ദക്ഷിണ കൊറിയൻ പ്രസിഡന്റ് കാര്യാലയം പ്രതിനിധികൾ പറഞ്ഞത് വിശ്വസിച്ചാൽ ഉത്തര കൊറിയൻ സുപ്രീം ലീഡർ കിം ജോങ് ഉൻ ദക്ഷിണ കൊറിയയോട് നിരുപാധികം മാപ്പപേക്ഷ നടത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം, ദക്ഷിണ കൊറിയയുടെ ഒരു ഓഫീസറെ വെടിവെച്ചു കൊന്നുകളഞ്ഞ സംഭവം നടന്നിരുന്നു. കാണാതായ ദക്ഷിണ കൊറിയൻ ഒഫീഷ്യലിനെ, വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയാണുണ്ടായത്. 

മരിച്ചയാൾ തങ്ങളുടെ ഓഷ്യൻസ് ആൻഡ് ഫിഷറീസ് മിനിസ്ട്രിയുടെ ഓഫീസർ ആയിരുന്നു എന്നും, കടലിലൂടെ അയാൾ സഞ്ചരിച്ചുകൊണ്ടിരുന്ന ബോട്ട് അടക്കം കഴിഞ്ഞ ദിവസം കാണാതെ ആവുകയായിരുന്നു എന്നുമാണ് ദക്ഷിണ കൊറിയ ആദ്യം അറിയിച്ചത്. പിന്നീടാണ് അയാളെ ഉത്തരകൊറിയൻ കോസ്റ്റ് ഗാർഡ് വെടിവെച്ച് വീഴ്ത്തി, തീയിട്ടു എന്ന വിവരം പുറത്തുവന്നത്.

ഈ സംഭവം വളരെ നിർഭാഗ്യകരമായിപ്പോയി എന്നും, ഉത്തരകൊറിയൻ സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഇത്തരം ഒരു പ്രവൃത്തി ഉണ്ടാകാൻ പാടില്ലായിരുന്നു എന്നുമുള്ള കടുത്ത വിമർശനം ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നിന്റെ ഭാഗത്തുനിന്ന് വന്നതിന്റെ തൊട്ടു പിന്നാലെയാണ് കിം ജോങ് ഉന്നിന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു പ്രതികരണമുണ്ടായത് എന്ന് പറയപ്പെടുന്നു. 

ദക്ഷിണ കൊറിയയിൽ നിന്ന് കടൽ മാർഗം ഉത്തര കൊറിയയിലേക്ക് വന്നെത്തിയ ഒരു 47 കാരനാണ് ഉത്തര കൊറിയൻ ബോർഡർ പട്രോളിന്റെ വെടിയുണ്ടകൾക്ക് ഇരയായത്. ഇയാളുടെ ശരീരത്തിൽ പത്തോളം വെടിയുണ്ടകൾ ഏറ്റ മുറിവുകളുണ്ട്. ഇയാൾ സ്വന്തം ഐഡി കാർഡ് കാണിക്കാൻ വിസമ്മതിച്ചു എന്നും, സൈനികർ സമീപിക്കാൻ ശ്രമിച്ചപ്പോൾ താൻ  സഞ്ചരിച്ചിരുന്ന ബോട്ടിൽ രക്ഷപെടാൻ ശ്രമിച്ചു എന്നുമാണ് ഉത്തര കൊറിയൻ അധികാരികൾ പറയുന്നത്.  കൊവിഡ് രോഗഭീതി നിലവിലുള്ളതിനാൽ, കരയിലായാലും, കടലിൽ ആയാലും ശരി, അതിർത്തിക്ക് ഒരു കിലോമീറ്റർ അടുത്ത് ആരെ കണ്ടാലും വെടിവെച്ചു വീഴ്ത്താനാണ് കിം ജോങ് ഉന്നിന്റെ ഭാഗത്തു നിന്ന് ബോർഡർ പട്രോളിനു കിട്ടിയിട്ടുള്ള കർശന ഉത്തരവ്. ആ കുഞ്ഞു ബോട്ടിനടുത്ത് ചോര മാത്രം കണ്ടതുകൊണ്ട്, അനക്കമൊന്നും കാണാഞ്ഞതുകൊണ്ട് അയാൾ മരിച്ചു എന്നുതന്നെ കോസ്റ്റ് ഗാർഡ് അനുമാനിച്ചു. പിന്നീട്, കൊവിഡ് സാഹചര്യം പരിഗണിച്ച്, തങ്ങൾ വെടിവെച്ചുവീഴ്ത്തിയ വ്യക്തി സഞ്ചരിച്ചിരുന്ന ബോട്ടടക്കം ഉൾക്കടലിൽ വെച്ചുതന്നെ തീയിട്ടു നശിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട് ഉത്തരകൊറിയൻ കോസ്റ്റ് ഗാർഡ്. 

കടൽ മാർഗമുണ്ടായ ഒരു നുഴഞ്ഞുകയറ്റത്തോട് പ്രതികരിക്കുക മാത്രമാണ് തന്റെ കോസ്റ്റ് ഗാർഡ് ചെയ്തത് എന്നും, എന്തായാലും ഈ സംഭവം നടക്കാൻ പാടില്ലായിരുന്നു എന്നും, ഇതിന്റെ പേരിൽ ക്ഷമാപണം നടത്തുന്നു എന്നാണ് കിം ജോങ് ഉൻ, മൂൺ ജെ ഇന്നിന് അയച്ച കത്തിൽ പറഞ്ഞത്. ഇനിയും ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടാകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്നും കിം ജോങ് ഉൻ പറഞ്ഞു.