വിലക്കുന്നത് എന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. അവിടേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതോടെ സാധാരണക്കാരായ ഈ മനുഷ്യര്‍ പലപ്പോഴും വേലികള്‍ ചാടിയും മറ്റും അവിടേക്ക് ചെല്ലാറുണ്ട്. ജയിലിലായേക്കാവുന്ന കുറ്റമാണ് എന്ന് ബോധ്യമുണ്ടെങ്കിലും ജീവിക്കാനായി അവര്‍ അങ്ങനെതന്നെ ചെയ്യുന്നു. 

നിസ്സഹായതയാണ് പലപ്പോഴും ഇവരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യുന്നത്. അവരുടെ ജോലി ആക്രി പെറുക്കുക എന്നതായിരുന്നു... ആ മാലിന്യത്തെ ചുറ്റിപ്പറ്റിയായിരുന്നു അവരുടെ ജീവിതം. എന്നാല്‍ അങ്ങോട്ട് പ്രവേശനം നിഷേധിച്ചതോടെ ഇനിയെന്താവും എന്ന ആധിയിലാണവര്‍. പലരും അവിടെ സെക്യൂരിറ്റി ഗാര്‍ഡുകളും മറ്റുമായി ജോലി ചെയ്തവര്‍. ആധാര്‍ കാര്‍ഡിലെ അഡ്രസ് വരെ ഇതാണെന്നും ഞങ്ങളെങ്ങോട്ട് പോകുമെന്നുമാണ് അവര്‍ ചോദിക്കുന്നത്. കൃത്യമായി ഗൗസുകളടക്കമുള്ള സംരക്ഷണോപാധികളോടെ എന്തുകൊണ്ട് തങ്ങളെ പഴയ ജോലി ചെയ്യാന്‍ അനുവദിച്ചൂടാ എന്നും ഇവര്‍ ചോദിക്കുന്നു. 

എന്നാല്‍, മാലിന്യം തള്ളുന്നയിടത്തേക്ക് ഒരു റോഡ് പണിയുക, അത് മാലിന്യം അവിടെയെത്തിക്കുന്നത് എളുപ്പമാക്കും തുടങ്ങിയ ചര്‍ച്ചകളിലാണ് അധികൃതര്‍. നമുക്കും ഇവിടെ വിട്ടുപോകണമെന്നും ഇനി വരുന്ന തലമുറ നല്ല ജോലികളിലായിരിക്കണം എന്നും തന്നെയാണ് ആഗ്രഹമെന്ന് ഇവിടെയുള്ളവര്‍ പറയുന്നുണ്ട്. 'പക്ഷേ, കുട്ടികളെ പഠിക്കാന്‍ വിടാനുള്ള പണമില്ല. അതുപോലെ തന്നെ ഇവിടെനിന്നും പോകുന്ന യുവാക്കള്‍ക്ക് ആരും ജോലി കൊടുക്കുന്നില്ല. എല്ലാവരും അവരെ അകറ്റിനിര്‍ത്തുകയാണ്, ഇവിടെനിന്ന് വരുന്നവരാണ് എന്നതുകൊണ്ട് മാത്രം. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്? എങ്ങോട്ടാണ് പോകേണ്ടത്?' എന്നാണ് ഇവിടുത്തുകാര്‍ ചോദിക്കുന്നത്.